ദില്ലി: രാജ്യത്ത് ഇന്ന് മൂന്ന് പേർ കൂടി കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചു. അതേസമയം 386 പേർക്ക് ഇന്ന് ഇതുവരെ പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 1637 ആയി. 133 പേർ രോഗമുക്തരായി.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 15.4 ടൺ പ്രതിരോധ  സാമഗ്രികൾ എത്തിച്ചുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറഞ്ഞു. റെയിൽവെ കോച്ചുകളിൽ 3.2 ലക്ഷം കിടക്കകൾ സജ്ജമാക്കി ചികിത്സ  സംവിധാനം ശക്തമാക്കുമെന്നും അറിയിച്ചിട്ടുണ്ട്. റയിൽവേ നിരീക്ഷണ സംവിധാനം ശക്തമാണെന്നും ലോക്ക് ഡൗൺ ഫലപ്രദമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

നിസാമുദ്ദീൻ മർക്കസ് തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരുടെ വിവരങ്ങൾ അടിയന്തരമായി ശേഖരിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര കാബിനറ്റ് സെക്രട്ടറിയുടെ നിർദ്ദേശം നൽകി. വിസ ചട്ടം ലംഘിച്ച വിദേശികൾക്കെതിരെ നടപടി വേണമെന്നും നിർദ്ദേശിച്ചു.

കൊവിഡ് പ്രതിരോധത്തിനിടെ ആരോഗ്യ പ്രവർത്തകർക്കോ ശുചീകരണ തൊഴിലാളികൾക്കോ ജീവൻ നഷ്ടപ്പെട്ടാൽ ഒരു കോടി രൂപ കുടുംബത്തിന് സഹായധനം നൽകുമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. രാജ്യത്തെ സേവിക്കുന്ന സൈനികരെ പോലെയാണ് ഇന്ന് ആരോഗ്യപ്രവ‍ര്‍ത്തകരും. സർക്കാർ, സ്വകാര്യ മേഖലയെന്ന വേർതിരിവ് ഇല്ലാതെയാകും സഹായമെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു. 121 പേര്‍ക്കാണ് ഇതുവരെ ദില്ലിയിൽ രോഗം സ്ഥിരീകരിച്ചത്. ആറോളം ഡോക്ടര്‍മാറുള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

രാജ്യതലസ്ഥാനത്ത് മൂന്ന് ഡോക്ടർമാർക്ക് കൂടി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ ഇവിടെ രോഗം സ്ഥിരീകരിച്ച ഡോക്ടർമാരുടെ എണ്ണം ആറായി. 32 കാരനായ ശിശുരോഗ വിദഗ്ദ്ധൻ, അദ്ദേഹത്തിന്റെ ഭാര്യയും സഫ്‌ദർജംഗ് ആശുപത്രിയിലെ ഡോക്ടർ, ദില്ലി കാൻസർ ആശുപത്രിയിലെ കാൻസർ രോഗ വിദഗ്ദ്ധൻ എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.