റോം: മലയാളികൾ അടക്കം നൂറിലേറെ ഇന്ത്യക്കാർ നാട്ടിലേക്ക് വരാനാവാതെ  ഇറ്റലിയില്‍ കുടുങ്ങി കിടക്കുന്നു. തലസ്ഥാനമായ റോമിലാണ് ഇന്ത്യന്‍ സ്വദേശികള്‍ കുടുങ്ങിയത്. പല തവണ അപേക്ഷിച്ചിട്ടും വിദേശകാര്യമന്ത്രാലയം സഹായിക്കുന്നില്ലെന്ന് യാത്രക്കാർ പരാതിപ്പെട്ടു. വിദേശകാര്യ മന്ത്രാലയം അവഗണിച്ചതോടെ ഗർഭിണിയടക്കമുള്ള മലയാളികളാണ് ദുരിതത്തിലായത്. റോമിലുള്ളവർക്ക് മാത്രം യാത്രാനുമതി നിഷേധിക്കുന്നതായാണ് പരാതി. ഹോട്ടലിൽ താത്കാലികമായി താമസിപ്പിക്കാൻ എംബസി പണം ആവശ്യപ്പെട്ടതായും ഇവർ ആരോപിച്ചു. സഹായം ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രിക്ക് കത്തയച്ചിട്ടും മറുപടിയില്ലെന്നും യാത്രക്കാരിലെ മലയാളികൾ ആരോപിച്ചു. കൊവിഡ് 19 ബാധ ഏറ്റവും രൂക്ഷമായ രാജ്യമാണ് ഇറ്റലി. രോഗം ബാധിച്ച് ഇതുവരെ 2158 പേര്‍ മരിച്ചു.