Asianet News MalayalamAsianet News Malayalam

പത്തനംതിട്ടയിൽ അടക്കം കൊവിഡ് ക്ലസ്റ്റർ കണ്ടെയ്ൻമെന്‍റ് വിജയം: കേന്ദ്രസർക്കാർ

മുംബൈ, ദില്ലി, ഭിൽവാഡ, ആഗ്ര എന്നിവിടങ്ങൾ അടച്ചിടാനുള്ള നടപടി സ്വീകരിച്ച് കഴിഞ്ഞു. ക്ലസ്റ്റർ കണ്ടെയ്ൻമെന്‍റ് സ്ട്രാറ്റജി എന്നറിയപ്പെടുന്ന, ഇവിടങ്ങൾ അടച്ചിട്ട് എങ്ങനെ രോഗവ്യാപനം തടയാമെന്നത് ഉടൻ കണ്ടെത്തും.

covid 19 central government briefing at delhi on 7 april 2020
Author
New Delhi, First Published Apr 7, 2020, 5:03 PM IST

ദില്ലി: രാജ്യത്ത് ലോക്ക്ഡൗൺ നീട്ടുന്നതുമായി ബന്ധപ്പെട്ട് പ്രഖ്യാപനം ഉണ്ടായില്ലെങ്കിലും കർശനമായ നിയന്ത്രണങ്ങൾ തുടരുമെന്ന സൂചന നൽകി കേന്ദ്ര മന്ത്രാലയ സെക്രട്ടറിമാരുടെ വാർത്താസമ്മേളനം. സാമൂഹ്യവ്യാപനം തടയാൻ നിയന്ത്രണം നിർബന്ധമാണെന്നും, ലോക്ക് ഡൗൺ കഴിഞ്ഞാലും കൃത്യമായ നിയന്ത്രണങ്ങൾ വേണ്ടതാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയ ജോയന്‍റ് സെക്രട്ടറി ലാവ് അഗർവാൾ വ്യക്തമാക്കി. യുപി - ദില്ലി അതിർത്തിയിലെ ആഗ്ര, ദില്ലിയിലെ ഗൗതം ബുദ്ധ് നഗർ, കേരളത്തിലെ പത്തനംതിട്ട, രാജസ്ഥാനിലെ ഭിൽവാര, കിഴക്കൻ ദില്ലി എന്നിവിടങ്ങളിൽ ക്ലസ്റ്റർ കണ്ടെയ്ൻമെന്‍റ് സ്ട്രാറ്റജി എന്ന പദ്ധതി ഫലം കണ്ടുകഴിഞ്ഞു. ഇതനുസരിച്ച്, നിലവിൽ കൊവിഡ് ബാധിതമായി കണ്ടെത്തിയ രാജ്യതലസ്ഥാനമായ ദില്ലി, മുംബൈ എന്നിവിടങ്ങൾ ഉൾപ്പടെ നഗരങ്ങളിലെ ക്ലസ്റ്റർ കണ്ടെയ്ൻമെന്‍റ് സ്ട്രാറ്റജി രൂപീകരിച്ച് കഴിഞ്ഞുവെന്നും കേന്ദ്ര ആരോഗ്യസെക്രട്ടറി വ്യക്തമാക്കി. 

Read more at: ലോക്ക് ഡൗൺ നീട്ടിയേക്കും? ആവശ്യവുമായി മൂന്നിൽ രണ്ട് സംസ്ഥാനങ്ങളും, പരിഗണിച്ച് കേന്ദ്രം

തിങ്കളാഴ്ച മുതൽ, അതായത് ഒരു ദിവസം, രാജ്യത്ത് കൊവിഡ് ബാധിച്ച് എട്ട് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം 4421 ആയി കൂടി. ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടവരുടെ എണ്ണം 354 ആണ്. 326 പേർക്ക് രോഗം ഭേദമായി ആശുപത്രി വിട്ടു - ആരോഗ്യസെക്രട്ടറി വ്യക്തമാക്കി. 

രാജ്യം വളരെ നിർണായകമായ ഘട്ടത്തിലാണ് നിൽക്കുന്നത്. ഒരു നഗരത്തിൽ രോഗവ്യാപനം കണ്ടെത്തിയാൽ അവിടെ പൂർണമായും അടച്ചിട്ട് കാര്യങ്ങൾ നിയന്ത്രിക്കാമെന്നതും, അതല്ലാതെ വീണ്ടും രോഗം പടരുന്ന സ്ഥിതിയുണ്ടായാൽ ഔട്ട്ബ്രേക്ക് കണ്ടെയ്ൻമെന്‍റ് സ്ട്രാറ്റജി എന്ന പദ്ധതിപ്രകാരം രോഗവ്യാപനം തടയാനുള്ള നടപടികളെടുക്കാനുമാണ് കേന്ദ്രസർക്കാരിന്‍റെ തീരുമാനം. 

ഒരു കൊവിഡ് രോഗിക്ക് 406 പേർക്ക് മുപ്പത് ദിവസത്തിനകം രോഗമെത്തിക്കാനാകും എന്നാണ് ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് (ഐസിഎംആർ) നടത്തിയ പഠനത്തിന്‍റെ ഫലമെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. ലോക്ക് ഡൗണിന്‍റെ പ്രാധാന്യം വെളിവാക്കുന്നതാണ് ഇത്. കൃത്യമായി ആളുകൾ വീട്ടിലിക്കാൻ തയ്യാറായേ തീരൂ. ഇല്ലെങ്കിൽ അത് വലിയ സമൂഹവ്യാപനത്തിലേക്ക് വഴിവയ്ക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയ സെക്രട്ടറി. 

ഇന്ത്യൻ റെയിൽവേ 2500 കോച്ചുകളിലായി നാൽപതിനായിരം ഐസൊലേഷൻ ബെഡ്ഡുകൾ തയ്യാറാക്കിക്കഴിഞ്ഞു. 375 ഐസൊലേഷൻ ബെഡ്ഡുകൾ ഓരോ ദിവസവും അവർ രാജ്യമെമ്പാടും 133 ഇടങ്ങളിലായി തയ്യാറാക്കിക്കൊണ്ടിരിക്കുകയുമാണ്. 

ഒപ്പം അവശ്യവസ്തുക്കൾ വിവിധ സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിൽ നിലവിൽ പ്രശ്നങ്ങളില്ലെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കുന്നത്. പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും തടയാൻ വേണ്ട നടപടികളെടുക്കാൻ കേന്ദ്രആഭ്യന്തരമന്ത്രി നി‍ർദേശം നൽകിയതായും കേന്ദ്ര ആഭ്യന്തരമന്ത്രാലയ ജോയന്‍റ് സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവ വ്യക്തമാക്കി. 

രാജ്യമെമ്പാടും ഇന്ന് ഉച്ചവരെ ഒരു ലക്ഷത്തിലധികം ടെസ്റ്റുകൾ നടത്തിയതായി ഐസിഎംആറും വ്യക്തമാക്കി. 1,07,006 ടെസ്റ്റുകളാണ് ഇതുവരെ നടത്തിയത്. നിലവിൽ 136 സർക്കാർ ലാബുകൾ കൊവിഡ് ടെസ്റ്റിംഗ് നടത്തുന്നുണ്ട്. 59 സ്വകാര്യ ലാബുകൾക്കും അനുമതി നൽകിയിട്ടുണ്ട് എന്നും ഐസിഎംആർ ഹെഡ് സയന്‍റിസ്റ്റ് ആർ ഗംഗാഖേദ്കർ വ്യക്തമാക്കി. 

Follow Us:
Download App:
  • android
  • ios