ഔറംഗബാദ് : മഹാരാഷ്ട്രയിലെ ഛത്തിസ്‍ഖണ്ഡിലേക്ക് കാല്‍നടയായി യാത്ര തിരിച്ച ഇതരസംസ്ഥാനത്തൊഴിലാളികളുടെ മേല്‍ ട്രെയിന്‍ കയറി 15 പേര്‍ മരിച്ചു. ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെയാണ് ദുരന്തം.  ജല്‍നയ്ക്കും ഔറംഗാബാദിനും ഇടയിലാണ് അപകടം ഉണ്ടായത്.  റെയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങിയ കുട്ടികളടക്കമുള്ള 15 ഇതരസംസ്ഥാന തൊഴിലാളികളാണ് മരിച്ചത്.

റെയില്‍വേ ട്രാക്കില്‍ കിടന്നുറങ്ങിയ തൊഴിലാളികളുടെ മുകളിലൂടെ ട്രെയിന്‍ കയറി ഇറങ്ങുകയായിരുന്നു. കൂടുതല്‍ ആളുകള്‍ മരിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ദുരന്തസമയത്ത് പ്രദേശത്ത് ആളുകള്‍ ഇല്ലാതിരുന്നത് രക്ഷാപ്രവര്‍ത്തനത്തെ തടസപ്പെടുത്തി. ലോക്ഡൗണിനെ തുടര്‍ന്ന് കാല്‍നടയായി വീടുകളിലേക്ക് മടങ്ങിയവരായിരുന്നു ഇവര്‍.