ദില്ലി: അതിഥി തൊഴിലാളികള്‍ കേരളത്തില്‍ സുരക്ഷിതരായിരിക്കുമെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും പശ്ചിമ ബംഗാള്‍ എംപി മെഹുവ മോയ്ത്രി. വ്യാജപ്രചരണങ്ങളില്‍ വീഴരുതെന്നും തൃണമൂല്‍ കോണ്‍ഗ്രസ് എംപി ബംഗാളിയില്‍ റെക്കോഡ് ചെയ്ത സംഭാഷണത്തില്‍ പറയുന്നു. വ്യാജ പ്രചാരണങ്ങളില്‍ വീഴരുതെന്നും തൃണമൂല്‍ എംപിയായ മെഹുവ പറയുന്നു.

ഇവരുടെ ശബ്ദ സന്ദേശം ഇങ്ങനെയാണ് - "പ്രിയപ്പെട്ട സഹോദരി സഹോദരന്മാരെ. വളരെ പ്രയാസമേറിയ ഒരു സമയത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഇതിനൊന്നും നമ്മള്‍ കാരണക്കാരല്ല. ഈ കാലവും അതിജീവിച്ചേ മതിയാകൂ. എല്ലാവരും ആശങ്കയിലാണ് എന്നാല്‍ വീട്ടിലേക്ക് തിരിച്ചുപോകുക എന്നത് അസാധ്യമാണ്. എല്ലാവരെയും സംരക്ഷിക്കുമെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയിട്ടുള്ള ഉറപ്പ്. എല്ലാവരും താമസവും ഭക്ഷണവും ഉറപ്പാക്കും. ദയവായി ഈ സമയത്ത് പ്രശ്നങ്ങള്‍ ഉണ്ടാക്കുവാന്‍ ചിലര്‍ ശ്രമിക്കും അതില്‍ വീഴരുത്. നമ്മള്‍ ഇതും മറികടക്കും".

പാര്‍ലമെന്‍റിലെ പ്രസംഗങ്ങളിലൂടെ ദേശീയതലത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട പാര്‍ലമെന്‍റ് അംഗമാണ് തൃണമൂലിന്‍റെ യുവനേതാവും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അടുത്ത അനുയായിയുമായ മെഹുവ മോയ്ത്രി.