ഹൈദരാബാദ്: ആദ്യം കേന്ദ്രമന്ത്രി രാംദാസ് അത്താവ്‍ലെയുടെ 'ഗോ കൊറോണ ഗോ' ആണ് വാർത്തകളിൽ ഇടം പിടിച്ചതെങ്കിൽ, ഇപ്പോൾ പുതിയ മുദ്രാവാക്യമാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. മുദ്രാവാക്യം 'ചൈന വൈറസ് ഗോ ബാക്ക്'. വിളിക്കുന്നത് തെലങ്കാനയിലെ ബിജെപിയുടെ ഏക എംഎൽഎ രാജാ സിംഗ്. വീട്ടിൽ നിന്നല്ല അദ്ദേഹം ഈ മുദ്രാവാക്യം വിളിച്ചത്. ഞായറാഴ്ച രാത്രി ആളെക്കൂട്ടി പന്തം കൊളുത്തി പ്രകടനവുമായിട്ടാണ്. മാസ്ക് മുഖത്ത് വച്ചിരുന്നെങ്കിലും, അദ്ദേഹം അത് മൂക്ക് മൂടി ധരിച്ചിരുന്നില്ല എന്നതും വ്യക്തം.

ഞായറാഴ്ച രാത്രി ഒമ്പത് മിനിറ്റ് വിളക്കുകളണച്ച് ഒമ്പത് മിനിറ്റ് വിളക്കോ മെഴുകുതിരിയോ മൊബൈൽ ഫോണിലെ ഫ്ലാഷ് ലൈറ്റുകളോ കാണിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്തതിന് പിന്തുണയുമായാണ് രാജ സിംഗ് തെരുവിലിറങ്ങിയത്. 

കയ്യിൽ പന്തം കൊളുത്തി ഇറങ്ങിയ രാജ സിംഗും കൂട്ടാളികളും ഉറക്കെ വിളിച്ചു പറഞ്ഞു. ''ഗോ ബാക്ക്, ഗോ ബാക്ക്, ചൈന വൈറസ് ഗോ ബാക്ക്''. പന്ത്രണ്ടോ അതിലധികമോ അനുയായികൾ അദ്ദേഹത്തിനൊപ്പം മുദ്രാവാക്യം വിളിക്കാൻ ഉണ്ടായിരുന്നു.

മുഖത്ത് മാസ്ക് ധരിച്ചിരുന്നില്ല എന്ന് മാത്രമല്ല, ഇദ്ദേഹം സാമൂഹ്യാകലം പാലിക്കുന്നേയുണ്ടായിരുന്നില്ല എന്ന് വ്യക്തം. കൂട്ടം കൂടിയാണ് ഇദ്ദേഹവും അനുയായികളും നടന്നിരുന്നത്.

സാമൂഹ്യമാധ്യമങ്ങളിൽ ദൃശ്യങ്ങൾ വൈറലായെങ്കിലും രാജ സിംഗ് പിൻമാറാൻ തയ്യാറല്ല. അദ്ദേഹം സ്വന്തം ട്വിറ്റർ ഹാൻഡിലിൽ തന്നെ ഈ പ്രകടനത്തിന്‍റെ ചിത്രം അഭിമാനപുരസ്സരം പങ്കുവച്ചിട്ടുമുണ്ട്.  

ഹൈദരാബാദിലെ ഗോഷമാൽ മണ്ഡലത്തിലെ എംഎൽഎയാണ് രാജ സിംഗ്.