Asianet News MalayalamAsianet News Malayalam

ഇൻഡോറിൽ ആരോഗ്യ പ്രവർത്തകരെ കല്ലെറിഞ്ഞ സംഭവം; ഏഴ് പേർ അറസ്റ്റിൽ

ഡോക്റ്റർമാർ, നഴ്സുമാർ ആശാവർക്കർമാർ എന്നിവരടങ്ങുന്ന സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. രണ്ട് വനിതാ ഡോക്ടർമാർക്ക് ആക്രമണത്തില്‍ പരിക്കേറ്റു. 

7 Arrested for assaulting health workers in indore
Author
Madhya Pradesh, First Published Apr 2, 2020, 10:34 PM IST

ദില്ലി: മധ്യപ്രദേശിലെ ഇന്‍ഡോറില്‍ കൊവിഡ് രോഗിയുടെ സമ്പർക്ക പട്ടിക തയ്യാറാക്കാനെത്തിയ ആരോഗ്യപ്രവർത്തകരെ ജനക്കൂട്ടം കല്ലെറിഞ്ഞോടിച്ചു. സംഭവത്തില്‍ ഏഴ് പേർ അറസ്റ്റിലായതായി പൊലീസ് അറിയിച്ചു. ആരോഗ്യപ്രവര്‍ത്തകരുമായി സഹകരിക്കണമെന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നിരന്തരം അഭ്യർത്ഥിക്കുന്നതിനിടെയാണ് കൈയേറ്റ ദൃശ്യങ്ങള്‍ പുറത്തു വന്നത്.

ഇന്‍ഡോറിലെ ടാട്പാട്ടി ഭഗാല്‍ പ്രദേശത്ത് വച്ച് ഇന്നലെയാണ് ജനക്കൂട്ടം ആരോഗ്യപ്രവർത്തകരെ ആക്രമിച്ചത്. ഡോക്റ്റർമാർ, നഴ്സുമാർ ആശാവർക്കർമാർ എന്നിവരടങ്ങുന്ന സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. രണ്ട് വനിതാ ഡോക്ടർമാർക്ക് ആക്രമണത്തില്‍ പരിക്കേറ്റു. പ്രദേശത്ത് രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരുടെ സമ്പർക്ക പട്ടിക തയ്യാറാക്കാനായി രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് ആരോഗ്യപ്രവർത്തകർ സ്ഥലത്തെത്തിയത്. ഇതില്‍ ഒരു സംഘത്തിന് നേരെ ജനങ്ങൾ സംഘടിതമായി ആക്രമണം അഴിച്ചുവിടുകയായിരുന്നു. 

മധ്യപ്രദേശില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലം കൂടിയാണ് ഇന്‍ഡോർ. മധ്യപ്രദേശിന് പുറമേ ഗുജറാത്ത്, മഹാരാഷ്ട്ര, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടയില്‍ ഡോകറ്റർമാർ അക്രമിക്കപ്പെട്ടതായുള്ള വാർത്തകൾ പുറത്തുവന്നു. രാജ്യത്ത് കൂടുതല്‍ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങളില്‍ നിന്നുണ്ടാകുന്ന നിസ്സഹകരണവും ആക്രമണങ്ങളും ആരോഗ്യപ്രവർത്തകർക്കിടയില്‍ ആശങ്കക്ക് കാരണമാകുന്നുണ്ട്.

Follow Us:
Download App:
  • android
  • ios