നിശബ്‍ദമായി വിങ്ങിപ്പൊട്ടുന്ന ഒരു അനുഭവം. യാഥാര്‍ഥ്യവും ഫാന്റസിയും ഇടകലരുന്ന സിനിമാക്കാഴ്‍ച. പലവിധ അടരുകള്‍ക്കടിയിലായി കലാപത്തിന്റെയും  യുദ്ധത്തിന്റെയും രൂക്ഷതകളുടെയും കെടുതികളുടെയും അടക്കിപ്പറച്ചില്‍. സിനിമക്കാഴ്ച കഴിഞ്ഞിറങ്ങുന്നവരുടെ ആലോചനകളി‍ല്‍ അവ ചര്‍ച്ച ചെയ്യപ്പെടാൻ വിടുന്ന ആഖ്യാനം- അതൊക്കെയാണ് ദ സൈലൻസ്‍ എന്ന ബ്രസീലിയൻ ചിത്രം. ഇന്ത്യൻ സിനിമാലോകം സ്വപ്നം കാണുന്ന ബ്രസീലിയൻ അഭിനേതാക്കളുടെ കഥ പറഞ്ഞ ബോളിവുഡ് ഡ്രീം ഒരുക്കിയ  ബിയാട്രീസ് സിഗ്നറുടെ രണ്ടാമത്തെ സിനിമയാണ് ദ സൈലൻസ്. ഫെസ്റ്റിവല്‍ പ്രേക്ഷകരെ കൃത്യമായി ഉന്നംപിടിച്ചുതന്നെയാണ് ബിയാട്രീസ് സിഗ്നര്‍ രണ്ടാമത്തെ ചിത്രം ഒരുക്കിയിരിക്കുന്നത്.

കൊളംബിയയുടെ രൂക്ഷമായ കലാപത്തിന്റെ പശ്ചാത്തലത്തിലാണ് ദ സൈലൻസ് ഒരുങ്ങിയിരിക്കുന്നത്. ബ്രസീല്‍, കൊളംബിയ, പെറു രാജ്യങ്ങളുടെ അതിര്‍ത്തിയിലെ ആമസോണ്‍  മഴക്കാടുകള്‍ക്ക് നടുവിലെ ദ്വീപിലാണ് സംവിധായിക സിനിമ അവതരിപ്പിക്കുന്നത്. മരിച്ചിട്ടും വിട്ടുപോകാത്ത ആത്മാക്കളുടെയും ഇടമാണ് അവിടം. യാഥാര്‍ഥ്യവും ഫാന്റസിയും ഇടകലര്‍ത്തുന്ന ആഖ്യാനത്തിന് അടിത്തറയിടുന്നതാണ് പ്രദേശം. കൊളംബിയയിലെ സായുധ കലാപത്തില്‍ നിന്ന് രക്ഷ നേടി ആംപറോ മക്കളായ നൂറിയയും ഫാബിയോയ്ക്കും ഒപ്പം  ദ്വീപിലേക്ക് എത്തുകയാണ്. നീ ജീവിച്ചിരിപ്പുണ്ടെന്ന് കരുതിയില്ലെന്ന് മകളോട് ആംപറോ ആദ്യ രംഗത്തില്‍ തന്നെ ചോദിക്കുന്നുണ്ട്. ആ ചോദ്യത്തിന്റെ തുടര്‍ച്ചയാണ് മരിച്ചവരാണോ ജീവിച്ചവരാണോ ആ ദ്വീപിലുള്ളവരെന്നുള്ള മായാഭ്രമവും. മകളെയും ഭര്‍ത്താവിനെയും കാണാതായിയെന്ന് ആംപറോ വ്യക്തമാക്കുന്നുണ്ട്. പക്ഷേ, ആദ്യ രംഗത്ത് തന്നെ മകള്‍ ഒപ്പമുണ്ട്. ദ്വീപിലെ, ആംപറയുടെ പുതിയ താമസസ്ഥലത്ത് ഭര്‍ത്താവും പിന്നീട് എത്തുന്നുമുണ്ട്.

സിനിമയുടെ പേര് പോലെ തന്നെ നിശബ്‍ദമാണ് മകള്‍ നൂറിയ. കൊളംബിയിയലെ സായുധ കലാപത്തിന്റെ രൂക്ഷതകള്‍ മുഴുവൻ നൂറിയയുടെ മൌനത്തില്‍ ഒളിപ്പിക്കുകയാണ് സംവിധായിക. ഒരേയൊരിടത്തു മാത്രമാണ് നൂറിയ സംസാരിക്കുന്നത്. പകരം വീട്ടാനുള്ള യുദ്ധമോ, അതോ സമാധാനമോ ഇനി വേണ്ടത് എന്ന് ചര്‍ച്ച ചെയ്യുന്നിടത്താണ് നൂറ സംസാരിക്കുന്നതും.  മരണപ്പെട്ടവര്‍ക്കും ഇരയായി ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നവരും അവരവരുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുകയാണ്. കൊല്ലുന്നത് ആരായാലും അതിനു നിയോഗിക്കപ്പെടുന്നതും ഇരയാകുന്നതും പാവപ്പെട്ടവരുടെ മക്കള്‍ മാത്രമാണെന്ന് പറയുന്നു. കലാപം സൃഷ്‍ടിക്കുന്ന ദുരിതങ്ങളും അതിജീവനവുമെല്ലാം ദേശ, കാല വ്യത്യാസമില്ലാതെ ലോകത്ത് എല്ലായിടത്തും ഒരുപോലെയാണെന്ന് സമര്‍ഥിക്കുകയാണ് സംവിധായിക. പക്ഷേ,  കലാപത്തിന്റെ പശ്ചാത്തലമാണ് സിനിമയെങ്കിലും അതിന്റെ രാഷ്‍ട്രീയ വിശകലനങ്ങളിലേക്കോ തുറന്ന ചര്‍ച്ചകളിലേക്കോ അല്ല  ബിയാട്രീസ് സിഗ്നര്‍ പ്രേക്ഷകനെ ക്ഷണിക്കുന്നത്. സിനിമ ഒരു വൈകാരികാനുഭവമാക്കി ഉള്ളില്‍ സ്വയം ചര്‍ച്ച ചെയ്യാനാണ് സംവിധായിക ആവശ്യപ്പെടുന്നതെന്ന് വ്യക്തം.

സൈലൻസിനെ മനസ്സില്‍ തങ്ങിനില്‍ക്കുന്ന കാഴ്‍ചാനുഭവമാക്കുന്നതില്‍ മുഖ്യപങ്ക് ലോക്കേഷനും അത് പകര്‍ത്തിയ ക്യാമറക്കണ്ണിനുമുണ്ട്. വെള്ളപ്പൊക്കബാധിത പ്രദേശമായ അവിടത്തെ  വീടുകളുടെ നിര്‍മ്മിതിയും ആ ദ്വീപിന്റെ  നിഗൂഢതയും പല രംഗങ്ങളില്‍ കൃത്യമായി വിനിമയം ചെയ്യുന്നുണ്ട്, സോഫിയ ഒഗിയോനിയുടെ ക്യാമറ. രാത്രിക്കാഴ്‍ചയില്‍ തുടങ്ങുന്ന ചിത്രത്തില്‍ നിറങ്ങളും പ്രതീകാത്മകമായിട്ടാണ് ഉപയോഗിച്ചിരിക്കുന്നത്. മരിച്ചവരുടെ മുഖത്ത് അവസാനരംഗത്ത് ഫ്ലൂറസെന്റ് നിറങ്ങളാണ് തെളിയുന്നതെന്നതു തന്നെ സിനിമയുടെ മൊത്തം സ്വഭാവം അടയാളപ്പെടുത്തുന്നു.

അതിമനോഹരമെങ്കിലും കൊളുത്തിവലിക്കുന്നതുമായ ഒരു രാത്രിക്കാഴ്ചയിലാണ് സിനിമ അവസാനിക്കുന്നതും. ഭര്‍ത്താവ് മരിച്ചെന്ന് ആംപറോയ്‍ക്ക് അധികൃതരില്‍ നിന്ന് വിവരം ലഭിക്കുന്നു. ഭര്‍ത്താവിന്റെയും മറ്റുള്ളവരുടെയും മൃതദേഹങ്ങള്‍ സംസ്ക്കരിക്കാൻ ആംപറോയും കൂട്ടരും വള്ളത്തില്‍ യാത്രതിരിക്കുകയാണ്. പരേതാത്മാക്കളും ജീവിക്കുന്നവരുമെല്ലാം അതില്‍ പങ്കാളിയാകുന്നു. റാന്തലിന്റെ മാത്രം വെളിച്ചത്തില്‍ നിരവധി തോണികളില്‍ ആണ് അവര്‍ വരിവരിയായി അവിടേയ്ക്ക് എത്തുന്നത്. ഉച്ചസ്ഥായിലേക്ക് കയറുന്ന തദ്ദേശീയമായ ഒരു ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമ അവസാനിക്കുന്നത്.