Asianet News MalayalamAsianet News Malayalam

'ബിജെപിക്ക് വോട്ട് നൽകിയില്ലെങ്കിൽ മുസ്ലീങ്ങൾക്ക് വികസന പദ്ധതികളൊന്നുമുണ്ടാകില്ല'; വീണ്ടും വിദ്വേഷ പ്രസ്താവനയുമായി രേണുകാചാര്യ

''മുസ്ലീങ്ങൾക്ക് ഞാൻ താക്കീത് നൽകുന്നു. ബിജെപിക്ക് വോട്ട് നൽകിയില്ലെങ്കിൽ നിങ്ങളുടെ പ്രദേശത്തെ വികസന പ്രവർത്തന പദ്ധതികൾ  ഞാൻ ഏറ്റെടുക്കുകയില്ല.'' രേണുകാചാര്യ പറഞ്ഞു.

controversial statement from mla renukacharya that if do not give vote must took away from development for muslims
Author
Bengaluru, First Published Jan 23, 2020, 1:25 PM IST

ബെം​ഗളൂരൂ: ബിജെപിയ്ക്ക് വോട്ട് നൽകിയില്ലെങ്കിൽ മുസ്ലീം സമുദായങ്ങളുള്ള പ്രദേശങ്ങളെ വികസനപദ്ധതികളിൽ നിന്ന് ഒഴിവാക്കുമെന്ന ഭീഷണിയുമായി കർണാടക എംഎൽഎയും മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ഉപദേഷ്ടാവുമായ രേണുകാചാര്യ. തന്റെ നിയമസഭാ സീറ്റായ ഹൊന്നാലിയെ സംസ്ഥാനത്തെ പൂർണ്ണമായും കാവിവത്കരിക്കപ്പെട്ട നിയോജകമണ്ഡലമാക്കി മാറ്റുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. പൗരത്വ നിയമ ഭേദ​ഗതിയെ അനുകൂലിച്ച് നടത്തിയ പ്രസം​ഗത്തിലായിരുന്നു ബിജെപി എംഎൽഎയുടെ വിവാദ പ്രസ്താവന. 

മുസ്ലീങ്ങൾക്ക് ഞാൻ താക്കീത് നൽകുന്നു. ബിജെപിക്ക് വോട്ട് നൽകിയില്ലെങ്കിൽ നിങ്ങളുടെ പ്രദേശത്തെ വികസന പ്രവർത്തന പദ്ധതികൾ  ഞാൻ ഏറ്റെടുക്കുകയില്ല. 2018 ലെ അസംബ്ളി തെരഞ്ഞെടുപ്പിൽ എനിക്ക് വോട്ട് നൽകിയിരുന്നില്ല. അടുത്ത തെരഞ്ഞെടുപ്പിൽ ഞാൻ അവരോട് വോട്ട് ആവശ്യപ്പെടില്ല.'' രേണുകാചാര്യ പറഞ്ഞു. 

ആർഎസ്എസ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷ പാർട്ടികൾക്കെതിരെ രേണുകാചാര്യ രം​ഗത്ത് വന്നിരുന്നു. ആർഎസ്എസ് ദേശസ്നേഹ സംഘടനയാണെന്നും ആരെങ്കിലും പാർട്ടിയെ എതിർത്ത് സംസാരിച്ചാൽ അവരെ പാഠം പഠിപ്പിക്കുമെന്നുമായിരുന്നു രേണുകാചാര്യയുടെ രൂ​‌ക്ഷ പ്രതികരണം. അവർ രാജ്യത്തെ തകർക്കാൻ ശ്രമിക്കുകയാണന്നും രേണുകാചാര്യ കൂട്ടിച്ചേർത്തിരുന്നു. 

ഇതിന് മുമ്പും വിവാദപ്രസ്താവനകൾ നടത്തി ശ്രദ്ധേയനായ രാഷ്ട്രീയക്കാരനാണ് രേണുകാചാര്യ. മുസ്ലീങ്ങൾ മസ്ജിദിൽ പോകുന്നത് പ്രാർത്ഥിക്കാനല്ല ആയുധങ്ങൾ ശേഖരിക്കാനാണ് എന്നായിരുന്നു കഴിഞ്ഞ ദിവസത്തെ അദ്ദേഹത്തിന്റെ വിവാദപ്രസ്താവന. രാഷ്ട്രനിർമ്മാണത്തിൽ അവർ യാതൊരുവിധത്തിലുള്ള സംഭാവനകളും നൽകുന്നില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

''പള്ളികളിൽ ഇരുന്നു ഫത്‌വ നൽകുന്ന ചില ദേശവിരുദ്ധരുണ്ട്. പള്ളികൾ പ്രാർത്ഥിക്കാനുള്ളതല്ലേ? പകരം നിങ്ങൾ ചെയ്യുന്നത് ആയുധങ്ങൾ ശേഖരിച്ചുവെക്കുക എന്നതാണ്. ഇതിനാണോ നിങ്ങൾ പള്ളിയില്‍ പോകുന്നത്?" എം.എല്‍.എ ചോദിച്ചു. മുസ്‍ലിം സമുദായത്തിനുള്ള ഫണ്ട് ഹിന്ദുക്കൾക്ക് നൽകുമെന്നും എം.എല്‍.എ ഭീഷണിപ്പെടുത്തി. അവർക്കുളള മുഴുവന്‍ ഫണ്ടുകളും ഹിന്ദു ജനതയ്ക്ക് നൽകുമെന്നും പൊളിറ്റിക്സ് എന്താണെന്ന് ബോധ്യപ്പെടുത്തുമെന്നും ആയിരുന്നു രേണുകാചാര്യയുടെ ഭീഷണി. 

Follow Us:
Download App:
  • android
  • ios