ദില്ലി: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത് ദിയാ ജലാവോ പരിപാടിക്കുള്ള ഒരുക്കത്തിലാണ് രാജ്യതലസ്ഥാനം. കൊവിഡിലെ ഇരുട്ടകറ്റാനുള്ള പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം അതിന്‍റെ ഉദ്ദേശ്യലക്ഷ്യത്തിലെത്തുമെന്നാണ് ഒരു വിഭാഗത്തിന്‍റെ അഭിപ്രായം.

ജനതാ ക‍ർഫ്യൂവില്‍ കയ്യടിച്ചും പാത്രങ്ങൾ കൂട്ടിയടിച്ചും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രാജ്യം അഭിവാദ്യം അര്‍പ്പിച്ചു. വീണ്ടും ലോക്ക് ഡൗൺ കാലത്ത് ദീപം തെളിക്കാനുള്ള ആഹ്വാനത്തിൽ പങ്കുചേരാൻ ഒരുങ്ങുകയാണ് ഇവര്‍. സാമൂഹിക അകലം പാലിച്ച് പരിപാടിയിൽ പങ്കെടുക്കാനാണ് തീരുമാനം. വിവിധ റസിഡന്‍സ് അസോസിയേഷനുകള്‍ ഇതുമായി ബന്ധപ്പെട്ട തയ്യാറെടുപ്പിലാണ്.

ജനതാ കര്‍ഫ്യൂവില്‍ ജനങ്ങള്‍ പുറത്തിറങ്ങിയത് ആശങ്കയുണര്‍ത്തിയിരുന്നു. ആരും പുറത്തിറങ്ങരുതെന്ന പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം അനുസരിച്ച് പരിപാടിയില്‍ പ്രാതിനിധ്യം അറിയിക്കുമെന്നാണ് ഇവര്‍ പറയുന്നത്. പക്ഷേ സമൂഹമാധ്യമങ്ങളിലടക്കം നിരവധി പേര്‍ പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ വിമര്‍ശിക്കുന്നുമുണ്ട്.