മുംബൈ: മുംബൈയില്‍ കൊവിഡ് ബാധിച്ച് മരിച്ച മുസ്ലീം ആയ 65 കാരനെ തര്‍ക്കങ്ങള്‍ക്കൊടുവില്‍ ദഹിപ്പിച്ചു. മൃതദേഹം ഖബറടക്കാന്‍ ശ്മശാനത്തില്‍ അനുമതി നല്‍കാത്തതിനെ തുടര്‍ന്നാണ് മുംബൈയില്‍ വച്ച് ദഹിപ്പിച്ചത്. സബര്‍ബന്‍ മലാഡിലാണ് സംഭവം നടന്നത്. 65കാരന്റെ മൃതദേഹം സംസ്‌കരിക്കുന്നത് തടഞ്ഞുവെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തുകയായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെയാണ് ഇയാള്‍ മരണത്തിന് കീഴടങ്ങിയത്. 

മലാഡ് മല്‍വദിന് ഖബര്‍സ്ഥാനില്‍ എത്തിച്ചെങ്കിലും കൊവിഡ് 19 ബാധിച്ച് മരിച്ചതിനാല്‍ അധികൃതര്‍ ഖബറടക്കാന്‍ അനുവദിച്ചില്ല. പൊലീസും രാഷ്ട്രീയ പ്രവര്‍ത്തകരും ഇടപെട്ടെങ്കിലും ഖബറടക്കാന്‍ കഴിഞ്ഞില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. ഇതോടെ ചില സാമൂഹ്യപ്രവര്‍ത്തകര്‍ ഇടപെടുകയും മൃതദേഹം സമീപത്തെ മറ്റൊരു ശ്മശാനത്തില്‍ രാവിലെ 10 മണിയോടെ ദഹിപ്പിക്കുകയും ചെയ്തു,

സര്‍ക്കാര്‍ മാര്‍ഗ നിര്‍ദ്ദേശ പ്രകാരം കൊവിഡ് ബാധിച്ച ഇസ്ലാം വിശ്വാസിയുടെ മൃതദേഹം അവരുടെ ഏറ്റവും അടുത്തുള്ള ഖബര്‍സ്ഥാനില്‍ മറവുചെയ്യാന്‍ അനുവാദം നല്‍കണം. എന്നാല്‍ ഇവിടെ സംഭവിച്ചത് മറ്റൊ്ന്നാണെന്ന് മല്‍വാനി എംഎല്‍എയും മഹാരാഷ്ട്ര മന്ത്രിയുമായ അസ്ലം ഷെയ്ഖ് പറഞ്ഞു. 

'' അധികൃതരോട് അറിയിക്കാതെ, യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് ബന്ധുക്കള്‍ 65കാരന്റെ മൃതദേഹം ഖബര്‍സ്ഥാനിലേക്ക് കൊണ്ടുപോയത്. അവിടെയെത്തിയതിന് ശേഷം മറവുചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതാണ് എതിര്‍പ്പുണ്ടാകാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. 

അതേസമയം തന്റെ പിതാവ് മരിച്ചപ്പോള്‍ ആരും സഹായിക്കാനെത്തിയില്ലെന്നും മൃതദേഹവുമായി മൂന്ന് മണിക്കൂറാണ് ആശുപത്രിക്ക് മുന്നിലിരുന്നതെന്നും മരിച്ചയാളുടെ മകന്‍ പറഞ്ഞു.