ദില്ലി: ഇറാനിലുള്ള 254 ഇന്ത്യൻ തീർത്ഥാടകര്‍ക്ക് കൊവിഡ് 19 ഫലം പോസീറ്റീവെന്ന് റിപ്പോര്‍ട്ട്. തീര്‍ത്ഥാടകരിൽ  850 പേരിൽ ഇരുനൂറോളം പേരെ നേരത്തെ തിരിച്ചെത്തിരുന്നു. ബാക്കിയുള്ളവരിൽ 254 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചെന്നാണ് റിപ്പോര്‍ട്ടുകൾ ഉള്ളത്. എന്നാല്‍, ഇക്കാര്യം ഇപ്പോള്‍ സ്ഥിരീകരിക്കാനാകില്ലെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ചില തീര്‍ത്ഥാടകര്‍ക്ക് രോഗബാധയുണ്ടെന്നും എത്ര പേര്‍ക്കെന്ന് ഇപ്പോൾ പറയാനാകില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

അതേസമയം, രാജ്യത്ത് കൊവിഡ് മരണം മൂന്നായി. കര്‍ണാടകത്തിനും ദില്ലിക്കും പിന്നാലെ മുംബയിലെ കസ്തൂര്‍ബാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന 64 കാരൻ കൂടി മരിച്ചതോടെ അതീവ ജാഗ്രതയിലാണ് രാജ്യം. മൂന്ന് ദിവസത്തിനുള്ളിൽ മഹാരാഷ്ട്രയിൽ രംഗം ബാധിച്ചവരുടെ എണ്ണം 40 കടന്നു. ദില്ലി അതിര്‍ത്തിയിലെ നോയിഡയിൽ രണ്ട് പേര്‍ക്കും ഗുഡ്ഗാവിൽ ഒരാൾക്കും ചാവ്ലയിലെ ഐടിബിപി ക്യാമ്പിൽ നിരീക്ഷണത്തിലായിരുന്ന രണ്ട് പേര്‍ക്കും കൂടി കൊവിഡ് സ്ഥിരീകരിച്ചു.

രാജ്യത്ത് ഇപ്പോഴത്തെ രണ്ടാംഘട്ടത്തിൽ നിന്നും മൂന്നാംഘട്ടത്തിലേക്ക് കൊവിഡ് കടന്നാൽ നിയന്ത്രിക്കാനാകാത്ത സാഹചര്യമുണ്ടാകും. അതിലേക്ക് എത്താതിരിക്കാൻ കൂടുതൽ കരുതൽ വേണമെന്ന് ഇന്ത്യൻ കൗണ്‍സിൽ ഫോര്‍ മെഡിക്കൽ റിസര്‍ച്ച് നിര്‍ദ്ദേശിച്ചു. പനിയോ, ചുമയോ, ജലദോഷം പോലുള്ള അസുഖങ്ങൾ ഉള്ളവര്‍ ഉടൻ തന്നെ ചികിത്സക്ക് വിധേയരാകണം. ആളുകൾ പരമാവധി വീടുകളിൽ തന്നെ തങ്ങാൻ ശ്രമിക്കണം. 

ഇതിനിടെ, കൂടുതല്‍ രാജ്യങ്ങളിലുള്ളവര്‍ക്ക് ഇന്ത്യ യാത്രാവിലക്ക് ഏര്‍പ്പെടുത്തി. അഫ്ഗാനിസ്ഥാന്‍, ഫിലിപ്പീന്‍സ്, മലേഷ്യ എന്നിവടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ, ബ്രിട്ടൻ, സ്വിറ്റസര്‍ലാന്‍റ്, തുര്‍ക്കി എന്നീ രാജ്യങ്ങളിൽ നിന്നുള്ളവര്‍ക്ക് യാത്രാനിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് നടപടി.

Also Read: കൂടുതല്‍ രാജ്യങ്ങളിലുള്ളവര്‍ക്ക് യാത്രാവിലക്കുമായി ഇന്ത്യ; കൊവിഡ് 19 ജാഗ്രത