ദില്ലി: മഹാമാരിയായി പ്രഖ്യാപിച്ച കൊവിഡ് 19നെതിരെ സംയുക്ത പ്രതിരോധ നീക്കത്തിന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം. വിഡിയോ കോൺഫറൻസിലൂടെ ആലോചിച്ച് പ്രതിരോധ നടപടികൾ തീരുമാനിക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു. പാകിസ്ഥാനുൾപ്പടെയുള്ള രാജ്യങ്ങൾക്കാണ് നിർദ്ദേശം നൽകിയത്. സാർക്ക് രാജ്യങ്ങളുടെ യോഗത്തിലാണ് മോദി ഈ നിർദ്ദേശം മുന്നോട്ട് വച്ചത്.

ഇതിനോട് അനുഭാവ പൂര്‍ണ്ണമാണ് പാക്കിസ്ഥാൻ പ്രതികരിച്ചത്. നരേന്ദ്ര മോദിയുടെ നിർദ്ദേശം പരിഗണിക്കുമെന്ന് പാക് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. പാക് ദേശീയ സുരക്ഷ കൗൺസിൽ മോദിയുടെ നിർദ്ദേശം ചർച്ച ചെയ്യും.

രോഗബാധ ഉയ‍ര്‍ത്തിയ വെല്ലുവിളിയെ തുട‍ര്‍ന്ന് പാർലമെൻറ് സമ്മേളനം വെട്ടിച്ചുരുക്കണമെന്ന് കേന്ദ്രമന്ത്രി ഹർസിമ്രത് കൗർ ബാദൽ ആവശ്യപ്പെട്ടു. തിങ്കളാഴ്ച സഭയിൽ ഹാജരാവാൻ ബിജെപി എംപിമാർക്ക് വിപ്പു നല്കി. ധനാഭ്യർത്ഥനകൾ ഒന്നിച്ചു പാസാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം.

കൊവിഡ്19 നെ തുട‍ര്‍ന്ന് ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്ത ക‍ര്‍ണാടകത്തിൽ മാര്‍ച്ച് 20 വരെ കടുത്ത നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തി. തിയേറ്ററുകൾ, മാളുകൾ, ഓഡിറ്റോറിയം തുടങ്ങിയവ അടച്ചിടും. വിവാഹങ്ങളും പൊതുപരിപാടികളും മാറ്റിവെക്കണമെന്ന് മുഖ്യമന്ത്രി യെദിയൂരപ്പ പറഞ്ഞു. സംസ്ഥാനത്ത് കായിക മത്സരങ്ങളും നടത്തില്ല.

ഇറ്റലിയിൽ വിമാനത്താവളത്തിൽ കുടുങ്ങിയ വിദ്യാർത്ഥികളുമായി ബന്ധപ്പെട്ടതായി ഇറ്റലിയിലെ ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. ഇവർക്ക് ഭക്ഷണവും താമസവും അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുമെന്നും കോൺസുലേറ്റ് അറിയിച്ചു.

അതിനിടെ കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ ഉത്തർപ്രദേശിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മാർച്ച്‌ 22 വരെ അവധി പ്രഖ്യാപിച്ചു. അതിനിടെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രതിഷേധം നടന്ന ജാമിയ സർവകലാശാല കാമ്പസിനുള്ളിൽ വിദ്യാർത്ഥികൾ ഒത്തുചേരുന്നത് ഒഴിവാക്കണമെന്ന് സർവകലാശാല ആവശ്യപ്പെട്ടു. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  ...