ദില്ലി: ദില്ലി കലാപ കേസ് പരിഗണിച്ച ദില്ലി ഹൈക്കോടതി ജഡ്ജിയെ സ്ഥലം മാറ്റിയ നടപടിയിൽ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി. കപിൽ മിശ്രയും കേന്ദ്ര മന്ത്രിയും അടക്കം നാല് ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗത്തിനെതിരെ നടപടി നിര്‍ദ്ദേശിച്ചതിന് പിന്നാലെയാണ് അര്‍ദ്ധരാത്രി ജസ്റ്റിസ് മുരളീധറിനെ സ്ഥലം മാറ്റി ഉത്തരവിറങ്ങിയത്. നടപടി അപ്രതീക്ഷിതമൊന്നും അല്ലെന്നാണ് പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം. സ്ഥലം മാറ്റ ഉത്തരവിറങ്ങിയതിൽ ഞെട്ടലല്ല തോന്നുന്നത് നാണക്കേടാണെന്ന് പ്രിയങ്ക പ്രതികരിച്ചു. 


കേന്ദ്ര നടപടി ലജ്ജാകരമാണ്. സാമാന്യ ജനങ്ങൾക്ക് ജുഡിഷ്യറിയിലുള്ള  വിശ്വാസ്യത തകര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും പ്രിയങ്ക ഗാന്ധി പ്രതികരിച്ചു

തുടര്‍ന്ന് വായിക്കാം: ദില്ലി കലാപം: കേന്ദ്ര മന്ത്രിക്കെതിരെ കേസ് എടുക്കാൻ നിര്‍ദ്ദേശിച്ച ജഡ്ജിയെ സ്ഥലം മാറ്റി ... 

ദില്ലി കലാപക്കേസ് പരിഗണിക്കവെ രൂക്ഷ വിമര്‍ശനമാണ് പൊലീസിനെതിരെ ജസ്റ്റിസ് മുരളീധറിന്‍റെ ‍ബെഞ്ചിൽ നിന്ന് ഉണ്ടായത്.  വിദ്വേഷ പ്രസംഗം ശ്രദ്ധയിൽ പെട്ടില്ലെന്ന് പറഞ്ഞ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കപിൽ മിശ്രയുടെ വിദ്വേഷ പ്രസംഗം കോടതിയിൽ കേൾപ്പിക്കുന്നത് അസാധാരണ നടപടികളും കഴിഞ്ഞ ദിവസം ദില്ലി ഹൈക്കോടതിയിൽ ഉണ്ടായി. കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂര്‍ അടക്കം നാല് പേരുടെ പ്രസംഗം പരിശോധിച്ച് യുക്തമായ നടപടിയെടുത്ത് കോടതിയെ അറിയിക്കാൻ ഉത്തരവിട്ടതിന് പിന്നാലെയാണ് ജഡ്ജിയുടെ സ്ഥലം മാറ്റ ഉത്തരവ്.