Asianet News MalayalamAsianet News Malayalam

യാത്രക്കാരെ പരിഭ്രാന്തിയിലാഴ്ത്തി ബെംഗളൂരു-മൈസൂരു ഹൈവേയിലെ കവർച്ചകൾ

കോടിഷെട്ടിപുരയിൽ കാറിലെത്തിയ യാത്രക്കാരെ നാലംഗ സംഘം കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും കാറും മൊബൈൽ ഫോണുകളും പണവും തട്ടിയെടുക്കുകയായിരുന്നു.

burglary on the Bengaluru-Mysore highway
Author
Bangalore, First Published Feb 4, 2020, 9:14 PM IST

ബെംഗളൂരു: ബെംഗളൂരു-മൈസൂരു ഹൈവേയിൽ തുടർച്ചയായി നടക്കുന്ന കവർച്ചകൾ യാത്രക്കാരെ പരിഭ്രാന്തിയിലാഴ്ത്തുന്നു. കഴിഞ്ഞ ഞായറാഴ്ച്ച ഹൈവേയിൽ രണ്ടു കവർച്ചകളാണ് നടന്നത്. മൈസൂരു ജില്ലയിലെ ഹുൻസൂർ താലൂക്കിൽപ്പെടുന്ന ഗൗരിപുര, മാണ്ഡ്യയ്ക്ക് സമീപമുള്ള കോടിഷെട്ടിപുര എന്നിവിടങ്ങളിലാണ് കവർച്ച നടന്നത്.

കോടിഷെട്ടിപുരയിൽ കാറിലെത്തിയ യാത്രക്കാരെ നാലംഗ സംഘം കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും കാറും മൊബൈൽ ഫോണുകളും പണവും തട്ടിയെടുക്കുകയായിരുന്നു. മൈസൂരുവിൽ നിന്ന് ബെംഗളൂരുവിലേക്ക് യാത്ര ചെയ്തവരാണ് കവർച്ചക്കിരയായത്. ഇതേ ദിവസം മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് കോടിഷെട്ടിപുരയിൽ നിന്നും വെറും 50 കിലോമീറ്റർ അകലെയുളള ഗൗരിപുരയിൽ ബൈക്ക് യാത്രക്കാരും കവർച്ചക്കിരയായത്.

ബൈക്ക് തടഞ്ഞു നിർത്തിയ മോഷണ സംഘം കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണുകളുമായി കടന്നുകളയുകയായിരുന്നു. രണ്ടു കവർച്ചകൾക്കും പിന്നാൽ മൈസൂരുവിലുളള കവർച്ചാസംഘങ്ങളാണെന്ന തെളിവ് ലഭിച്ചിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. രണ്ടു സംഭവങ്ങളിലും റൂറൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

മൈസൂരൂ-ബെംഗളൂരു ഹൈവേയിൽ യാത്രക്കാർ കൊള്ളസംഘത്തിന്റെ ആക്രമത്തിനിരയാകുന്നതായി ഇതിനു മുൻപും നിരവധി തവണ പൊലീസിനു പരാതി ലഭിച്ചിട്ടുണ്ട്. നഗരത്തിൽ നിന്ന് മലബാർ ഭാഗത്തേയ്ക്ക് സർവ്വീസ് നടത്തുന്ന ബസ്സുകളും ഹൈവേ കൊള്ളയ്ക്ക് ഇരയാകുന്നതായി പരാതി നൽകിയിരുന്നു. ബൈക്കിലും കാറിലുമെത്തുന്ന കൊള്ളസംഘം ബസ്സുകളും മറ്റു വാഹനങ്ങളും തടഞ്ഞു നിർത്തുകയും ഡ്രൈവർമാരെയും യാത്രക്കാരെയും കത്തിമുനയിൽ നിർത്തി കവർച്ച നടത്തുകയുമായിരുന്നു പതിവ്.

മൈസൂരു നഗരത്തിൽ പ്രവേശിക്കാതെ ഹുൻസൂർ വഴി പോകുന്ന ബസ്സുകളാണ് കൂടുതലായി കൊള്ളസംഘത്തിന്റെ പിടിയിലകപ്പെട്ടിരുന്നത്. കേരളത്തിൽ നിന്ന് മൈസൂരു-ബെംഗളൂരു എന്നിവിടങ്ങളിലേയ്ക്ക് പോകുന്ന വ്യാപാരികളെയും കവർച്ച സംഘം ലക്ഷ്യം വയ്ക്കാറുണ്ട്. ഒട്ടേറെ പരാതികൾ ലഭിക്കുന്നുണ്ടെങ്കിലും പ്രതികളെ പിടികൂടുന്നതിൽ കർണാടക പൊലീസിന് പലപ്പോഴും വീഴ്ച്ച സംഭവിക്കുന്നതായി വ്യാപകമായ ആക്ഷേപം ഉയർന്നിരുന്നു.

Follow Us:
Download App:
  • android
  • ios