ദില്ലി: അസംബ്ലി തെരഞ്ഞെടുപ്പ് വോട്ടെടുപ്പിന് പിന്നാലെ വന്ന എക്സിറ്റ് പോൾ ഫലങ്ങൾ ദില്ലിയിൽ ആം ആദ്മി സർക്കാരിന്റെ ആത്മവിശ്വാസം വർധിപ്പിച്ചിരിക്കുകയാണ്. അതിനിടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി, ആം ആദ്മി പാർട്ടികൾ അടിയന്തിര നേതൃ യോഗങ്ങൾ വിളിച്ചു ചേർത്തു.

ദില്ലിയിൽ ബിജെപി ആസ്ഥാനത്താണ് ബിജെപിയുടെ നേതാക്കളുടെ യോഗം. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളാണ് ആംആദ്മി പാർട്ടിയുടെ നേതൃയോഗം വിളിച്ചു ചേർത്തത്. 

എക്സിറ്റ് പോൾ പ്രവചനങ്ങളുടെ പശ്ചാത്തലത്തിലാണ് അടിയന്തര യോഗം ഇരു പാർട്ടികളും വിളിച്ചു ചേർത്തത്. എക്സിറ്റ് പോളുകൾ എല്ലാം പരാജയമാണെന്ന് ദില്ലി തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന പതിനൊന്നാം തീയതി തെളിയുമെന്ന് ബിജെപി ദില്ലി പ്രസിഡന്റ് മനോജ് തിവാരി പറഞ്ഞു. ബിജെപി സർക്കാര് ഭരണത്തിൽ വരുമെന്നും തിവാരി ആത്മവിശ്വാസം പ്രകടിപ്പിച്ചു. 47 സീറ്റ് ലഭിക്കുമെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തതോടെ രാഷ്ട്രീയ നിരീക്ഷകരെല്ലാം നെറ്റി ചുളിച്ചിരിക്കുകയാണ്.

അതേസമയം ദില്ലിയിൽ വോട്ടിങ് മെഷീനുകൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ് റൂമുകൾക്ക്‌ പുറത്ത് കാവൽ നിൽക്കാൻ ആം ആദ്മി പാർട്ടി പ്രവർത്തകർക്ക് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നിർദേശം നൽകി. നേതാക്കളുടെ അടിയന്തര യോഗം വിളിച്ചു ചേർത്തതിന് പിന്നാലെയായിരുന്നു ഇത്.