Asianet News MalayalamAsianet News Malayalam

24 മണിക്കൂറില്‍ ഞെട്ടി ഇന്ത്യ, നിസാമുദ്ദീൻ കടുത്ത വെല്ലുവിളി, 146 പേർക്ക് കൂടി കൊവിഡ്; രോഗബാധിതർ 1397 ആയി

തമിഴ്നാട്ടിൽ കൊവിഡ് 19 ബാധ സ്ഥിരീകരിച്ചവരിൽ 45 പേരും നിസാമുദ്ദീനിലെ പ്രാർത്ഥനാ ചടങ്ങളിൽ പങ്കെടുത്തവരാണ്. അഞ്ച് പേർ ഈ 45 പേരുമായി സമ്പർക്കം പുലർത്തിയവരാണ്

146 more covid case in India total rise to 1397
Author
Delhi, First Published Mar 31, 2020, 10:07 PM IST

ദില്ലി: രാജ്യത്ത് ഇന്ന് 146 പേർക്ക് കൂടി കൊവിഡ് 19 ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 1397 ആയി ഉയർന്നു. മഹാരാഷ്ട്രയിലും തമിഴ്‌നാട്ടിലുമാണ് ഇന്ന് ഏറ്റവും കൂടുതൽ രോഗബാധിതരെ കണ്ടെത്തിയത്. മഹാരാഷ്ട്രയിൽ 72 പേർക്കും തമിഴ്‌നാട്ടിൽ 50 പേർക്കും രോഗം സ്ഥിരീകരിച്ചപ്പോൾ തെലങ്കാനയിൽ 15 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

തമിഴ്നാട്ടിൽ കൊവിഡ് 19 ബാധ സ്ഥിരീകരിച്ചവരിൽ 45 പേരും നിസാമുദ്ദീനിലെ പ്രാർത്ഥനാ ചടങ്ങളിൽ പങ്കെടുത്തവരാണ്. അഞ്ച് പേർ ഈ 45 പേരുമായി സമ്പർക്കം പുലർത്തിയവരാണ്. കന്യാകുമാരി, ചെന്നൈ , തിരുനെൽവേലി ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ് എല്ലാവരും. തെലങ്കാനയിൽ ഇന്ന് രോഗം സ്ഥിരീകരിച്ച 15 പേരും നിസാമുദ്ദീനിലെ പ്രാർത്ഥനാ ചടങ്ങിൽ പങ്കെടുത്തവരാണ്.

മഹാരാഷ്ട്രയിലെ രോഗബാധിതരുടെ എണ്ണം 302 ആയി ഉയർന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 59 പേരും മുംബൈയിൽ നിന്നുള്ളവരാണ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർക്ക് ഒറ്റ ദിവസം രോഗം സ്ഥിരീകരിച്ചതും ഇന്നാണ്. ഇത്രയും അധികം കേസുകൾ ഒറ്റ ദിവസം ഒരു സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടതും ഇന്ത്യയിൽ ആദ്യമാണ്. അസമിലും ആദ്യ കൊവിഡ് 19 രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചത് 52 കാരനാണ്. ഇയാൾ സിൽച്ചർ മെഡിക്കൽ കോളേജിൽ ചികിത്സയിലെന്നാണ് സംസ്ഥാനത്തെ ആരോഗ്യ വകുപ്പ് നൽകുന്ന വിശദീകരണം

തമിഴ്നാട്ടിൽ നിന്ന് നിസാമുദ്ദീനിലെ പ്രാർത്ഥനയിൽ പങ്കെടുത്തവരിൽ കൊവിഡ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 71 ആയി. ഈറോഡിലും സേലത്തും ജാഗ്രതാ നിർദേശം നൽകി. സമ്മേളനത്തിൽ 1500 പേർ പങ്കെടുത്തതായി തമിഴ്നാട് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. 1130 പേർ തമിഴ് നാട്ടിൽ തിരിച്ചെത്തി. 515 പേരെയെ ബന്ധപ്പെടാൻ കഴിഞ്ഞിട്ടുള്ളൂ. മടങ്ങിയെത്തിവർ സർക്കാരുമായി ബന്ധപ്പൊൻ തയാറാകണമെന്നും ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടു. തിരുനെൽവേലിയിൽ അതീവ ജാഗ്രതാ നിർദേശം നൽകി. മേലപാളയം മേഖല സീൽ ചെയ്തു. അവശ്യ സർവീസുകൾക്ക് അടക്കം കടുത്ത നിയന്ത്രണം ഏർപ്പെടുത്തി. ഇന്ന് മാത്രം ഇവിടെ നിന്ന് 22 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

തെലങ്കാന, ആന്ധ്ര സംസ്ഥാനങ്ങളിൽ നിന്ന് സമ്മേളനത്തിന് എത്തിയത് 1909 പേരാണ്. മുംബൈയിലും ഈ സമ്മേളനത്തിൽ പങ്കെടുത്തയാൾ കൊവിഡ് ബാധിച്ച് മരിച്ചു. മാർച്ച് 23 ന് കസ്തൂർബാ ആശുപത്രിയിൽ മരിച്ച 68 കാരനായ ഫിലിപ്പൈൻ സ്വദേശിയാണ് ഇത്. ദില്ലിയിൽ നിന്ന് തിരിച്ചെത്തിയതിന് പിന്നാലെ രോഗലക്ഷണങ്ങൾ കണ്ട് ചികിത്സ തേടുകയായിരുന്നു.

കേരളത്തിൽ തിരുവനന്തപുരത്ത് നിന്ന് നിസാമുദ്ദീൻ സമ്മേളനത്തിന് പോയ 17 പേരെയും കൊല്ലത്ത് നിന്ന് പോയ എട്ട് പേരെയും പൊലീസ് തിരിച്ചറിഞ്ഞു. തിരുവനന്തപുരത്തെ ഒരാളെ നിരീക്ഷണ കേന്ദ്രത്തിൽ മാറ്റി. കൂടുതൽ പേരെ കണ്ടെത്താൻ ശ്രമം തുടരുകയാണ്. സ്പെഷ്യൽ ബ്രാഞ്ചാണ് അന്വേഷണം നടത്തുന്നത്. കൊല്ലം ജില്ലയിലെ എട്ട് പേരെ നിരീക്ഷണത്തിലാക്കി. ഓച്ചിറ, ചടയമംഗലം, മടത്തറ ഭാഗങ്ങളിലുള്ളവരാണ് ഇവർ.

മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയർന്നു. 72 പേർക്കാണ് ഇന്ന് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. അതേസമയം ദില്ലിയിലെ നിസാമുദ്ദീനിൽ നടന്ന മത സമ്മേളനത്തിൽ തെലങ്കാനയിൽ നിന്ന് 1030 പേർ പങ്കെടുത്തിരുന്നുവെന്നും കണ്ടെത്തി.

Follow Us:
Download App:
  • android
  • ios