ദില്ലി: അസമിനെ ഇന്ത്യയിൽനിന്ന് വേർപ്പെടുത്തണമെന്ന വിവാദ പ്രസംഗത്തിന് പിന്നാലെ  ജെഎന്‍യു വിദ്യാര്‍ഥി ഷര്‍ജീല്‍ ഇമാമിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്ത് ദില്ലി പൊലീസ്. പൗരത്വ നിയമ ഭേദഗതിക്കും എന്‍ആര്‍സിക്കുമെതിരായ പ്രസംഗങ്ങളിലെ പരാമര്‍ശങ്ങള്‍ രാജ്യത്തിന്‍റെ ഐക്യത്തിന് തന്നെ വെല്ലുവിളിയാവുന്നതാണെന്ന് ഷര്‍ജീലിനെതിരായ എഫ്ഐആര്‍ വിശദമാക്കുന്നു. 

വര്‍ഗീയപരമായ വിദ്വേഷം പരത്താനും ഈ പ്രസംഗം കാരണമായെന്നും എഫ്ഐആര്‍ കൂട്ടിച്ചേര്‍ക്കുന്നു. ജനുവരി 13 ന് നടത്തിയ പ്രസംഗത്തിലെ പരാമര്‍ശങ്ങളാണ് വിവാദമായിരിക്കുന്നത്. ജാമിയ മിലിയയിലും സമാനമായ പ്രസംഗം ഷര്‍ജീല്‍ ഇമാം നടത്തിയിട്ടുണ്ടെന്നും ദില്ലി പൊലീസ് വ്യക്തമാക്കി. ഇത്തരം പ്രസംഗങ്ങള്‍ സാമുദായിക ഐക്യം തകര്‍ക്കുന്നതാണെന്നും പൊലീസ് എഫ്ഐആറില്‍ വിശദമാക്കുന്നു. 

നേരത്തെ ഷര്‍ജീല്‍ ഇമാമിന്റെ വിവാദപ്രസ്താവനയെ എഐഎംഐഎം അധ്യക്ഷനും എംപിയുമായ അസദുദ്ദീൻ ഒവൈസി ശക്തമായി അപലപിച്ചിരുന്നു. ഇന്ത്യ ഒരു രാജ്യമാണ്, അല്ലാതെ കോഴിയുടെ കഴുത്തല്ല. ഇന്ത്യയെ തകർക്കാനോ വേർപ്പെടുത്താനോ കഴിയില്ലെന്നും അസദുദ്ദീൻ ഒവൈസി പറഞ്ഞു. ഇന്ത്യയെയോ ഇന്ത്യയിലെ മറ്റെതെങ്കിലും പ്രദേശത്തേയോ തകർക്കാൻ ആർക്കും കഴിയില്ല. ഇത്തരം പ്രസ്താവനകൾ അം​ഗീകരിക്കാൻ കഴിയുന്നതല്ല. ഇത്തരം അര്‍ത്ഥശൂന്യമായ സംഭാഷണങ്ങൾ പൊറുക്കില്ലെന്നും ഒവൈസി കൂട്ടിച്ചേർത്തു.

അലിഗഡ്​ മുസ്​ലിം സർവകലാശാലയിൽ ഷര്‍ജീല്‍ ഇമാമിന്റെ പ്രസം​ഗം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബിജെപി നേതാവ് സാംപിത് പത്രയാണ് ട്വിറ്ററിലൂടെ വീഡിയോ പങ്കുവച്ചത്.

നമ്മളൊരുമിച്ചാൽ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയിൽനിന്ന് വേർപ്പെടുത്താനാകുമെന്നും അസമിനെ ഇന്ത്യയിൽ നിന്ന് വേർപ്പെടുത്തുക എന്നത് തങ്ങളുടെ ഉത്തരവാദിത്വമാണെന്നുമാണ് ഷര്‍ജീല്‍ പ്രസം​ഗത്തിൽ പറയുന്നത്. ഷര്‍ജീലിന്റെ വിദ്വേഷപ്രസം​ഗത്തെ തുടർന്ന് ഇയാൾക്കെതിരെ അലിഘഡ് പൊലീസ് യുഎപിഎ ചുമത്തി കേസെടുത്തിട്ടുണ്ട്. ക്രിമിനൽ ​ഗൂഢാലോചന, രാജ്യദ്രോഹം തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഷർജിൽ ഇമാമിനെതിരെ പൊലീസ് കേസെടുത്തത്. സിഎഎയ്ക്കും എൻആർസിക്കുമെതിരെ വിവാദപ്രസ്താവനകൾ നടത്തിയതിനെതിരേയും പൊലീസ് കേസെടുത്തിട്ടുണ്ട്.