Asianet News MalayalamAsianet News Malayalam

വിദ്വേഷപ്രസംഗം: ബിജെപി നേതാക്കള്‍ക്കെതിരായ ഹര്‍ജി വീണ്ടും കോടതിയില്‍; നടപടി എന്തെന്ന് പൊലീസ് പറയേണ്ടിവരും

എല്ലാ വിദ്വേഷ പ്രസംഗങ്ങളിലും നടപടിയെടുക്കാനായിരുന്നു ജസ്റ്റിസ് എസ് മുരളീധർ അധ്യക്ഷനായ ബഞ്ചിന്‍റെ നിർദ്ദേശം

bjp leaders hate speech delhi riots case today in high court bench
Author
New Delhi, First Published Feb 27, 2020, 12:39 AM IST

ദില്ലി: ദില്ലിയിൽ വിദ്വേഷ പ്രസംഗം നടത്തിയ നേതാക്കൾക്കെതിരെ കേസെടുക്കണമെന്ന ഹർജി ഇന്ന് വീണ്ടും ദില്ലി ഹൈക്കോടതി പരിഗണിക്കും. വിദ്വേഷ പ്രസംഗം നടത്തിയവർക്കെതിരെ കേസെടുക്കുന്ന കാര്യത്തിൽ തീരുമാനമെടുത്ത് ഇന്ന് അറിയിക്കാൻ കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. അനുരാഗ് താക്കൂർ, പർവേഷ് വർമ്മ, കപിൽ മിശ്ര, അഭയ് താക്കൂർ എന്നിവർക്കെതിരെ കേസെടുക്കണമെന്നാണ് ഹർജിയിലെ ആവശ്യം.

എല്ലാ വിദ്വേഷ പ്രസംഗങ്ങളിലും തീരുമാനമെടുക്കാനായിരുന്നു ജസ്റ്റിസ് എസ് മുരളീധർ അധ്യക്ഷനായ ബഞ്ചിന്‍റെ നിർദ്ദേശം. ചീഫ് ജസ്റ്റിസിന്‍റെ അഭാവത്തിലാണ് കേസ് ജസ്റ്റിസ് മുരളീധറിന്‍റെ ബഞ്ചിലേക്ക് വന്നത്. ചീഫ് ജസ്റ്റിസ് തിരികെ എത്തുന്നതിനാൽ കേസ് വീണ്ടും ഒന്നാം നമ്പർ
കോടതിയിലേക്ക് മാറ്റി.

ദില്ലി കലാപങ്ങളുടെ പശ്ചാത്തലത്തിൽ വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കൾക്കെതിരെ കേസ് എടുക്കണമെന്ന് ഇന്നലെ കോടതി നിര്‍ദ്ദേശിച്ചിരുന്നു. പൗരത്വ നിയമ ഭേദഗതിയെ ചൊല്ലി കലാപം വ്യാപിച്ച സാഹചര്യത്തിൽ കപിൽ മിശ്രയുടെ വിദ്വേഷ പ്രസംഗം കോടതി മുറിയിൽ പ്രദര്‍ശിപ്പിച്ചിരുന്നു. അനുരാഗ് ഠാക്കൂര്‍, പര്‍വേഷ് വര്‍മ്മ, അഭയ് വര്‍മ്മ എന്നിവരുടെ പ്രസംഗങ്ങളും പരിശോധിച്ച് ഉചിതമായ നടപടി എടുക്കാനും നിര്‍ദ്ദേശമുണ്ട്. ഇവര്‍ക്കെതിരെ എന്ത് നടപടി എടുത്തെന്ന് കോടതിയില്‍ ദില്ലി പൊലീസിന് ഇന്ന് മറുപടി പറയേണ്ടിവരും.

അതേസമയം വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കൾക്കെതിരെ കേസ് എടുക്കണമെന്ന് നിര്‍ദ്ദേശിച്ച ജസ്റ്റിസ് മുരളീധറിനെ ദില്ലി ഹൈക്കോടതിയില്‍ നിന്ന് സ്ഥലംമാറ്റിയിട്ടുണ്ട്. കേസ് പരിഗണിക്കുന്ന ദില്ലി ഹൈക്കോടതി ബെഞ്ചിൽ മാറ്റം വരുത്തിയതിന് പിന്നാലെയാണ് സ്ഥലം മാറ്റ ഉത്തരവ് കേന്ദ്രസർക്കാർ വിജ്ഞാപനമായി പുറത്തിറക്കിയിരിക്കുന്നത്. ജസ്റ്റിസ് മുരളീധറിനെ സ്ഥലം മാറ്റാന്‍ നേരത്തെ കൊളീജിയം ശുപാര്‍ശ ചെയ്തിരുന്നു . പഞ്ചാബ് ഹരിയാന ഹൈക്കോടതിയിലേക്കാണ് സ്ഥലം മാറ്റം.

ദില്ലി കലാപക്കേസ് പരിഗണിച്ച ഹൈക്കോടതി ജസ്റ്റിസ് മുരളീധറിനെ സ്ഥലം മാറ്റി; ഉത്തരവ് പുറത്ത്

ദില്ലി കലാപത്തില്‍ മരണസംഖ്യ കൂടുന്നു

Follow Us:
Download App:
  • android
  • ios