Asianet News MalayalamAsianet News Malayalam

'ക്യാമ്പസുകളിൽ ഇടത് അരാജകത്വം', മോദിക്ക് കത്തുമായി വലത് അനുകൂല അക്കാദമിക് വിദഗ്ധർ

ജെഎൻയു ക്യാമ്പസില്‍ ജനുവരി അഞ്ചിന് ഉണ്ടായ അക്രമത്തിന്റെ പശ്ചാത്തലത്തിലാണ് കത്ത്. വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ പേരിൽ വിനാശകരമായ ഇടതുപക്ഷ അജണ്ട പിന്തുടരുന്നതില്‍ ആശങ്കയുണ്ടെന്ന് കത്തില്‍ പറയുന്നു.

208 academicians write to pm modi against left wing anarchy in universities
Author
Delhi, First Published Jan 12, 2020, 7:19 PM IST

ദില്ലി: ക്യാമ്പസുകളില്‍ ഇടത് സംഘടനകള്‍ നടത്തുന്ന അതിക്രമങ്ങളില്‍ നടപടി ആവശ്യപ്പെട്ട് 208 വലത് അനുകൂല അക്കാദമിക് വിദഗ്ധർ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. വിവിധ സർവകലാശാലകളിലെ വൈസ് ചാൻസലർമാർ ഉള്‍പ്പടെ അക്കാദമിക് രംഗത്തെ പ്രമുഖരാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്. 

ജെഎൻയു ക്യാമ്പസില്‍ ജനുവരി അഞ്ചിന് ഉണ്ടായ അക്രമത്തിന്റെ പശ്ചാത്തലത്തിലാണ് കത്ത്. വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെ പേരിൽ വിനാശകരമായ ഇടതുപക്ഷ അജണ്ട പിന്തുടരുന്നതില്‍ ആശങ്ക ഉണ്ടെന്ന് കത്തില്‍ പറയുന്നു. ജെഎൻയു മുതല്‍ ജാമിയ വരെയുള്ള സര്‍വകലാശാലകളിൽ സമീപകാലത്തുണ്ടായ സംഭവങ്ങള്‍ അക്കാദമിക് അന്തരീക്ഷം വഷളാക്കുകയാണെന്നും കത്തില്‍ പറയുന്നുണ്ട്.

ഇതിനിടെ, ജെഎന്‍യു മുഖം മൂടി ധരിച്ചവര്‍ അഴിച്ചുവിട്ട അക്രമ സംഭവവുമായി ബന്ധപ്പെട്ട് യൂണിയന്‍ അധ്യക്ഷ ഐഷി ഘോഷ് ഉള്‍പ്പടെ ഒമ്പത് പേരോട് നാളെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ക്രൈംബ്രാഞ്ച് നിര്‍ദ്ദേശിച്ചു. മുഖം മൂടി ആക്രമണങ്ങളില്‍ പ്രതിചേര്‍ത്ത ഏഴ് ഇടത് വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തകരോടും രണ്ട് എബിവിപി പ്രവര്‍ത്തകരോടുമാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പെരിയാര്‍ ഹോസ്റ്റലില്‍ ആക്രമണം നടത്തിയ സംഘത്തിനൊപ്പം യൂണിയന്‍ അധ്യക്ഷ ഐഷി ഘോഷും ഉണ്ടെന്നാണ് പൊലീസ് കണ്ടെത്തല്‍.  

ഇതോടൊപ്പം ഇടത് സംഘടനയിലുള്ള വിദ്യാര്‍ഥികളെ ആക്രമിക്കുന്നതിന് നിര്‍ദ്ദേശം നല്‍കിയ യൂണിറ്റി എഗെന്‍സ്റ്റ് ലെഫ്റ്റ് വാട്സാപ് ഗ്രൂപ്പിലെ 37 പേര്‍ക്കും ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. അക്രമി സംഘത്തെ ക്യാമ്പസിലേക്ക് എത്തിച്ചതും ആക്രമണം നിയന്ത്രിച്ചതും രക്ഷപ്പെടാനുള്ള വഴിയൊരുക്കിയതും ഈ വാട്സാപ്പ് ഗ്രൂപ്പാണ്. ആക്രമണത്തിന് ഇരയായ വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തതില്‍ പ്രതിഷേധിച്ച് നാളെ രാവിലെ പതിനൊന്ന് മണിയ്ക്ക് വിദ്യാര്‍ത്ഥി യൂണിയന്‍, ദില്ലി പൊലീസ് ആസ്ഥാനത്തേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും. 

അതേസമയം, ശീതകാല സെമസ്റ്ററിനുള്ള രജിസ്ട്രേഷന്‍ ബുധനാഴ്ച വരെ നീട്ടി. രജിസ്ട്രേഷന്‍ നടപടികളുമായി സഹകരിക്കുന്ന കാര്യത്തില്‍  നാളെ തീരുമാനമെടുക്കുമെന്ന് യൂണിയന്‍ അറിയിച്ചു. ജെഎന്‍യുവില്‍ നാളെ ക്ലാസ് തുടങ്ങില്ലെന്ന് ജവഹർലാൽ നെഹ്‌റു സര്‍വകലാശാല അറിയിച്ചിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios