Asianet News MalayalamAsianet News Malayalam

ഒമര്‍ അബ്ദുള്ളയെ തിരിച്ചറിയാനാകാതെ ദീദി; എവിടെയെത്തുമെന്ന ആശങ്കയുമായി മമത

എനിക്ക് വിഷമമുണ്ട്. ഒരു ജനാധിപത്യ രാജ്യത്ത്  ഇങ്ങനെ സംഭവിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. ഇതെല്ലാം എവിടെ ചെന്ന് അവിസാനിക്കുമെന്നും മമത

could not recognize Omar Abdullah says Mamata Banerjee
Author
Kolkata, First Published Jan 25, 2020, 8:39 PM IST

കൊല്‍ക്കത്ത:  ജമ്മു കശ്മീർ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളയുടേതെന്ന പേരില്‍ പ്രചരിക്കുന്ന ചിത്രം കണ്ട് അമ്പരന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ചിത്രത്തില്‍ ഒമര്‍ അബ്ദുള്ളയെ തിരിച്ചറിയാനാവുന്നില്ലെന്ന് മമത ട്വീറ്റ് ചെയ്തു. എനിക്ക് വിഷമമുണ്ട്. ഒരു ജനാധിപത്യ രാജ്യത്ത്  ഇങ്ങനെ സംഭവിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. ഇതെല്ലാം എവിടെ ചെന്ന് അവിസാനിക്കുമെന്നും മമത ട്വീറ്റില്‍ ചോദിക്കുന്നു. 

കഴിഞ്ഞ ഓഗസ്റ്റ് 5 -നാണ് കേന്ദ്രസർക്കാർ ജമ്മു കശ്മീരിന്റെ രാഷ്ട്രീയതലക്കുറി തിരുത്തിയെഴുതിയത്. സ്വതന്ത്ര ഇന്ത്യയുടെ ഭാഗമായി മാറിയ ശേഷം അന്നുവരേയും ജമ്മുകശ്മീർ സംസ്ഥാനം അനുഭവിച്ചുകൊണ്ടിരുന്ന സവിശേഷ പദവി, ആർട്ടിക്കിൾ 370 റദ്ദാക്കിയതിലൂടെ നഷ്ടപ്പെട്ടിരുന്നു. അത് ഒരു സംസ്ഥാനം അല്ലാതെയായി. ജമ്മു കശ്മീർ എന്നും ലഡാക്കെന്നും രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളായി സംസ്ഥാനം വിഭജിക്കപ്പെട്ടിരുന്നു. 

വിപ്ലവകരമായ ആ തീരുമാനം എടുക്കുന്നതിന്റെ തലേന്ന് ജമ്മു കശ്മീർ സംസ്ഥാനത്തിന്റെ മൂന്ന് മുൻ മുഖ്യമന്ത്രിമാരെ വീട്ടുതടങ്കലിലാക്കിയിരുന്നു. തടങ്കലിൽ ചെലവിട്ട നാലുമാസവും ഒമർ അബ്ദുള്ള പ്രതിഷേധം എന്ന നിലയ്ക്ക് താടി വളർത്തുന്നുണ്ടെന്ന് സൂചനയുണ്ടായിരുന്നു. സമൂഹ മാധ്യമങ്ങളില്‍ ഒമർ അബ്ദുള്ളയുടേതെന്ന പേരിൽ വ്യാപകമായി പ്രചരിക്കുന്ന ചിത്രം കണ്ടാൽ ചിത്രത്തിലുള്ളത് അദ്ദേഹമാണ് എന്ന് വിശ്വസിക്കാൻ പോലും ആർക്കുമായെന്നു വരില്ല. ഒരാളെ ആർട്ടിക്കിൾ 370 എങ്ങനെ മാറ്റും എന്ന് നോക്കൂ എന്ന ടാഗ്‌ലൈനോടെയാണ് പലരും ഈ ചിത്രം പങ്കുവെച്ചിട്ടുള്ളത്. 

Follow Us:
Download App:
  • android
  • ios