ദില്ലി: വടക്ക് കിഴക്കൻ ദില്ലിയിൽ സ്ഥിതിഗതികൾ ശാന്തമായി തുടരുന്നു. നിരോധനാജ്ഞയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളിൽ ഇന്നും ഇളവുകൾ ഏർപ്പെടുത്തും. കഴിഞ്ഞ ദിവസം ഇളവ് ഏർപ്പെടുത്തിയതിലുള്ള പ്രതികരണം പോലീസിന്‍റെ ആത്മവിശ്വാസം കൂട്ടുന്നുണ്ട്. സ്ഥിതിഗതികൾ ശാന്തമായി തുടർന്നാൽ ഒരാഴ്ചക്ക് ശേഷം സേനയെ പിൻവലിക്കാമെന്ന വിലയിരുത്തലുകളുണ്ട്.നിലവിലെ സ്ഥിതി തൃപ്തികരമെന്നാണ് ആഭ്യന്തര വകുപ്പിന്‍റെയും വിലയിരുത്തൽ. അതേ സമയം ആം ആദ്മി നേതാവ് താഹിർ ഹുസൈൻ ഇനിയും പോലീസിന് മുന്നിൽ ഹാജരായിട്ടില്ല.ഐ ബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മയുടെ മരണത്തിൽ താഹിറന്റ അറസ്റ്റ് വൈകുന്നതിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്

ദില്ലിയിലെ കലാപത്തിൽ മരിച്ചവരുടെ എണ്ണം 42 ആയി ഉയർന്നു. വടക്കുകിഴക്കൻ ദില്ലിയില്‍ ജനങ്ങൾ പുറത്തിറങ്ങിത്തുടങ്ങി. അതിനിടെ ദില്ലി പൊലീസ് സ്പെഷ്യൽ കമ്മീഷറായി കഴിഞ്ഞ ദിവസം നിയമിച്ച എസ്എൻ ശ്രീവാസ്തവയെ കമ്മീഷണറായി നിയമിച്ചു. നിലവിലെ കമ്മീഷണർ അമൂല്യ പട്നായിക് നാളെ വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. അമൂല്യ പട്നായിക് കലാപം കൈകാര്യം ചെയ്ത രീതിയിൽ വലിയ വിമർശനം ഉയർന്നതോടെയാണ് കാലാവധി നീട്ടേണ്ടതില്ലെന്ന് തീരുമാനിച്ചത്. വനിത കമ്മീഷൻ അദ്ധ്യക്ഷ രേഖ ശർമ്മ കലാപത്തിന് ഇരകളായവരെ കണ്ടു.

മുസ്ലിം ലീഗ് എംപിമാരുടെ സംഘവും കലാപമുണ്ടായ സ്ഥലങ്ങൾ സന്ദർശിച്ചു. ഇതിനടെ സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, സ്വര ഭാസ്ക്കർ, അക്ബറുദ്ദീൻ ഒവൈസി എന്നിവരുടെ പ്രസംഗം കപാലത്തിന് ഇടയാക്കിയെന്ന് ചൂണ്ടിക്കാട്ടി ലോയേഴ്സ് വോയിസ് അഭിഭാഷക സംഘടന ഹൈക്കോടതിയെ സമീപിച്ചു. നോട്ടീസയച്ച ചീഫ് ജസ്സിറ്റിസ് അദ്ധ്യക്ഷനായ ബഞ്ച് കലാപത്തെക്കുറിച്ചുള്ള പ്രധാന കേസിനൊപ്പം ഇക്കാര്യവും പരിഗണിക്കാമെന്നറിയിച്ചു.