ഹൈദരാബാദ്: കൊവിഡ് 19നെ തുടർന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൌണില്‍ ദുരിതത്തിലായ ഒരു തൊഴിലാളി കൂടി മരിച്ചു. മഹാരാഷ്ടയിലെ നാഗ്പൂരില്‍ നിന്ന് തമിഴ്‍നാട്ടിലെ നാമക്കലിലെ വീട്ടിലേക്കുള്ള നടത്തത്തിനിടെ സെക്കന്തരാബാദിലെ ഒരു അഭയ കേന്ദ്രത്തില്‍ വിശ്രമിക്കവെയാണ് 23കാരനായ ലോഗേഷ് ബാലസുബ്രമണിയുടെ മരണം. ഇതിനിടെ 500 കി.മീ ദൂരം താണ്ടിയിരുന്നു ലോഗേഷ് അടക്കമുള്ള 26 അംഗ സംഘം. 

'കഴിഞ്ഞ മൂന്ന് ദിവസമായി ഞങ്ങള്‍ നടക്കുകയാണ്. യാത്ര ചെയ്യാന്‍ വാഹനങ്ങളൊന്നുമില്ല. ചില മനുഷ്യർ ഭക്ഷണം തന്നു. സാധനങ്ങളിറക്കി മടങ്ങുന്ന ട്രക്കുകള്‍ ചിലപ്പോഴൊക്കെ സഹായം നല്‍കി. ഞങ്ങളെ സഹായിച്ചതിന് ട്രക്ക് ഡ്രൈവർമാരെ പൊലീസ് ക്രൂരമായി മർദിച്ചു'- നാഗ്പൂരില്‍ നിന്ന് തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്ന ഇരുപത്തിയാറ് അംഗ സംഘത്തിലെ സത്യ എന്‍ഡിടിവിയോട് പറഞ്ഞു. 

ചൂടിനെ വകവെക്കാതെയാണ് നാഗ്പൂരില്‍ നിന്ന് തെലങ്കാന വഴി ഇവരുടെ നടത്തം. ഈ പ്രദേശങ്ങളില്‍ കഴിഞ്ഞ മൂന്ന് ദിവസമായി 38 ഡിഗ്രിയോളമായിരുന്നു ചൂട്. എന്‍ഡിടിവി സംഘം കണ്ടുമുട്ടുമ്പോള്‍ പലരും അബോധാവസ്ഥയിലായിരുന്നു. പലരും യാത്രാമധ്യേ ബോധരഹിതരായി വീണു. 

കാല്‍നടയായി എത്തുന്ന തൊഴിലാളികള്‍ക്ക് മരേട്‍പള്ളിയിലെ കമ്മ്യൂണിറ്റി ഹാളില്‍ താല്‍ക്കാലിക താമസമൊരുക്കിയിരുന്നു. നിലവില്‍ 176 പേരാണ് ഇവിടെ അഭയം പ്രാപിച്ചിരിക്കുന്നത്. ഇവർക്കൊപ്പം നിലത്തിരിക്കുകയായിരുന്ന ലോഗേഷ് പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഡോക്ടർ എത്തുമ്പോഴേക്കും മരണം സംഭവിച്ചു. ലോഗേഷിന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയതായി പ്രാദേശിക നേതാവ് അകുല ബാലകൃഷ്ണ വ്യക്തമാക്കി.  

Read more: ലോക്ക്ഡൗണിനെ തുടര്‍ന്ന് 200 കിലോമീറ്റര്‍ നടന്ന യുവാവ് കുഴഞ്ഞുവീണ് മരിച്ചു

കൊവിഡ് 19 മഹാമാരിയുടെ വ്യാപനം തടയാന്‍ അപ്രതീക്ഷിതമായി പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക് ഡൌണിനെ തുടർന്ന് പ്രതിസന്ധിയിലായ ദിവസ വേതനക്കാരായ ലക്ഷക്കണക്കിന് തൊഴിലാളികളില്‍ ഒരാളാണ് ലോഗേഷ് ബാലസുബ്രമണി. ദില്ലി ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ നിന്ന് നാട്ടിലേക്ക് കാല്‍നടയായി യാത്ര ചെയ്യുന്ന തൊഴിലാളികളുടെ മരണം നേരത്തെ ഉത്തർപ്രദേശിലടക്കം റിപ്പോർട്ട് ചെയ്തിരുന്നു. ലോക്ക് ഡൌണിനെ തുടർന്ന് താമസവും ഭക്ഷണവും തൊഴിലും ഇല്ലാതായതാണ് തൊഴിലാളികളുടെ കൂട്ടപ്പലായനത്തിന് കാരണം. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക