Asianet News MalayalamAsianet News Malayalam

കൊറോണ: വുഹാനിൽ നിന്നുള്ള ആദ്യവിമാനം ദില്ലിയിലെത്തി, സംഘത്തിൽ 42 മലയാളികൾ

324 പേരെയാണ് തിരികെയെത്തിച്ചത്. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു വിമാനം വുഹാനിൽ നിന്ന് പുറപ്പെട്ടത്. ഇവരെ പരിശോധനകൾക്ക് ശേഷം നിരീക്ഷണത്തിനായി പ്രത്യേക ആശുപത്രിയിലേക്ക് മാറ്റും. നേരിട്ട് വീട്ടിൽ പോകാനാകില്ല. 

coronavirus threat fisrt flight from wuhan reached delhi 42 malayalees returned
Author
New Delhi, First Published Feb 1, 2020, 8:02 AM IST

ദില്ലി/വുഹാൻ: കൊറോണ ബാധയെ തുടർന്ന് ചൈനയിലെ വുഹാനിൽ നിന്ന് ഒഴിപ്പിച്ച 42 മലയാളികൾ ഉൾപ്പെടെ 324 ഇന്ത്യക്കാർ ദില്ലിയിലെത്തി. ഇന്നലെ രാത്രി 12 മണിയോടെയാണ് എയർ ഇന്ത്യയുടെ പ്രത്യേക വിമാനം വുഹാനിൽ നിന്ന് പുറപ്പെട്ടത്. 

ഇന്ന് തിരികെയെത്തിയ 324 പേരിൽ 211 പേരും വിദ്യാർഥികളാണ്,മൂന്ന് കുട്ടികളുമുണ്ട്. സംഘത്തിൽ 234 പുരുഷന്മാരും 90 സ്ത്രീകളുമാണുള്ളതെന്ന് എയർ ഇന്ത്യ അറിയിച്ചു. ആന്ധ്രയിൽ നിന്നുള്ളവരാണ് ഏറ്റവും കൂടുതൽ. 56 പേരുണ്ട് വിമാനത്തിൽ. തമിഴ്‍നാട്ടിൽ നിന്ന് 53 പേരുണ്ട്. പിന്നെ ഏറ്റവും കൂടുതൽ പേരുള്ളത് കേരളത്തിൽ നിന്നാണ് - 42 പേർ. 

ഇവരെ ഹരിയാനയിലെ മനേസറിൽ തയ്യാറാക്കിയ ഐസൊലേഷൻ ക്യാമ്പിലേക്ക് മാറ്റും. 14 ദിവസം നിരീക്ഷിക്കാനാണ് തീരുമാനം. മനേസറിലെ ക്യാമ്പിൽ വിദഗ്‍ധ ഡോക്ടർമാരെയും മറ്റ് ഉദ്യോഗസ്ഥരെയും ആരോഗ്യ മന്ത്രാലയം നിയോഗിച്ചിട്ടുണ്ട്. സൈന്യത്തിന്‍റെ സഹായത്തോടെയാണ് ക്യാമ്പുകൾ പ്രവർത്തിക്കുന്നത്. കൂടുതൽ ഇന്ത്യക്കാരെ കൊണ്ടുവരാനായി രണ്ടാമത്തെ വിമാനം ഇന്ന് വുഹാനിലേക്ക് പുറപ്പെടുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Coronavirus Quarantine Near Delhi For Students Returning From China

: മനേസറിൽ സൈന്യം സജ്ജീകരിച്ച പ്രത്യേക വാർഡ്

എയർ ഇന്ത്യയുടെ ബി 747 വിമാനമാണ് ഉച്ചയ്ക്ക് 1.20-ഓടെ ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ടത്. 423 സീറ്റുകളുള്ള ജംബോ വിമാനമാണിത്. സമാനമായ ജംബോ വിമാനം തന്നെയാണ് ഇന്ന് ഉച്ചയ്ക്കും പുറപ്പെടുക.

ഏതെങ്കിലും സാഹചര്യത്തിൽ ക്യാബിൻ ക്രൂവിനോ മറ്റ് ക്രൂ അംഗങ്ങൾക്കോ രോഗബാധ പകരാതിരിക്കാൻ കർശനമായ നിയന്ത്രണങ്ങളാണ് വിമാനത്തിൽ ഏർപ്പെടുത്തിയിരുന്നത്. വിമാനത്തിൽ മാസ്കുകളും ഓവർകോട്ടുകളും പാകം ചെയ്ത് സൂക്ഷിച്ച ഭക്ഷണവും അടക്കം എല്ലാം സജ്ജമായിരുന്നു. ഭക്ഷണം വിമാനത്തിൽ കൊണ്ടുവന്ന് വിതരണം ചെയ്തില്ല. പകരം അതാത് സീറ്റ് പോക്കറ്റുകളിൽ ഭക്ഷണം സൂക്ഷിച്ചു. അതിനാൽ ക്യാബിൻ ക്രൂവും വുഹാനിൽ നിന്ന് വരുന്നവരും തമ്മിൽ ഒരു തരത്തിലും നേരിട്ടുള്ള ആശയവിനിമയമുണ്ടാകില്ല. എല്ലാ യാത്രക്കാർക്കും, ക്രൂവിനും മാസ്കുകളടക്കം ഉറപ്പാക്കുകയും ചെയ്തു.

ഒരു സംഘം എഞ്ചിനീയർമാരും സുരക്ഷാ ഉദ്യോഗസ്ഥരും ഇവരോടൊപ്പം വിമാനത്തിലുണ്ടായിരുന്നു. 

ഇതോടൊപ്പം രോഗം പടർന്നുപിടിച്ച ചൈനയിലെ ഹുബെയ് പ്രവിശ്യയിൽ നിന്നുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ടും കേന്ദ്രസർക്കാർ നടപടികൾ കൈക്കൊണ്ടുവരികയാണ്. എത്ര പേർക്ക് തിരികെ വരാൻ താത്പര്യമുണ്ടെന്ന് കേന്ദ്രം അന്വേഷിച്ചുവരികയാണ്.  

പ്രത്യേക ആശുപത്രി സജ്ജീകരിച്ച് സൈന്യം

തിരികെയെത്തുന്ന എല്ലാവരെയും വിമാനത്താവളത്തിൽ വച്ച് തന്നെ പ്രാഥമിക പരിശോധനകൾക്ക് വിധേയരാക്കും. എയർപോർട്ട് ഹെൽത്ത് അതോറിറ്റിയുടെയും ആർമ്ഡ് ഫോഴ്സസസിന്‍റെ മെഡിക്കൽ വിഭാഗവും സംയുക്തമായി ചേർന്നാകും പരിശോധന. രോഗബാധയുണ്ടെന്ന് സംശയിക്കുന്നവരെ മാറ്റുക, ദില്ലി കണ്ടോൻമെന്‍റിലെ ബേസ് ഹോസ്പിറ്റലിൽ സജ്ജീകരിച്ചിരിക്കുന്ന ഐസൊലേഷൻ വാർഡിലേക്കാകും.

മൂന്ന് ഗ്രൂപ്പായിട്ടാകും തിരികെയെത്തുന്നവരെ തരംതിരിക്കുക:

ആദ്യസെറ്റിൽ രോഗബാധ സംശയിക്കുന്നവരാണ് - പനി, ചുമ, ശ്വാസകോശസംബന്ധമായ അസുഖങ്ങളുള്ളവരാണിവർ. അവരെ നേരിട്ട് സൈനിക ആശുപത്രിയിലേക്ക് മാറ്റും. 

രണ്ടാമത്തേത് രോഗബാധ വരാൻ സാധ്യതയുള്ളവരുടേതാണ് - വുഹാനിലെ മീൻമാർക്കറ്റുകളിലോ ഇറച്ചി വെട്ട് കേന്ദ്രങ്ങളിലോ സന്ദർശനം നടത്തിയവരെ പ്രത്യേകം പരിശോധിക്കും. ഇവർക്ക് എന്തെങ്കിലും രോഗസാധ്യതയുണ്ടോ എന്നും പരിശോധിക്കും. ഇവരെ എസ്കോർട്ടോടെ ആശുപത്രിയിലെത്തിക്കും.

മൂന്നാമത്തേത് രോഗസാധ്യതയില്ലാത്തവർ - കഴിഞ്ഞ 14 ദിവസങ്ങൾക്കകം രോഗബാധയുള്ള ഒരു ചൈനീസ് പൗരനുമായി ബന്ധപ്പെട്ടിട്ടില്ലാത്തവരെ വേറെ പരിശോധിക്കും. അവരെ വേറെ ഇടത്താണ് പാർപ്പിക്കുക. ഇവർക്കായി ഡോർമിറ്ററി മോഡലിൽ വേറെ താമസിക്കാനുള്ള ഇടമൊരുക്കിയിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios