ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും തെലുങ്കു ദേശം പാര്‍ട്ടി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡു തന്‍റെയും കുടുംബത്തിന്‍റെയും സ്വത്തുവിവരങ്ങള്‍ പുറത്തുവിട്ടു. 2018 - 2019 സാമ്പത്തിക വര്‍ഷത്തെ കണക്കുകളാണ് പുറത്തുവിട്ടത്. കണക്കുകള്‍ പ്രകാരം ചന്ദ്രബാബു നായിഡുവിന്‍റെ ആസ്തികള്‍ക്ക് 30 ശതമാനത്തിന്‍റെ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 

ചന്ദ്രബാബു നായിഡുവിന്‍റെ കൊച്ചുമകനും ടിഡിപി ജനറല്‍ സെക്രട്ടറി നര ലോകേഷിന്‍റെ മകനുമായ അഞ്ച് വയസ്സുകാരന്‍ ദേവാന്‍ഷിന്‍റെ പേരിലുള്ള ആസ്തി 19.42 കോടി രൂപയാണ്. ചന്ദ്രബാബു നായിഡുവിന്‍റെ ആസ്തിയുടെ ആറ് മടങ്ങോളം വരും ഇത്. 3.87 കോടി രൂപയാണ് ചന്ദ്രബാബു നായിഡുവിന്‍റെ ആസ്തി. നര ലോകേഷിന്‍റെ ആസ്തിയ 19 കോടി രൂപയാണ്. ഇതും ദേവാന്‍ഷിന്‍റെതിനേക്കാള്‍ കുറവാണ്. നര ലോകേഷിന്‍റെ ഭാര്യ നര ബ്രഹ്മണിയുടെ ആസ്തി 11.51 കോടി രൂപയാണ്. 

ഇത് രണ്ടാം തവണയാണ് നായിഡുവിന്‍റെ കൊച്ചുമകന്‍ ആസ്തിയില്‍ മുത്തച്ഛനെ വെല്ലുന്നത്. കഴിഞ്ഞ ഒമ്പത് വര്‍ഷമായി എല്ലാ കൊല്ലവും നായിഡു കുടുംബം സ്വത്തിന്‍റെ കണക്കുകള്‍ പുറത്തുവിടാറുണ്ട്. മാര്‍ച്ച് 31 ന് സാമ്പത്തിക വര്‍ഷം അവസാനിച്ചതിന് പിന്നാലെ സെപ്റ്റംബറിലോ ഒക്ടോബറിലോ ആണ് കണക്കുകള്‍ പുറത്തുവിടാറുള്ളത്. എന്നാല്‍ ഇത്തവണ ഇത് നാല് മാസം വൈകിയാണ് പുറത്തുവിട്ടിരിക്കുന്നത്. 

വിവിധ ഇടങ്ങളിലായുള്ള വീടുകളും മറ്റ് വസ്തുക്കളുമടക്കം ആകെ 9 കോടി രൂപയാണ് ചന്ദ്രബാബു നായിഡുവിന്‍റെ ആസ്തി. 74.10 ലക്ഷം രൂപ ബാങ്ക് അക്കൗണ്ടിലുണ്ട്. ചന്ദ്രബാബു നായിഡുവിന്‍റെ ഭാര്യ നര ഭുവനേശ്വരിയുടെ ആസ്തി 39.58 കോടി രൂപയാണ്. ഇവരുടെ ആകെ ആസ്തി, തമിഴ്നാട്ടിലെയും തെലുങ്കാനയിലെയും വസ്തുക്കളും കമ്പനികളും സ്വര്‍ണ്ണ, വെള്ളി ആഭരണങ്ങളുമടക്കം 50.26 കോടി രൂപയാണ്.