Asianet News MalayalamAsianet News Malayalam

അമിത് ഷാ പരാജയം, മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണം: കോണ്‍ഗ്രസ് നേതാക്കൾ രാഷ്ട്രപതിയെ കണ്ടു

അമിത് ഷായെ കേന്ദ്ര ആഭ്യന്തര മന്ത്രി സ്ഥാനത്ത് നിന്ന് നീക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടെണമെന്ന് രാഷ്ട്രപതിയോട് സംഘം അഭ്യര്‍ത്ഥിച്ചു

Congress leaders meets President demands Amit Shah resignation
Author
Delhi, First Published Feb 27, 2020, 2:37 PM IST

ദില്ലി: രാജ്യത്തിന് തന്നെ അപമാനമായ ദില്ലി കലാപത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തര മന്ത്രി സ്ഥാനത്ത് നിന്ന് അമിത് ഷായെ നീക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് നേതാക്കൾ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കണ്ടു. സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്, എകെ ആന്റണി, പി ചിദംബരം, മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, കെസി വേണുഗോപാല്‍ തുടങ്ങിയവര്‍ ഉണ്ടായിരുന്നു.

ദില്ലി കലാപം നിയന്ത്രിക്കാൻ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ടാണ് കോൺഗ്രസ് പ്രതിനിധി സംഘം രാഷ്ട്രപതിയെ കണ്ടത്. ക്രമസമാധാനം നിയന്ത്രിക്കാൻ കഴിയാത്ത ദില്ലി പോലീസിനെ നിയന്ത്രിക്കുന്ന ആഭ്യന്തര മന്ത്രി അമിത് ഷായെ തൽസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് സംഘം അഭ്യർത്ഥിച്ചു. നിവേദനം സ്വീകരിച്ച രാഷ്ട്രപതി ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് അറിയിച്ചതായി സോണിയ ഗാന്ധി പറഞ്ഞു.

Read more at: ദില്ലി കലാപം നടക്കുമ്പോൾ ആഭ്യന്തര മന്ത്രി എവിടെയാണ്? അമിത്ഷാക്കെതിരെ ആഞ്ഞടിച്ച് സോണിയ ...

ദില്ലി കലാപവുമായി ബന്ധപ്പെട്ട് കേന്ദ്രസ‍ര്‍ക്കാരിനെയും സംസ്ഥാനം ഭരിക്കുന്ന ആം ആദ്മി സര്‍ക്കാരിനെയും കോൺഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തി. വ‍ര്‍ഗീയ സംഘര്‍ഷം കത്തിപ്പടര്‍ന്നപ്പോൾ കേന്ദ്ര ,സംസ്ഥാന സർക്കാരുകൾ കാഴ്ചക്കാരായി നിൽക്കുന്നു. ജനങ്ങളെ സംരക്ഷിക്കണമെന്നും രാഷ്ട്രപതിയോട് സംഘം ആവശ്യപ്പെട്ടു.

അമിത് ഷായെ കേന്ദ്ര ആഭ്യന്തര മന്ത്രി സ്ഥാനത്ത് നിന്ന് നീക്കാൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടെണമെന്ന് രാഷ്ട്രപതിയോട് സംഘം അഭ്യര്‍ത്ഥിച്ചു. കലാപം നിയന്ത്രിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇടപെടണമെന്ന് എ.കെ ആൻറണി ആവശ്യപ്പെട്ടു. 

ദില്ലി കലാപത്തിൽ മരണപ്പെട്ടവരുടെ എണ്ണം 35 ആയി. കലാപബാധിത മേഖലകളുടെ നിയന്ത്രണം കേന്ദ്ര സേന കൂടി ഏറ്റെടുത്തതോടെ സംഘർഷത്തിന് പൊതുവില്‍ അയവ് വന്നിട്ടുണ്ട്. അതേസമയം ഒറ്റപ്പെട്ട അക്രമസംഭവങ്ങള്‍ ഇപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തു വന്നിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios