Asianet News MalayalamAsianet News Malayalam

രാജ്യത്ത് മരണം 68 ആയി, രോഗം സ്ഥിരീകരിച്ചത് 2902 പേര്‍ക്ക്, 1023 പേര്‍ തബ്‍ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍

ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 601 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

COVID 19 Cases related to Tableeghi Jamaat from 17 states is 1023; Health Ministry
Author
Delhi, First Published Apr 4, 2020, 5:14 PM IST

ദില്ലി: രാജ്യത്ത് കൊവിഡ് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 68 ആയി. ഇതുവരെ 2902 പേർക്കാണ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് സ്ഥിരീകരണമുണ്ടായത് ഇന്നാണ്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 601 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. അതേസമയം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണുണ്ടായത്. 

ദില്ലിയിൽ നടന്ന നിസാമുദ്ദീൻ തബ്‍ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ 1023 പേർക്കാണ് കൊവിഡ് റിപ്പോർട്ട് ചെയ്തത്. 17 സംസ്ഥാനങ്ങളിൽ ആണ് ഇത് വരെ നിസാമുദ്ദീൻ തബ്‍ലീഗ് മത സമ്മേളനത്തിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ രാജ്യത്ത് 19 പേര്‍ കൊവിഡ് രോഗം ബാധിച്ച് മരിച്ചതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 

ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ച മഹാരാഷ്ട്രയിൽ ഇതുവരെ 26 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. 537 കേസുകളാണ് സംസ്ഥാനത്ത് ഇതുവരേയും റിപ്പോര്‍ട്ട് ചെയ്തത്. അതിനിടെ മുംബൈയിലെ ധാരാവിയിൽ മരിച്ച 56കാരൻ തബ്ലീഗ് മത സമ്മേളനത്തിൽ പങ്കെടുത്ത മലയാളികളുമായി ഇടപഴകിയെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സമ്മേളനത്തിൽ പങ്കെടുത്ത് മുംബൈയിലെത്തിയ സംഘത്തിന് ഇദ്ദേഹം താമസസൗകര്യം ഒരുക്കിയെന്നാണ് കണ്ടെത്തിയത്. 

മാർച്ച് 22നാണ് നിസാമുദ്ദീൻ മതസമ്മേളനത്തിൽ പങ്കെടുത്ത 10 അംഗ സംഘം മുംബൈയിൽ എത്തിയത്. മാർച്ച് 24ന് തിരികെ പോവും മുൻപ് സംഘം ഇയാളുടെ സ്വന്തം വീട്ടിലും സന്ദർശനം നടത്തി. ഇവർ രോഗവാഹകരായേക്കാൻ സാധ്യതയുണ്ടെങ്കിലും അതിന് സ്ഥിരീകരണമില്ല.

ഇതുവരെയുള്ള കണക്കുകളനുസരിച്ച് രാജ്യത്ത് തമിഴ്നാടാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെ സംസ്ഥാനം. ഇവിടെ രോഗം സ്ഥിരീകരിച്ചവരില്‍ കൂടുതല്‍ പേരും നിസ്സാമുദ്ദീനിലെ സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. നിസാമുദ്ദീനില്‍ നിന്ന് തിരിച്ചെത്തിയ ഒരാള്‍ കൂടി തമിഴ്നാട്ടില്‍ ഇന്ന് മരിച്ചു. വില്ലുപുരം സ്കൂള്‍ ഹെഡ്മാസ്റ്ററായ അബ്ദുള്‍ റഹ്മാനാണ് മരിച്ചത്. കഴിഞ്ഞ ആഴ്ചയാണ് തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയെത്തിയത്. നാല് ദിവസങ്ങള്‍ക്ക് മുമ്പാണ് കൊവിഡ് ലക്ഷ്ണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതേ സമയം സേലത്ത് മരണപ്പെട്ടയാളും കൊവിഡ് ബാധിതനാണോയെന്ന സംശയിക്കുന്നു. നിസാമുദ്ദിനിലെ സമ്മേളത്തില്‍ പങ്കെടുത്ത് മാര്‍ച്ച് 18നാണ് 58 കാരനായ സേലം സ്വദേശിയും  മടങ്ങിയെത്തിയത്. എന്നാൽ ഇയാള്‍ക്ക് ഇതുവരേയും രോഗം സ്ഥിരീകരിച്ചിട്ടില്ല. 

 

Follow Us:
Download App:
  • android
  • ios