Asianet News MalayalamAsianet News Malayalam

ശാന്തമാകാതെ ദില്ലി, ജനം സംയമനം പാലിക്കണമെന്ന് സോണിയ ഗാന്ധി; പൊലീസിന് നേരെ വെടിവച്ചയാള്‍ പിടിയില്‍, മരണം നാലായി

സംഘര്‍ഷത്തിനിടെ മരിച്ചവരുടെ എണ്ണം നാലായി. നിരവധി പേർക്ക് പരിക്കേറ്റു. മൗജ്പുരിയിൽ വീടുകൾക്കും വാഹനങ്ങൾക്കും  പ്രതിഷേധക്കാർ തീയിട്ടു. പത്ത് ഇടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. 

delhi conflict police arrested who fired against police
Author
Delhi, First Published Feb 24, 2020, 11:51 PM IST

ദില്ലി: പൗരത്വ നിയമ പ്രതിഷേധങ്ങളെച്ചൊല്ലിയുള്ള സംഘര്‍ഷത്തിനിടെ പൊലീസിന് നേരെ വെടിവച്ച വ്യക്തിയെ അറസ്റ്റ് ചെയ്തെന്ന് ദില്ലി പൊലീസ്. മുഹമ്മദ് ഷാരൂഖ് എന്ന ആളാണ് പൊലീസിന് നേരെ വെടിവച്ചത്. വടക്കുകിഴക്കന്‍ ദില്ലിയില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. സംഘര്‍ഷത്തിനിടെ മരിച്ചവരുടെ എണ്ണം നാലായി. നിരവധി പേർക്ക് പരിക്കേറ്റു. മൗജ്പുരിയിൽ വീടുകൾക്കും വാഹനങ്ങൾക്കും പ്രതിഷേധക്കാർ തീയിട്ടു. പത്ത് ഇടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. 

ഡോണൾഡ്‌ ട്രംപിന്‍റെ സന്ദർശനത്തിനിടെയാണ് പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധങ്ങളിൽ രാജ്യ തലസ്ഥാനം  പുകയുന്നത്. നിയമത്തെ അനുകൂലിക്കുന്നവരും സമരക്കാരും മൗജ്പൂരിൽ കല്ലേറോടെയാണ് ഇന്നും പ്രശ്നങ്ങള്‍ തുടങ്ങിയത്. ഇരുകൂട്ടരും ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. നിരവധി വീടുകൾക്ക് തീയിട്ടു. രണ്ട് കാറും ഓട്ടോറിക്ഷയും അഗ്നിക്കിരയാക്കി. ഗോകുൽപുരി, ഭജൻപുര, ബാബർപൂർ എന്നിവിടങ്ങളിലേക്ക് പിന്നീട് സംഘർഷം വ്യാപിച്ചു. കല്ലേറിൽ തലയ്ക്ക് ഗുരുതരമായ പരുക്കേറ്റ ഹെഡ് കോൺസ്റ്റബിൾ രതൻലാൽ മരിച്ചു. മൂന്ന് നാട്ടുകാരും കൊല്ലപ്പെട്ടു.

Also Read: 'ദില്ലി കത്തിയെരിയുമ്പോഴും നിങ്ങള്‍ സല്‍ക്കാരത്തിരക്കില്‍'; മോദിക്കെതിരെ ഇല്‍ത്തിജ മുഫ്തി

സംഘര്‍ഷത്തില്‍ ഷാഹ്ദരാ ഡിസിപിക്കും പരിക്കുണ്ട്. ഭജൻപുരയില്‍ അക്രമികളെ നേരിടാന്‍ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു.  സുരക്ഷക്കായി 8 കമ്പനി സിആർപിഎഫിനെ വിന്യസിച്ചിട്ടുണ്ട്. സംഘർഷങ്ങൾ നിയന്ത്രണ വിധേയമെന്ന് പൊലീസ് പറയുമ്പോഴും വിവിധയിടങ്ങളിൽ അക്രമം തുടരുകയാണ്. കടകൾക്ക് തീയിട്ടു. ഡോണൾഡ് ട്രംപിൻെറ ഇന്ത്യ സന്ദർശനത്തിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് ആഭ്യന്തര സഹമന്ത്രി ജി കിഷൻ റെഡ്ഢി പ്രതികരിച്ചു. ക്രമസമാധാനം ഉറപ്പു വരുത്താൻ ആഭ്യന്തരമന്ത്രി അമിത് ഷായോട് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ ആവശ്യപ്പെട്ടു. ജനങ്ങൾ സംയമനം പാലിക്കണമെന്ന് രാഹുൾ ഗാന്ധി അഭ്യർത്ഥിച്ചു. മതസൗഹാർദ്ദം നിലനിർത്താൻ എല്ലാവരും ശ്രമിക്കണമെന്ന് സോണിയ ഗാന്ധിയും ആവശ്യപ്പെട്ടു. മതത്തിന്‍റെ പേരിലുള്ള വിഭജന ശ്രമങ്ങളെ പരാജയപ്പെടുത്തണമെന്നും സോണിയ പറഞ്ഞു.

Also Read: വടക്ക് കിഴക്കൻ ദില്ലിയിലെ സ്‍കൂളുകള്‍ക്ക് നാളെ അവധി: പരീക്ഷകള്‍ മാറ്റി

Follow Us:
Download App:
  • android
  • ios