Asianet News MalayalamAsianet News Malayalam

റാപ്പിഡ് ടെസ്റ്റിനുള്ള മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി ഐസിഎംആർ; മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം 600 കടന്നു

തീവ്ര ബാധിത മേഖലകളടക്കമുള്ള സ്ഥലങ്ങൾ എന്നിവിടങ്ങളിൽ പരിശോധനയ്ക്കാണ് നിർദേശം. രോഗ ലക്ഷണങ്ങൾ ഉള്ളവരെ 14 ദിവസം കരുതൽ നിരീക്ഷണത്തിൽ ആക്കണമെന്നും വീടുകളിൽ നീരീക്ഷണം ഒരുക്കാൻ കഴിയാത്തവരെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റണമെന്നും നിർദേശം.  

Covid 19 India ICMR releases guidelines for rapid testing
Author
Delhi, First Published Apr 4, 2020, 10:08 PM IST

ദില്ലി: രാജ്യത്ത് കൊവിഡ് റാപ്പിഡ് ടെസ്റ്റ് നടത്താനുള്ള മാർഗനിർദ്ദേശങ്ങൾ ഐസിഎംആർ പുറത്തിറക്കി. രോഗിക്ക് റാപ്പിഡ് ടെസ്റ്റിൽ കൊവിഡ്  നെഗറ്റീവാണെങ്കിൽ സാമ്പിൾ പിസിആർ ടെസ്റ്റിന് കൂടി വിധേയമാക്കണമെന്നാണ് ഐസിഎംആർ നിർദ്ദേശം. രണ്ടാമത്തെ ടെസ്റ്റ് കൂടി പൂർത്തിയാക്കിയ ശേഷമേ കൊവിഡ് ഇല്ല എന്ന് സ്ഥിരീകരിക്കാവൂ എന്നാണ് നിർദ്ദേശം. എല്ലാ റാപ്പിഡ് ടെസ്റ്റുകളുടെയും ഫലം ഐസിഎംആർ പോർട്ടലിൽ അപ്ലോഡ് ചെയ്യണമെന്നും കർശന നിർദ്ദേശമുണ്ട്. 

തീവ്ര ബാധിത മേഖലകളടക്കമുള്ള സ്ഥലങ്ങൾ എന്നിവിടങ്ങളിൽ പരിശോധനയ്ക്കാണ് നിർദേശം. രോഗ ലക്ഷണങ്ങൾ ഉള്ളവരെ 14 ദിവസം കരുതൽ നിരീക്ഷണത്തിൽ ആക്കണമെന്നും വീടുകളിൽ നീരീക്ഷണം ഒരുക്കാൻ കഴിയാത്തവരെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റണമെന്നും നിർദേശം.  

രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 75 ആയെന്നാണ് ഐസിഎംആറിന്‍റെ ഔദ്യോഗിക കണക്ക്. മഹാരാഷ്ട്രയിൽ കൊവിഡ് രോഗികളുടെ എണ്ണം 600 കടന്നു. തെലങ്കാനയിൽ വൈകിട്ടോടെ 43 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇന്ന് മാത്രം മഹാരാഷ്ട്രയിൽ 145 രോഗം സ്ഥിരീകരിച്ചു. 635 പേർക്കാണ് സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 

അടിയന്തര സാഹചര്യം നേരിടാന്‍ രൂപീകരിച്ച സമിതിയോഗം വിളിച്ച പ്രധാനമന്ത്രി പ്രതിരോധ സാമഗ്രികളുടെ ലഭ്യത വിലയിരുത്തി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണുണ്ടായത്. 17 സംസ്ഥാനങ്ങളിൽ ആണ് ഇത് വരെ നിസാമുദ്ദീൻ തബ്‍ലീഗ് മത സമ്മേളനത്തിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട് കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 

രാജ്യത്തെ കൊവിഡ് ബാധിതരിലധികവും യുവാക്കളും മധ്യവയസ്കരുമാണെന്ന കണക്കാണ് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടത്. 19 ശതമാനം രോഗികള്‍ 20 വയസ്സില്‍ താഴെയുള്ളവര്‍. 21 നും നാല്പതിനും മധ്യേ പ്രായമുള്ളവര്‍ നാല്പത് ശതമാനം. നാല്പത്തിയൊന്നിനും അറുപതിനും ഇടയില്‍ പ്രായമുള്ളവര്‍ 33 ശതമാനം. ലോക്ക് ഡൗണ് പിന്‍വലിക്കാൻ പത്ത് ദിവസം ശേഷിക്കേ കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്നത് സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. അടിയന്തര സാഹചര്യം നേരിടാൻ രൂപീകരിച്ച സമിതിയുമായി പ്രധാനമന്ത്രി ചർച്ച നടത്തി. പ്രതിരോധ സാമഗ്രികൾ ,വെന്റിലേറ്റർ എന്നിവയുടെ ലഭ്യത വിലയിരുത്തി. ചൊവ്വാഴ്ച മന്ത്രിതല ഉപസമിതി ചേരും. ബുധനാഴ്ചയാണ് പ്രധാനമന്ത്രി വിളിച്ച പ്രതിപക്ഷ നേതാക്കളുടെ യോഗം. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ഇരു യോഗങ്ങളും.

കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍ ദില്ലി എല്‍ജെപി ആശുപത്രിയിലെത്തി സൗകര്യങ്ങള്‍ വിലയിരുത്തി.  എല്‍ജെപി, ജെബി പന്ത് ആശുപത്രികള്‍ 2000 കിടക്കകളുള്ള കൊവിഡ് കേന്ദ്രങ്ങളാക്കിമാറ്റും. അതിനിടെ അടുത്ത 15 മുതല്‍ സര്‍വ്വീസ് പുനരാരംഭിക്കാനുള്ള തയാറെടുപ്പുകള്‍ റെയില്‍വേ തുടങ്ങി. ഇന്‍ഡിഗോ, സ്പെസ് ജറ്റ്, ഗോ എയര്‍ എന്നീ  വിമാനക്കമ്പനികളും ആഭ്യന്തര ബുക്കിങ് ആരംഭിച്ചു. എന്നാല്‍ ലോക്ഡൗണില്‍ കേന്ദ്ര നിര്‍ദ്ദേശം ലഭിച്ചശേഷം മാത്രം ബുക്കിങ്ങെന്ന നിലപാടിലാണ് എയര്‍ ഇന്ത്യ. ടിക്കറ്റ് വില്‍പന നിര്‍ത്തിയത് ഈമാസം 30 വരെ നീട്ടുകയും ചെയ്തു.

Covid 19 India ICMR releases guidelines for rapid testing

ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ച മഹാരാഷ്ട്രയിൽ ഇതുവരെ 26 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. അതിനിടെ മുംബൈയിലെ ധാരാവിയിൽ മരിച്ച 56കാരൻ തബ്ലീഗ് മത സമ്മേളനത്തിൽ പങ്കെടുത്ത മലയാളികളുമായി ഇടപഴകിയെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സമ്മേളനത്തിൽ പങ്കെടുത്ത് മുംബൈയിലെത്തിയ സംഘത്തിന് ഇദ്ദേഹം താമസസൗകര്യം ഒരുക്കിയെന്നാണ് കണ്ടെത്തിയത്. 

Follow Us:
Download App:
  • android
  • ios