Asianet News MalayalamAsianet News Malayalam

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി തെലങ്കാനയില്‍ മന്ത്രിമാരുടെ രാമനവമി ആഘോഷം

അതേ സമയം കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ ലംഘിച്ച് ബംഗാളില്‍ രാമനവമി ആഘോഷങ്ങള്‍ നടന്നു. 

Amid COVID 19 Lockdown 2 Telangana Ministers Celebrate Ram Navmi
Author
Hyderabad, First Published Apr 3, 2020, 8:28 AM IST

ഹൈദരാബാദ്: കൊവിഡ് 19 നെ തുടര്‍ന്ന് രാജ്യം മുഴുവന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കെ രാമനവമിയോടനുബന്ധിച്ചുള്ള റാലിയില്‍ പങ്കെടുത്ത് തെലങ്കാന മന്ത്രിമാര്‍. നിയമ-പരിസ്ഥിതികാര്യ മന്ത്രി അല്ലോല ഇന്ദ്രാകരണ്‍ റെഡ്ഢി, ഗതാഗത മന്ത്രി പുവ്വഡ അജയകുമാര്‍ എന്നിവരാണ് തലയില്‍ കുംഭമെടുത്ത് ശ്രീ സീതാ രാമചന്ദ്രസ്വാമി ക്ഷേത്രത്തിലെ രാമനവമി ആഘോഷത്തില്‍ പങ്കെടുത്തത്.

സംസ്ഥാനത്താകെ ഇതുവരെ 127 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. തബ് ലീഗി ജമാ അത്ത് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതോടെ സംസ്ഥാനം കടുത്ത ജാഗ്രതയിലാണ്.  അതേസമയം പോലീസെത്തി ആളുകളെ പിരിച്ചുവിടാന്‍ തുടങ്ങിയിട്ടുണ്ട്. ക്ഷേത്രങ്ങളില്‍ ഇന്ന് പൂജ നടക്കുന്നുണ്ടെങ്കിലും തീര്‍ത്ഥാടകര്‍ക്കായി തുറന്നുകൊടുത്തിരുന്നില്ല. ഇതോടെ ഗേറ്റിന് പുറത്ത് തീര്‍ത്ഥാടകര്‍ കൂട്ടം കൂടി നില്‍ക്കുകയായിരുന്നു. അതേസമയം പോലീസുകാര്‍ക്കെതിരെ ആള്‍ക്കൂട്ടം ആക്രമണം നടത്തിയതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ട് പോലീസുകാര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

അതേ സമയം കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ ലംഘിച്ച് ബംഗാളില്‍ രാമനവമി ആഘോഷങ്ങള്‍ നടന്നു. സംസ്ഥാനത്ത് വിവിധയിടങ്ങളിലായി നടന്ന ആഘോഷങ്ങളില്‍ നൂറുകണക്കിന് പേര്‍ പങ്കെടുത്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പലയിടത്തും പൊലീസിന്റെ മുന്നറിയിപ്പ് അവഗണിച്ചാണ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്. പൂജക്ക് ശേഷം ആളുകളോട് വീട്ടില്‍ പോകാന്‍ പൊലീസ് നിര്‍ദേശിച്ചു.  

ബലിഘട്ടയിലും മണിക്തലയിലും നൂറുകണക്കിനാളുകള്‍ ഒത്തുകൂടി. കൊല്‍ക്കത്തയിലെ ക്ഷേത്രങ്ങളിലെ പൂജാരിമാരോട് ആളുകള്‍ കൂടുന്നത് ഒഴിവാക്കാന്‍ പൊലീസ് നിര്‍ദേശം നല്‍കി. പല ക്ഷേത്രങ്ങളുടെ ഗേറ്റിന് മുന്നിലും വലിയ ക്യൂ കാണാമായിരുന്നു. ബര്‍ദ്വാന്‍, പുരുലിയ, ബാങ്കുറ, വെസ്റ്റ് മിഡ്‌നാപുര്‍ തുടങ്ങിയ ജില്ലകളില്‍ ആളുകള്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് പുറത്തിറങ്ങി. വെസ്റ്റ് മിഡ്‌നാപുരില്‍ ചായക്കടയില്‍ തടിച്ചുകൂടിയ ആളുകളെ പിരിച്ചുവിടാന്‍ ശ്രമിച്ച പൊലീസിന് നേരെ ആക്രമണമുണ്ടായി. പൊലീസ് വാഹനത്തിന് തകരാര്‍ സംഭവിച്ചു. 

Follow Us:
Download App:
  • android
  • ios