തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയുടെ ജൂറി അധ്യക്ഷനും ഇത്തവണത്തെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാര ജേതാവുമായ വിഖ്യാത സംവിധായകൻ മജീദ് മജീദി കേരളത്തിലെത്തി. രാവിലെ എട്ടരയോടെയാണ് മജീദി കുടുംബ സമേതം തിരുവനന്തപുരത്തെത്തിയത്.

പ്രളയാനന്തരം നടത്തുന്ന അതിജീവനത്തിന്‍റെ മേളയുടെ ഭാഗമാവുന്നതിൽ സന്തോഷമെന്നാണ് മജീദ് മജീദിയുടെ ആദ്യ പ്രതികരണം. കളർ ഓഫ് പാരഡൈസും ചിൽഡ്രൻ ഓഫ് ഹെവനുമടക്കം ക്ലാസിക്കുകൾ സമ്മാനിച്ച സംവിധായകൻ കാത്തിരിപ്പിനൊടുവിൽ കേരളത്തിലെത്തിരിക്കുകയാണ്.

2013ൽ മേളയ്ക്കയായി എത്തിയ കിംകി ഡുക്കിന് നൽകിയത് പോലെ വലിയ വരവേൽപ്പ് മജീദ് മജീദിക്ക് വേദികളിൽ നൽകാൻ കാത്തിരിക്കുകയാണ് ഡെലിഗേറ്റുകള്‍. മസ്കറ്റ് ഹോട്ടലിൽ വിശ്രമിച്ച ശേഷം വൈകീട്ട് നിശാഗന്ധിയിൽ ഉദ്ഘാടന ചടങ്ങുകൾക്കായി പോവും. നാളെയാണ് മത്സര ചിത്രങ്ങളുടെ പ്രദർശനം തുടങ്ങുന്നത്.