സ്വര്‍ഗമെന്നാണ് മഞ്ഞില്‍ വിരിഞ്ഞ പൂക്കളുള്ള കശ്‌മീര്‍ താഴ്‌വരകള്‍ വിളിക്കപ്പെടുന്നത്. എന്നാല്‍ പുറംകാഴ്‌ച്ചയില്‍ നിറം വിതറുന്ന ഈ കശ്‌മീരിനുള്ളില്‍ വെന്ത് നീറുന്നൊരു ലോകമുണ്ട്‍. നൊന്ത് പിടയുന്ന മനുഷ്യരുടെ തോരാത്ത കണ്ണീരിന് ആരോ നല്‍കിയ കേവലം ഒരുപമയാകണം സ്വര്‍ഗമെന്ന വിശേഷണം. അവിടെ നാം അധികം ശ്രദ്ധിക്കാത്ത ഒരു വിഭാഗമാണ് 'അര്‍ദ്ധവിധവകള്‍'(Half Widows)‍. ഡാനിഷ് റെന്‍സു സംവിധാനം ചെയ്ത ഹാഫ് വിഡോ(Half Widow) ആണ് മുന്‍പ് ഈ വിഷയം ചര്‍ച്ച ചെയ്ത സിനിമ.

ഭരണകൂടവും തീവ്രവാദികളും ചതുരംഗക്കളി നടത്തുന്ന കശ്‌മീരിലെ പെണ്‍ജീവിതങ്ങളുടെ അതിജീവന കഥ തന്നെയാണ് പ്രവീണ്‍ മോര്‍ച്ചാലേ സംവിധാനം ചെയ്ത 'വിഡോ ഓഫ് സൈലന്‍ഡ്'. കശ്‌മീരില്‍ ഒളിഞ്ഞും തെളിഞ്ഞും നിരന്തരം ആക്രമിക്കപ്പെടുന്ന ജീവിതങ്ങളുടെ നേര്‍ക്കാഴ്‌ച്ച. കാണാതാവുന്ന ഭര്‍ത്താക്കന്‍മാരാല്‍ വിധവയാക്കപ്പെട്ടുന്ന കശ്‌മീരി ഭാര്യമാരുടെ കഥയാണിത്. മരിച്ചോ അതോ ജീവിച്ചിരിപ്പുണ്ടോ എന്നറിയാതെ അവര്‍ക്കായി കാത്തിരിക്കുന്നവരുടെ ദൈന്യതയിലേക്ക് ക്യാമറ തിരിച്ചുവച്ചിരിക്കുകയാണ് പ്രവീണ്‍ മോര്‍ച്ചാലേ.

കശ്‌മീരില്‍ ജീവിക്കുന്ന അര്‍ദ്ധ വിധവയായ ഒരു യുവതിയിലൂടെയാണ് വിഡോ ഓഫ് സൈലന്‍സ് കഥ പറയുന്നത്. ഭര്‍തൃമാതാവിനും 11 വയസായ മകള്‍ക്കുമൊപ്പമാണ് അവര്‍ കഴിയുന്നത്. ഏഴ് വര്‍ഷം മുന്‍പ് കാണാതായ തന്‍റെ ഭര്‍ത്താവിന്‍റെ മരണ സര്‍ട്ടിഫിക്കറ്റിനായി നെട്ടോട്ടമോടുകയാണ് യുവതി. ഭര്‍ത്താവ് മരിച്ച വിധവകള്‍ക്ക് ധനസഹായവും പെന്‍ഷനും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. എന്നാല്‍ ഈ അവസരം മുതലാക്കി ബ്യൂറോക്രസിയുടെ കോമ്പല്ലുകള്‍ അവളുള്‍പ്പെടുന്ന സമൂഹത്തെ കാര്‍ന്നുതിന്നാനാണ് ശ്രമിക്കുന്നത്.

രജിസ്‌ട്രാറുടെ ഓഫീസ് കയറിയിറങ്ങി അവള്‍ മടത്തു. ഒന്നെങ്കില്‍ അവളുടെ സ്ഥലം, അല്ലെങ്കില്‍ ശരീരം വേണം എന്നാണ് രജിസ്‌‌ട്രാറുടെ നിലപാട്. എന്നാല്‍ അയാള്‍ക്ക് കീഴടങ്ങാതെ തലയുയര്‍ത്തിപ്പിച്ച് ഓരോ തവണയും ആ ഓഫീസില്‍ നിന്ന് അവള്‍ ഇറങ്ങിപ്പോകും. എന്നാല്‍ ഇതിനിടയില്‍ ഭര്‍തൃമാതാവ് മരിക്കുന്നു. കുടുംബത്തിന്‍റെ ഏക വരുമാനമാര്‍ഗമായ ജോലിയും നഷ്ടപ്പെടുന്നതോടെ കൂടുതല്‍ പ്രതിസന്ധിയിലാകുന്നു. പിന്നീടവര്‍ക്ക് മുന്നിലുള്ള ഏക വഴി പ്രതികാരത്തിന്‍റെ വഴി തെരഞ്ഞെടുക്കുകയാണ്.

ഇതേസമയം പതിനൊന്ന് വയസ് മാത്രമുള്ള മകളും ആക്രമിക്കപ്പെടുന്നുണ്ട്. സ്‌കൂളില്‍ സഹപാഠികള്‍ക്ക് അറിയേണ്ടത് അവളുടെ പിതാവാരെന്നാണ്. നിരന്തരമുയരുന്ന ചോദ്യങ്ങള്‍ സഹിക്കവയ്യാതെ സുഹൃത്തുക്കളെ ആക്രമിക്കാന്‍ അവള്‍ മുതിരുന്നു. അവള്‍ക്കും മറ്റൊരു മാര്‍ഗമില്ലായിരുന്നു. ഈ അവിചാരിത സംഭവങ്ങള്‍ക്കിടയിലും ആര്‍ജ്ജവത്തോടെ നിലകൊള്ളുകയാണ് ഈ യുവതി. പാതി വിധവയാക്കപ്പെട്ട് കണ്ണീരും പ്രഹസനവും കുടിച്ച് ജീവിക്കേണ്ടി വരുന്നു സ്‌ത്രീകളുടെ പ്രതിനിധിയാകുന്നു അവള്‍. കാണാതായവരാരും തിരിച്ചുവന്നിട്ടില്ലെന്ന് പലരും പറയുമ്പോഴും അവള്‍ പ്രതീക്ഷയിലാണ്.

ഇതിനിടയില്‍ നിഷ്‌കളങ്കരായ കുറച്ച് കഥാപാത്രങ്ങളെയും സിനിമ പ്രേക്ഷകന് ചൂണ്ടിക്കാട്ടുന്നുണ്ട്. അതിലൊന്ന് ആ നാട്ടിലെ ടാക്‌സി ഡ്രൈവറാണ്. അയാളുടെ യാത്രയുടെ പാരലല്‍ നരേറ്റീവില്‍ കൂടിയാണ് കഥ പറച്ചില്‍. കവിത്വം തുളുമ്പുന്ന വാക്കുകളുമായി സരസമായി എല്ലാവരോടും സംസാരിക്കുന്നു അയാള്‍. സൈന്യത്തിന്‍റെ ചെക്ക് പോസ്റ്റിലെ പരിശോധയ്ക്കിടെ അയാള്‍ പറയുന്ന ഒരു വാക്യമിതാണ്. 'നമ്മളേക്കാള്‍ നമ്മുടെ ഫോട്ടോയ്ക്കാണ് പ്രധാന്യം'. തിരിച്ചറിയല്‍ കാര്‍ഡ് കൊണ്ടുമാത്രം വീടിന് പുറത്തിറങ്ങാനാകുന്ന കശ്‌മീര്‍ ജീവിതത്തിന്‍റെ നിലവിളിയാണ് ഈ വാക്കുകള്‍.   

വെടിവെപ്പും തീവ്രവാദി ആക്രമണങ്ങളും മരണങ്ങളും മാത്രം കേള്‍ക്കുന്ന റേഡിയോ വാര്‍ത്തകളുടെ ആവര്‍ത്തനം പോലും വിരസമായിക്കഴിഞ്ഞെന്ന് അയാള്‍ പറയുന്നുണ്ട്. ഇവിടെ പക്ഷികള്‍ പോലും സംശയനിഴലിലാണെന്നും അയാള്‍ പറഞ്ഞുവെക്കുന്നു. ഇത്രത്തോളം രാഷ്‍ട്രീയവും ജീവിതഗന്ധിയുമായാണ് സംവിധായകന്‍ കശ്‌മീരിനെ അവതരിപ്പിക്കുന്നത്. മഞ്ഞില്‍ മറഞ്ഞുകിടക്കുന്ന സത്യങ്ങളും കണ്ണീര്‍ പൊഴിയുന്ന മാനവുമാണ് കശ്‌മീരിന്‍റെ യഥാര്‍ത്ഥ മുഖം എന്ന് കാട്ടുന്നു. തികച്ചും മനുഷ്യപക്ഷത്ത് നിന്ന് അര്‍ദ്ധ വിധവകളുടെ പ്രശ്‌നങ്ങളെ നോക്കിക്കാണുകയാണ് ചിത്രം.

യുവതിയായി വേഷമിട്ട അഭിനേത്രി ശില്‍പി മാര്‍വയും ടാക്‌സി ഡ്രൈവറായി വേഷമിട്ട ബിലാല്‍ അഹമ്മദും മത്സരച്ച് അഭിനയിച്ചു. നവാസുദീന്‍ സിദിഖിയുടെ മാനറിസങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട് ബിലാല്‍ അഹമ്മദ്. ടി വിചന്ദ്രന്‍റെ ഭൂമിയുടെ അവകാശിയിലൂടെ വിസ്‌മയിപ്പിച്ച ശില്‍പ മാര്‍വ കഥാപാത്രത്തെ അതിന്‍റെ വിശാലതയിലേക്കും സൂക്ഷമതകളിലേക്കും കൂട്ടിക്കൊണ്ടുപോകുകയാണ്. ഇരുത്തംവന്ന നടിയുടെ എല്ലാ ലക്ഷണങ്ങളും കഥാപാത്രത്തില്‍ പ്രകടം. പതിനൊന്നുവയസുകാരിയായ മകളായി വേഷമിട്ട നൂര്‍ജഹാന്‍ നിഷകളങ്കത കൊണ്ട് ഹൃദയം കീഴടക്കിയപ്പോള്‍ രജിസ്‌‌ട്രാറായെത്തിയ അജയ് ചൗരിയുടെ ക്രൂരത ഉള്ളില്‍ തറയ്ക്കുന്നുണ്ട്.

സാങ്കേതികമായും ഉന്നതിയില്‍ സിനിമയൊരുക്കാന്‍ സംവിധായകനായിട്ടുണ്ട്. എവിടെ ക്യാമറ വെച്ചാലും ഫ്രയിമുകള്‍ സുന്ദരമായ കശ്‌മീരില്‍ പതിവ് രീതികളില്‍ നിന്ന് മാറിനടക്കുകയാണ് ഛായാഗ്രാഹകന്‍ മുഹമ്മദ് റസ. ഏരിയല്‍ ഷോട്ടുകളും ക്യാമറാ ചലനങ്ങളും പരമാവധി ഒഴിവാക്കി വൈഡ് ഷോട്ടുകളില്‍ ക്യാമറയെ നിശ്ചലമാക്കി നിര്‍ത്തുകയാണ് റസ. എല്ലാത്തിനും മുകസാക്ഷിയാവുകയാണ് ക്യാമറ, ശില്‍പ മാര്‍വയുടെ കഥാപാത്രത്തിന് പുറമെ രണ്ടാം പ്രൊട്ടഗോണിസ്റ്റായി ക്യാമറയെ അവതരിപ്പിക്കുന്നു. ഈ നിശ്‌ചല ഭാവമാണ് ഫ്രയിമുകളെ സൗന്ദര്യമാക്കുന്നത്.

ടാക്‌സിയുടെ ഓരോ യാത്രകളും ഒപ്പിയെടുത്ത് ഒരു റോഡ് മൂവിയുടെ ഗരിമ നല്‍കാനും ശ്രമം നടന്നിട്ടുണ്ട്. അവിടെയും നിശ്‌ചലഭാവം കൈവിട്ടിട്ടില്ല. ശബ്ദവിന്യാസത്തിനും ഇതേ നിശംബ്‌ദത പ്രതിഷ്‌ഠിച്ചാണ് കഥ പറച്ചില്‍. ഇതേ താളം ആന്‍റണി ജോസഫിന്‍റെ എഡിറ്റിംഗിലും പ്രകടമായി കാണാം. എന്നാല്‍ യാതൊരു വലിച്ചിലുകളുമില്ലാതെ താളാത്മകമായി അവതിപ്പിച്ച് പ്രവീണ്‍ മോര്‍ച്ചാലേ കയ്യടിവാങ്ങുന്നു. കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ മത്സരവിഭാഗത്തിലേക്കുള്ള തെരഞ്ഞെടുപ്പ് ശരിവെക്കുന്നു 85 മിനുറ്റ് ദൈര്‍ഘ്യമുള്ള  സിനിമ.