Asianet News MalayalamAsianet News Malayalam

പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധം കത്തുന്നു; അസമില്‍ പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെ ആക്രമണം; സ്കൂളുകൾ പത്ത് ദിവസത്തേക്ക് അടച്ചു

  • അസം ഗണ പരിഷത്തിന്റെ ഗുവാഹത്തിയിലെ ഓഫീസിന് നേരെ ആക്രമണം ഉണ്ടായി. ഓഫീസിന് മുന്നിൽ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങൾ പ്രതിഷേധക്കാര്‍ തകര്‍ത്തു
  • വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അടുത്ത പത്ത് ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചു
CAB protest Assam gana parishath office attacked in guwahati
Author
Guwahati, First Published Dec 12, 2019, 5:30 PM IST

ഗുവാഹത്തി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ആസമിൽ ശക്തമായ പ്രതിഷേധം തുടരുകയാണ്. ഇന്ന് അസം ഗണ പരിഷത്തിന്റെ ഗുവാഹത്തിയിലെ ഓഫീസിന് നേരെ ആക്രമണം ഉണ്ടായി. ഓഫീസിന് മുന്നിൽ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങൾ പ്രതിഷേധക്കാര്‍ തകര്‍ത്തു. 

പ്രതിഷേധക്കാരെ പിരിച്ചുവിടാൻ സുരക്ഷാ സേന ചിലയിടങ്ങളിൽ ആകാശത്തേക്ക് വെടിയുതിര്‍ത്തു. അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അടുത്ത പത്ത് ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചു.

അതിനിടെ അസമിലെ ക്രമസമാധാന ചുമതലയുള്ള എഡിജിപി മുകേഷ് അഗര്‍വാളിനെ സര്‍ക്കാര്‍ സ്ഥലം മാറ്റുകയും ചെയ്തു. അസമില്‍ മുഖ്യമന്ത്രിയുടെ വസതിയടക്കം ബിജെപി-അസം ഗണം പരിഷത്ത് നേതാക്കളുടെ വീടുകള്‍ക്ക് നേരെ വ്യാപക ആക്രമണമാണ് നടന്നത്. അസമില്‍  ഇന്‍റര്‍നെറ്റ് സേവനത്തിന് ഏര്‍പ്പെടുത്തിയ നിരോധനം അടുത്ത രണ്ട് ദിവസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്.

ഗുവാഹത്തി വിമാനത്താവളത്തിൽ നിരവധി യാത്രക്കാർ കുടുങ്ങി കിടക്കുന്നതായാണ് വിവരം. ഗുവാഹത്തിയിലേക്കുള്ള വിമാനസര്‍വ്വീസുകള്‍ പലതും നിര്‍ത്തി വച്ചിരിക്കുകയാണ്. അനിശ്ചിതകാലത്തേക്ക് ഗുവാഹത്തിയില്‍ കർഫ്യു പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പലയിടത്തും  പ്രതിഷേധ പ്രകടനങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്.

നേരത്തെ ബംഗ്ലാദേശ് വിദേശകാര്യമന്ത്രി എകെ അബ്ദുള്‍ മൊമന്‍ ഇന്ത്യന്‍ സദര്‍ശനം റദ്ദാക്കിയിരുന്നു. ഡിസംബര്‍ 12 മുതല്‍ 14 വരെയാണ് എകെ അബ്ദുള്‍ മൊമന്‍ ഇന്ത്യ സന്ദര്‍ശിക്കാനിരുന്നത്. ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങള്‍ അരക്ഷിതരാണെന്ന അഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയെ തള്ളി നേരത്തെ മൊമന്‍ രംഗത്ത് വന്നിരുന്നു.
 

Follow Us:
Download App:
  • android
  • ios