ദില്ലി: കൊവിഡ് രാജ്യത്ത് ഭീതി പടർത്തുന്നതിനിടയിൽ സൈബർ തട്ടിപ്പുകൾ വ്യാപകമാകുന്നു. ലോക്ക് ഡൗണിന് പിന്നാലെ രാജ്യത്ത് സൈബർ തട്ടിപ്പുകളുടെ എണ്ണം ഏറുകയാണ്. രാജ്യ തലസ്ഥാനത്ത് മാത്രം ഇതിനോടകം 48 പരാതികളാണ് കിട്ടിയത്. ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായി ദില്ലി സൈബര്‍ സെല്‍ ഡിസിപി അനീഷ് റോയി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ദുരിതാശ്വാസ നിധിയുടെ യുപിഐ ഐഡിയോട് സാമ്യമുള്ള മേല്‍വിലാസം ഉണ്ടാക്കി നടക്കുന്ന തട്ടിപ്പ് വ്യാപകമായതോടെയാണ് കേന്ദ്രസർക്കാർ മുന്നിറിയിപ്പ് നൽകിയത്. ലോക്ക് ഡൗണിന് പിന്നാലെ ദില്ലി ഉൾപ്പെടെയുള്ള നഗരങ്ങളിൽ ഓൺലൈൻ പേയ്മെന്റ് ആപ്പുകളിലെ തട്ടിപ്പുകളും വ്യാപകമായി. പൂനെയിൽ 23 ഉം, കൊൽക്കത്തയിൽ 18ഉം കേസുകൾ പുറത്തുവന്നു. മുംബൈ, ബംഗ്ലൂരു എന്നിവിടങ്ങളിലും തട്ടിപ്പുകൾ നടന്നതായി പരാതികളുണ്ട്. പാസ്‌വേഡ്, ഐഡി എന്നിവ ചോർത്തിയാണ് തട്ടിപ്പുകൾ ഏറെയും. 

Also Read: വ്യാജ യുപിഐ ഐഡി പ്രചരിക്കുന്നു; പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണമയക്കുന്നവർ ശ്രദ്ധിക്കുക

പരാതികൾ വ്യാപകമായതോടെ ജനങ്ങൾക്ക് സമൂഹമാധ്യമങ്ങൾ വഴി ബോധവൽക്കരണം ശക്തമാക്കിയതായി സൈബർ‍ സെൽ ഡിസിപി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കൊവിഡുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്ന വ്യാജേന ആകർഷകമായ ചിത്രങ്ങളോട് കൂടിയ ലിങ്കുകൾ അയച്ച് ഫോൺ വിവരങ്ങൾ ചോർത്താനുള്ള ശ്രമവും നടക്കുന്നതായി സൈബർ രംഗത്തെ വിഗദ്ധർ പറയുന്നു. ആമസോൺ, ഫ്ലിപ് കാർട്ട് തുടങ്ങിയ ഈ കമേഴ്സ് സൈറ്റുകൾ ലോക്ക് ഡൗൺ കാലത്ത് പ്രവർത്തനക്ഷമം അല്ലാതായതോടെ അവയുടെ പകർപ്പുകൾ ഉണ്ടാക്കി പണം തട്ടിയെന്ന പരാതികളുണ്ടെന്നും സൈബർ വിദ്ഗധർ പറയുന്നു.