ചെന്നൈ: ശങ്കര്‍ സംവിധാനം ചെയ്ത് കമൽഹാസന്‍ നായകനാകുന്ന ഇന്ത്യൻ 2 ഷൂട്ടിങ്ങ് ലൊക്കേഷനിൽ നടന്ന അപകടത്തില്‍ മരിച്ചതില്‍ രണ്ട് പേര്‍ സഹസംവിധായകര്‍, മറ്റൊരാള്‍ ഷൂങ്ങിംഗ് സഹായിയാണ്. സഹസംവിധായകരായ മധു , കൃഷ്ണ എന്നിവരാണ് മരിച്ചത്. ഷൂട്ടിംഗ് സെറ്റിലെ സഹായി ആയിരുന്ന ചന്ദ്രനും മരണപ്പെട്ടു. ശങ്കറും സഹസംവിധായകരും ഇരുന്ന ടെന്‍റിന് മുകളിലേക്കാണ് ക്രെയിൻ വീണത്. സംവിധായകന്‍ ശങ്കറിന്റെ കാലിന് സാരമായ പരിക്കേറ്റിട്ടുണ്ട്.

അപകട സമയത്ത് നടൻ കമൽഹാസൻ ലൊക്കേഷനിൽ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. പത്ത് പേർക്ക് സാരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍. ക്രെയിൻ ഉപയോഗിച്ച് നടത്തേണ്ട ഒരു സീനിന്‍റെ ചിത്രീകരണത്തിനായുള്ള തയ്യാറെടുപ്പിനിടെ ആണ് അപകടം ഉണ്ടായത്. ക്രെയിൻ മറിഞ്ഞ് വീണ് അതിനടിയിൽ പെട്ടാണ് മൂന്ന് പേർക്ക് ജീവൻ നഷ്ടമായത്.

കമല്‍ഹാസൻ-ശങ്കര്‍ കൂട്ട്കെട്ടില്‍ ഒരുങ്ങുന്ന 'ഇന്ത്യൻ 2' വിന്‍റെ ഷൂട്ടിംഗ് നേരത്തെ ബജറ്റ് സംബന്ധിച്ച് നിലനിന്നിരുന്ന അഭിപ്രായ ഭിന്നതമൂലം ഇടയ്ക്ക് വച്ച് നിന്ന് പോയിരുന്നു.

നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സുമായി സംവിധായകൻ ശങ്കര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഷൂട്ടിംഗ് പുനരാരംഭിച്ചത്. 1996ലാണ് കമല്‍ഹാസൻ-ശങ്കര്‍ ടീമിന്‍റെ ഇന്ത്യൻ തിയേറ്ററുകളിലെത്തിയത്. കമൽ ഹാസൻ ഇരട്ടവേഷത്തിൽ എത്തിയ ചിത്രം 1996-ലെ ഓസ്കർ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായിരുന്നു.