തിരുവനന്തപുരം: ഇരുപത്തി മൂന്നാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക്  ഇന്ന് തിരിതെളിയും. വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും. മന്ത്രി എ കെ ബാലന്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍  ബംഗാളി സംവിധായകന്‍ ബുദ്ധദേവ്ദാസ് ഗുപ്ത മുഖ്യാതിഥിയാകും. നടിയും സംവിധായികയുമായ നന്ദിതാ ദാസ്, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ തുടങ്ങിയവര്‍ പങ്കെടുക്കും.  പ്രശസ്ത ഇറാനിയൻ സംവിധായകനും ജൂറി ചെയർമാനുമായി  മജീദ് മജീദിക്ക് ചടങ്ങില്‍ സമഗ്ര സംഭാവനക്കുള്ള പുരസ്ക്കാരം നൽകും.

സർക്കാർ സഹായമില്ലാതെ ചലച്ചിത്ര അക്കാദമി സ്വന്തമായി പണം കണ്ടെത്തി നടത്തുന്ന മേളയെന്ന പ്രത്യേകതയുണ്ട് ഇരുപത്തിമൂന്നാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക്. ചെലവ് ചുരുക്കിയുള്ള മേളയാണ്, പക്ഷെ പ്രമേയത്തിലും അവതരണത്തിലുമെല്ലാം വ്യത്യസ്തവും കാലിക പ്രസക്തവുമായ ചിത്രങ്ങളാണ്  ഇക്കുറിയെത്തുന്നത്. കാൻ ചലച്ചിത്രമേളയിൽ ഉദ്ഘാടന ചിത്രമായിരുന്ന ഇറാനിയൻ സംവിധായകൻ അഫ്ഗർ ഫർഹാദിയുടെ 'എവരിബഡി നോസ്'  ആണ് ഉദ്ഘാടന ചിത്രം. 

അമ്മയും രണ്ടു മക്കളും നടത്തുന്ന യാത്രയും അതിനിടെയിൽ അവിചാരിതമായി ഉണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയുടെ പ്രമേയം. മേളയുടെ എക്കാലത്തെയും പ്രിയ സംവിധായകനായ മാജിദ് മജീദിയുടെ സാന്നിധ്യം ഈ വർഷത്തെ പ്രത്യേകതയാണ്.  ബംഗാളി സംവിധായകന്‍ ബുദ്ധദേവ് ദാസ് ഗുപ്തയാണ് ചലച്ചിത്രമേളയിലെ മുഖ്യാതിഥി. ആദ്യ ദിനം 34 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. 13 തിയറ്ററുകളിലായി 9000 സീറ്റുകളാണുള്ളത്. 72 രാജ്യങ്ങളില്‍നിന്നായി 164 ചിത്രങ്ങള്‍ പ്രദർശനത്തിനെത്തുന്നുണ്ട്. രണ്ട് മലയാള ചിത്രങ്ങളും മത്സരവിഭാഗത്തിലുണ്ട്. ഈ മാസം 13നാണ് മേള സമാപിക്കുന്നത്.