ബെംഗളൂരു: ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ് പോർട്ട് കോർപ്പറേഷന്റെ (ബിംഎംടിസി)  'മൈ ബിഎംടിസി' ആപ്ലിക്കേഷന്‍ ജനപ്രിയമാവുന്നു. കഴിഞ്ഞ വർഷമാണ് ബിഎംടിസി ആപ്പ് പുറത്തിറക്കിയതെങ്കിലും കൂടുതൽ നവീകരിച്ച് സൗകര്യങ്ങൾ വിപുലമാക്കിയതോടെ ഡൗൺലോഡ് ചെയ്യുന്നവരുടെ എണ്ണവും കൂടി. ഇതിനകം ഒരു ലക്ഷത്തോളം പേർ ആപ്പ് ഡൗൺലോഡ് ചെയ്തുകഴിഞ്ഞതായി അധികൃതർ അറിയിച്ചു.

എത്ര സമയത്തിനുള്ളിൽ ബസ് എത്തുമെന്നറിയാമെന്നു മാത്രമല്ല ബസ് റൂട്ടും, ടിക്കറ്റ് നിരക്കുകളും ആപ്പ് വഴി അറിയാൻ കഴിയും. നവീകരിച്ച ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്. സ്ത്രീസുരക്ഷ ലക്ഷ്യം വച്ചുകൊണ്ട് യാത്രക്കാർക്ക് അടിയന്തിര സഹായം ലഭ്യമാക്കുന്നതിനുള്ള സംവിധാനങ്ങളും ആപ്പിൽ ഒരുക്കിയിട്ടുണ്ട്. കൂടാതെ യാത്രക്കാരുടെ അനുഭവങ്ങളും ആപ്പിൽ രേഖപ്പെടുത്താം.

നേരത്തേ ആൻഡ്രോയ്ഡ് ഫോണുകൾ വഴി മാത്രം ലഭ്യമായിരുന്ന ആപ്പ് ഇപ്പോൾ ആപ്പിൾ പ്ലാറ്റ്ഫോം വഴിയും ഡൗൺലോഡ് ചെയ്യാവുന്നതാണ്. നിഹാൽ താക്കർ എന്ന പതിനഞ്ചുകാരന്റെ സഹായത്തോടെയാണ് ബിഎംടിസി ആപ്പ് വികസിപ്പിച്ചെടുത്തത്. ഉടൻ തന്നെ ആപ്പിന്റെ കന്നഡ പതിപ്പ് പുറത്തിറക്കുമെന്നും അധികൃതർ അറിയിച്ചു.