Asianet News MalayalamAsianet News Malayalam

വുഹാനിലെ ഇന്ത്യക്കാരെ തിരികെ എത്തിക്കാനായില്ല, വിമാനത്തിന് ഇറങ്ങാൻ അനുമതി നൽകാതെ ചൈന

വ്യോമസേനയുടെ സി 17 ഗ്ലോബ്മാസ്റ്റര്‍ വിമാനം തയ്യാറാക്കി കാത്തിരിക്കാൻ തുടങ്ങിയിട്ട് ഒരാഴ്ചയായിയെങ്കിലും ചൈന പ്രതികരിച്ചിട്ടില്ല.

covid 19 coronavirus issue in Wuhan Indian attempt to evacuate more people face delays
Author
Delhi, First Published Feb 22, 2020, 7:13 PM IST

ദില്ലി: വുഹാനിൽ അവശേഷിക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള കേന്ദ്രസ‍‌ർക്കാർ ശ്രമം വൈകുന്നു. പ്രത്യേക വിമാനം ഇറക്കാൻ ചൈന ഇനിയും അനുമതി നൽകാത്തതാണ് കാരണം. കൊറോണ വൈറസ് (കൊവിഡ് 19) ബാധയുടെ പശ്ചാത്തലത്തിൽ സിംഗപ്പൂരിലേക്കുള്ള യാത്ര നിയന്ത്രിക്കണമെന്നും കേന്ദ്ര സ‌ർക്കാ‌ർ നി‌‌ർദ്ദേശിച്ചു. 

647 ഇന്ത്യക്കാരെയും 7 മാലിദ്വീപുകാരെയും വുഹാനില്‍ നിന്ന് ആദ്യഘട്ടത്തിൽ ദില്ലിയിലെത്തിച്ചിരുന്നു. അവശേഷിക്കുന്നവരെ കൊണ്ടുവരാനായി വ്യോമസേനയുടെ സി 17 ഗ്ലോബ്മാസ്റ്റര്‍ വിമാനം തയ്യാറാക്കി കാത്തിരിക്കാൻ തുടങ്ങിയിട്ട് ഒരാഴ്ചയായിയെങ്കിലും ചൈന പ്രതികരിച്ചിട്ടില്ല. ചൈനക്കുള്ള മരുന്നും മെഡിക്കല്‍ സാമഗ്രികളുമായി പോകുന്ന വിമാനം തിരികെ വരുമ്പോൾ അവിടെ കുടങ്ങിയവരെ കൂടി കൂടെ കൊണ്ടുവരാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

മറ്റ് രാജ്യങ്ങളില്‍ നിന്നുളള പൗരന്മാരെ ഒഴിപ്പിക്കാനായി ഒട്ടേറെ വിമാനങ്ങള്‍ വരുന്നുണ്ടെന്നും അതിനാലാണ് അനുമതി വൈകുന്നതെന്നുമാണ് ചൈനയുടെ വിശദീകരണം. ഒഴിപ്പിക്കല്‍ വൈകുന്നതിനാല്‍ വുഹാനില്‍ കുടങ്ങിയവര്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. കൊറോണ വൈറസ് (കൊവിഡ് 19) ബാധ ഇനിയും നിയന്ത്രണ വിധേയമാകാത്ത സിംഗപ്പൂരിലേക്ക് അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്ന് ഉന്നത തല യോഗത്തിന് ശേഷം കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബേ നിര്‍ദ്ദേശിച്ചു. നേപ്പാള്‍, ഇന്തോനേഷ്യ, വിയ്റ്റനാം, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാരെ കൂടി തിങ്കളാഴ്ചമുതല്‍ വിമാനത്താവളങ്ങളില്‍ പരിശോധിക്കാന്‍ തീരുമാനിച്ചു.

ചൈനയടക്കം ആറ് രാജ്യങ്ങളില്‍ നിന്നെത്തുന്നവരുടെ പരിശോധന തുടരുന്നുണ്ട്.

Follow Us:
Download App:
  • android
  • ios