ദില്ലി: അസംബ്ലി തെരഞ്ഞെടുപ്പിന്റെ വോട്ടിങ് അവസാനിച്ചപ്പോൾ ദില്ലിയിൽ രാഷ്ട്രീയ പാർട്ടികളുടെ ക്യാംപുകളിൽ കനത്ത ആശങ്ക. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഇക്കുറി വോട്ടിങ് ശതമാനം കുത്തനെ താഴ്ന്നു. കഴിഞ്ഞ തവണ റെക്കോർഡ് പോളിങ് നടന്ന ദില്ലിയിൽ ഇത്തവണ 54.12 ശതമാനം മാത്രമാണ് ഇതുവരെയുള്ള പോളിങ്. അന്തിമ കണക്കുകളിൽ ഒന്നോ രണ്ടോ ശതമാനത്തിന്റെ മാറ്റമുണ്ടായേക്കും.

എന്നാൽ വോട്ടിങ് ശതമാനം കുറഞ്ഞത് രാഷ്ട്രീയ പാർട്ടികളുടെ ക്യാംപുകളെ ആശങ്കയിലാക്കിയിട്ടുണ്ട്. അൽപസമയത്തിനുള്ളിൽ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവരും.വോട്ടിങ് ശതമാനത്തിലെ ഇടിവ് ഏറെ വലച്ചത് ആംആദ്മി പാർട്ടി ക്യാംപിനെയാണ്. വോട്ടിങ് ശതമാനത്തിലെ കുറവ് ബിജെപിയുടെ പ്രതീക്ഷകൾ ഉയർത്തി.

"

എങ്കിലും ആംആദ്മി പാർട്ടി ക്യാംപ് ആത്മവിശ്വാസത്തിലാണ്. പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാൻ സാധിക്കില്ലെന്ന് ചില നേതാക്കൾ അഭിപ്രായപ്പെട്ടിട്ടുണ്ട്. വോട്ടിങ് ശതമാനം കുറഞ്ഞത് പല മണ്ഡലങ്ങളിലും ഇഞ്ചോടിഞ്ച് പോരാട്ടം നടന്നേക്കുമെന്ന സൂചനകൾ നൽകുന്നു. 55 ശതമാനത്തിൽ താഴെയാണ് പോളിങെങ്കിൽ തങ്ങൾക്കനുകൂലമാകും തെരഞ്ഞെടുപ്പ് ഫലമെന്നാണ് ബിജെപി ക്യാംപ് പറയുന്നത്. എന്നാൽ ബിജെപിയുടെ പ്രചാരണം താഴേത്തട്ടിൽ സ്വാധീനം ചെലുത്തിയിട്ടില്ലെന്ന നിഗമനത്തിലാണ് എഎപി.

തങ്ങളുടെ ഭരണനേട്ടങ്ങൾ ഉയർത്തിക്കാട്ടിയാണ് ദില്ലിയിൽ ആംആദ്മി പാർട്ടി പ്രചാരണം നടത്തിയത്. ഷാഹീൻ ബാഗ് സമരം, ദില്ലി കൂട്ടബലാത്സംഗ കേസ് പ്രതികളുടെ വധശിക്ഷ തുടങ്ങിയ വിഷയങ്ങളിൽ അരവിന്ദ് കെജ്രിവാൾ സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയായിരുന്നു ബിജെപിയുടെ പ്രചാരണം. ദില്ലിയിൽ 30-32 ശതമാനം വരെയാണ് ബിജെപിയുടെ അടിസ്ഥാന വോട്ട്. ഇതിൽ അഞ്ച് മുതൽ ഏഴ് ശതമാനം വരെ വോട്ട് വർധനവുണ്ടായാൽ ദില്ലി പിടിക്കാനാവുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ. 

"

കഴിഞ്ഞ തവണ നടന്ന അസംബ്ലി തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്ക് വൻ മുന്നേറ്റമാണ് നേടാനായത്. അവർ 54 ശതമാനം വോട്ട് നേടിയാണ് വിജയിച്ചത്. ഇക്കുറി ഇത്രയും വോട്ട് നേടാനാവുമെന്ന് എഎപി ക്യാംപ് പ്രതീക്ഷിക്കുന്നില്ല. അതേസമയം ഭരണത്തിലെത്താനാവുമെന്ന് തന്നെയാണ് എഎപിയുടെ വിശ്വാസം.