Asianet News MalayalamAsianet News Malayalam

കൊവിഡ് രോഗിയാക്കി വീഡിയോ; മനോവിഷമത്താല്‍ ഗള്‍ഫില്‍ നിന്നുവന്നയാള്‍ ആത്മഹത്യ ചെയ്തു, സുഹൃത്തുക്കള്‍ അറസ്റ്റില്‍

ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും എത്തി യുവാവിനെ പരിശോധനയ്ക്കായി കൊണ്ടുപോകുന്ന വീഡിയോ അയൽവാസികളായ സുഹൃത്തുക്കൾ മൊബൈലിൽ ചിത്രീകരിച്ചു.

covid 19 man suicide under home isolation in tamil nadu
Author
Chennai, First Published Apr 1, 2020, 11:43 PM IST

ചെന്നൈ: കൊവിഡ് ബാധിതനെന്ന പേരിൽ വ്യാജ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതിലെ മനോവിഷമത്തെ തുടർന്ന് തമിഴ്നാട്ടിൽ യുവാവ് ആത്മഹത്യ ചെയ്തു. വ്യാജ വീഡിയോ പ്രചരിപ്പിച്ച യുവാവിൻ്റെ സുഹൃത്തുക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.മധുര സ്വദേശിയായ എസ് കുമാറാണ് വീട്ടുവളപ്പിൽ ഇന്ന് പുലർച്ചയോടെ ജീവനൊടുക്കിയത്.

ഗൾഫിൽ നിന്ന് മടങ്ങിയെത്തിയ കുമാർ ഒന്നര ആഴ്ചയായി നിരീക്ഷണത്തിലായിരുന്നു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും എത്തി കുമാറിനെ പരിശോധനയ്ക്കായി കൊണ്ടു പോകുന്ന വീഡിയോ അയൽവാസികളായ സുഹൃത്തുക്കൾ മൊബൈലിൽ ചിത്രീകരിച്ചു. കുമാർ കൊവിഡ് ബാധിതനെന്ന പേരിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. എല്ലാവരും കുമാറിനെ അകറ്റി നിർത്തണം എന്നുവരെ പ്രചരണം ഉണ്ടായി.

ഇതിനിടെ കൊവിഡ് നെഗറ്റീവ് എന്ന കുമാറിൻ്റെ പരിശോധനാ ഫലം വന്നു. കൊവിഡ് ഇല്ലെന്ന് വ്യക്തമായെങ്കിലും കൊവിഡ് ബാധിതനെന്ന പേരിൽ കുമാറിനെതിരെ വ്യാജ സന്ദേശങ്ങൾ പരന്നു. ഇതിൽ മനംനൊന്ത് ഇന്ന് പുലർച്ചയോടെ വീട്ടുവളപ്പിൽ കുമാർ തൂങ്ങി മരിക്കുകയായിരുന്നു. അയൽവാസികളായ നാല് പേരെ അറസ്റ്റ് ചെയ്തു. വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിച്ചവർക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.

അതേസമയം, വീട്ടുകാർ ഒറ്റപ്പെടുത്തിയതിൻ്റെ മാനസിക സംഘർഷത്തെ തുടർന്ന് പുതുക്കോട്ടെ സ്വദേശി സുരേഷ് ഫാം ഹൗസിൽ ജീവനൊടുക്കി. മാലിദ്വീപിൽ നിന്ന് മടങ്ങിയെത്തിയ സുരേഷിനെ വീടിന് സമീപത്തുള്ള ഫാം ഹൗസിലാണ് നിരീക്ഷണത്തിലാക്കിയിരുന്നത്. വീട്ടിൽ വരണമെന്നും ഭാര്യയെയും കുട്ടികളെയും കാണണമെന്നും ആവശ്യപ്പെട്ടെങ്കിലും വീട്ടുകാർ വിലക്കിയിരുന്നു. ഹോം ക്യാറൻ്റൈനിലുള്ളവർക്ക് പ്രത്യേക കൗൺസിലിങ്ങ് ഏർപ്പെടുത്താൻ ജില്ലാ ഭരണകൂടങ്ങൾക്ക് സർക്കാർ നിർദേശം നൽകി.

Follow Us:
Download App:
  • android
  • ios