Asianet News MalayalamAsianet News Malayalam

രാജ്യത്തെ കൊവിഡ് കേസുകൾ 5274 ആയി; മുംബൈ, ചെന്നൈ, ഹൈദരാബാദ് നഗരങ്ങളിൽ നൂറുകണക്കിന് രോഗികൾ

തമിഴ്നാട്ടില്‍ കൊവിഡ് ബാധിതര്‍ എഴുന്നൂറ് കടന്നു. ചെന്നൈയിൽ മാത്രം 156 പേർക്ക് കൊവിഡ്  സ്ഥിരീകരിച്ചു. 

Covid status in india
Author
Mumbai, First Published Apr 9, 2020, 7:09 AM IST

മുംബൈ: ഇന്ത്യയിലെ കൊവിഡ് രോഗികളുടെ എണ്ണം 5274  ആയി ഉയർന്നു. ഇതുവരെ 149 പേരാണ് കൊവിഡ് ബാധിച്ച് ഇന്ത്യയിൽ മരിച്ചത്. 411 പേർ ഇതുവരെ രോഗമുക്തി നേടി. ആഗോളതലത്തിൽ 15.11 ലക്ഷം പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 3.28 ലക്ഷം പേർ രോഗശാന്തി നേടിയപ്പോൾ 88,000 പേർക്ക് രോഗം മൂലം ജീവൻ നഷ്ടമായെന്നാണ് കണക്ക്. നിലവിൽ അമേരിക്കയിലാണ് ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ളത്. അതേസമയം ലോകത്ത് ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള പത്ത് രാജ്യങ്ങളിൽ ഏഴും യൂറോപ്പിലാണ്. 

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കൊവിഡ് രോഗികള്ളു മഹാരാഷ്ട്രയിൽ ഇതുവരെ 1135 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ മാത്രം 117 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 8 പേർ മരിച്ചു. ധാരാവിയിലെ മരണം ഉൾപ്പെടെ ഇതിൽ അഞ്ചും മുംബൈയിലാണ്. രാജ്യത്ത് ആദ്യമായി സാമൂഹിക വ്യാപനം സ്ഥിരീകരിച്ച മുംബെയിൽ കൊവിഡ് രോഗികളുടെ എണ്ണം 700 കടന്നു. നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത 23 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. മുംബൈയ്ക്ക് പിന്നാലെ പൂനെയിലും മാസ്ക് ധരിക്കാത്തത് കുറ്റകരമാക്കിയിട്ടുണ്ട്. 

തമിഴ്നാട്ടില്‍ കൊവിഡ് ബാധിതര്‍ എഴുന്നൂറ് കടന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ച 48 പേരില്‍ 42ഉം നിസാമുദ്ദീനില്‍ നിന്ന് തിരിച്ചെത്തിയവരും ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുമാണ്. ചെന്നൈയാണ് ഹോട്ട്സ്പോട്ട്. 156 പേരാണ് നഗരത്തില്‍ മാത്രം കൊവിഡ് ബാധിതര്‍. ഇതോടെ നഗരത്തിലെ 67 സ്ഥലങ്ങള്‍ രോഗബാധിത മേഖലയായി പ്രഖ്യാപിച്ചു. ചെന്നൈയില്‍ കൊവിഡ് സ്ഥിരീകരിച്ച മൂന്ന് ഡോക്ടര്‍മാരുടെ സഹപ്രവര്‍ത്തകരെ നിരീക്ഷണത്തിലാക്കി. ചെന്നൈയില്‍ മരിച്ച മൂന്ന് പേര്‍ക്ക് എങ്ങനെ കൊവിഡ് പകര്‍ന്നുവെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല

കർണാടകത്തിൽ കൊവിഡ് മരണം അഞ്ചായി. കലബുറഗിയിൽ 65കാരൻ മരിച്ചു. രോഗലക്ഷണങ്ങൾ ഉണ്ടായിട്ടും ഇദ്ദേഹത്തെ നിരീക്ഷണത്തിൽ ആക്കാതിരുന്ന സ്വകാര്യ ആശുപത്രിക്കെതിരെ കേസെടുത്തു. ഇന്നലെ ആറ് പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് ബാധിതരില്ലാത്ത പന്ത്രണ്ട് ജില്ലകളിൽ ലോക്ക്ഡൗൺ പിൻവലിക്കുന്നത് ആലോചിക്കുന്നതായി മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ പറഞ്ഞു. കേന്ദ്രനിർദേശം അനുസരിച്ചായിരിക്കും തീരുമാനം. കർണാടകത്തിലെ എംഎൽഎമാരുടെ ശമ്പളം 30 ശതമാനം കുറച്ചു. തെലങ്കാനയിൽ ഇന്ന് 49 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഹൈദരാബാദിൽ മാത്രം കൊവിഡ് രോഗികളുടെ എണ്ണം ഇരുനൂറ് കടന്നു.

Follow Us:
Download App:
  • android
  • ios