Asianet News MalayalamAsianet News Malayalam

കശ്മീരില്‍ മോദിയെ വിമര്‍ശിച്ച ബ്രിട്ടീഷ് വനിത എംപിയെ ദില്ലിയില്‍ തടഞ്ഞു; വിസ നിഷേധിച്ചെന്ന് എംപി

വിസ ഓണ്‍ അറൈവലിന് ശ്രമിച്ചെങ്കിലും ലഭിച്ചില്ല. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സമീപിച്ചെങ്കിലും കൃത്യമായ മറുപടിയില്ലെന്നും ഡെബ്ബി പറഞ്ഞു. എന്നെ തിരികെ ബ്രിട്ടനിലേക്ക് അയക്കുന്നതിന് കാത്തിരിക്കുകയാണ്. ഒരു കുറ്റവാളിയെപ്പോലെയാണ് എന്നെ പരിഗണിച്ചതെന്നും ഇവര്‍ വ്യക്തമാക്കി. 

British MP denied entry into India
Author
New Delhi, First Published Feb 17, 2020, 4:34 PM IST

ദില്ലി: കശ്മീര്‍ വിഷയത്തില്‍ നരേന്ദ്ര മോദി സര്‍ക്കാറിനെ വിമര്‍ശിച്ച ബ്രിട്ടീഷ് എംപിക്ക് ഇന്ത്യ പ്രവേശനം നിഷേധിച്ചു. ഡെബ്ബി എബ്രഹാം, അവരുടെ സഹായി എന്നിവരെയാണ് ദില്ലി ഇന്ദിരഗാന്ധി വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചത്. ലേബര്‍ പാര്‍ട്ടി എംപിയാണ് ഡെബ്ബി. കശ്മീര്‍ തര്‍ക്കത്തില്‍ പാര്‍ലമെന്‍റ് രൂപീകരിച്ച സമിതിയുടെ അധ്യക്ഷയായിരുന്നു അവര്‍.  ദില്ലി വിമാനത്താവളത്തില്‍ വെച്ച് വിസ നിഷേധിക്കപ്പെട്ടെന്ന് അധികൃതര്‍ അറിയിക്കുകയായിരുന്നുവെന്ന് സഹായി ഹര്‍പ്രീത് ഉപല്‍ വാര്‍ത്താഏജന്‍സിയായ അസോസിയേറ്റ് പ്രസിനോട് പറഞ്ഞു. 

ദുബായിയില്‍ നിന്ന് രാവിലെ ഒമ്പതിനാണ് ഇരുവരും ദില്ലിയിലെത്തിയത്. വിസക്ക് ഒക്ടോബര്‍ 20വരെ കാലാവധിയുണ്ടെന്നും എന്നാല്‍, കാരണമൊന്നും കാണിക്കാതെ വിസ നിഷേധിക്കുകയായിരുന്നുവെന്ന് ഇവര്‍ പറഞ്ഞു. രണ്ട് ദിവസത്തെ സ്വകാര്യ സന്ദര്‍ശനത്തിനാണ് ഇവര്‍ ഇന്ത്യയിലെത്തിയത്. 2011 മുതല്‍ ഇവര്‍ ബ്രിട്ടീഷ് പാര്‍ലമെന്‍റില്‍ എംപിയാണ്. 

എന്തുകൊണ്ടാണ് വിസ നിഷേധിച്ചതെന്ന് അറിയില്ല. വിസ ഓണ്‍ അറൈവലിന് ശ്രമിച്ചെങ്കിലും ലഭിച്ചില്ല. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സമീപിച്ചെങ്കിലും കൃത്യമായ മറുപടിയില്ലെന്നും ഡെബ്ബി പറഞ്ഞു. എന്നെ തിരികെ ബ്രിട്ടനിലേക്ക് അയക്കുന്നതിന് കാത്തിരിക്കുകയാണ്. ഒരു കുറ്റവാളിയെപ്പോലെയാണ് എന്നെ പരിഗണിച്ചതെന്നും ഇവര്‍ വ്യക്തമാക്കി. കശ്മീരിനുള്ള പ്രത്യേക പദവി റദ്ദാക്കാനുള്ള ഇന്ത്യന്‍ തീരുമാനത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച നേതാവാണ് ഡെബ്ബി എബ്രഹാം. ജനവിശ്വാസത്തെ വഞ്ചിച്ചുവെന്ന് ഇന്ത്യയെ അറിയിക്കാന്‍ അവര്‍ ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ക്ക് കത്തെഴുതുകയും ചെയ്തിരുന്നു.

Follow Us:
Download App:
  • android
  • ios