ദില്ലി: വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കൾക്കെതിരെ കേസ് എടുക്കണമെന്ന് നിര്‍ദ്ദേശിച്ച ജസ്റ്റിസ് മുരളീധറിന് സ്ഥലംമാറ്റം. കേസ് പരിഗണിക്കുന്ന ദില്ലി ഹൈക്കോടതി ബെഞ്ചിൽ മാറ്റം വരുത്തിയതിന് പിന്നാലെയാണ് സ്ഥലം മാറ്റ ഉത്തരവ് കേന്ദ്രസർക്കാർ വിജ്ഞാപനമായി പുറത്തിറക്കിയിരിക്കുന്നത്. ജസ്റ്റിസ് മുരളീധറിനെ സ്ഥലം മാറ്റാന്‍ നേരത്തെ കൊളീജിയം ശുപാര്‍ശ ചെയ്തിരുന്നു . പഞ്ചാബ് ഹരിയാന ഹൈക്കോടതിയിലേക്കാണ് സ്ഥലം മാറ്റം . 

നാളെ കേസ് പരിഗണിക്കുന്നത് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ്. ജസ്റ്റിസ് മുരളീധർ അധ്യക്ഷനായ ബെഞ്ചാണ് ഇന്ന് കേസ് പരിഗണിച്ചത്. ദില്ലി കലാപങ്ങളുടെ പശ്ചാത്തലത്തിൽ വിദ്വേഷ പ്രസംഗം നടത്തിയ ബിജെപി നേതാക്കൾക്കെതിരെ കേസ് എടുക്കണമെന്ന് ദില്ലി ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. പൗരത്വ നിയമ ഭേദഗതിയെ ചൊല്ലി കലാപം വ്യാപിച്ച സാഹചര്യത്തിൽ കപിൽ മിശ്രയുടെ വിദ്വേഷ പ്രസംഗം കോടതി മുറിയിൽ പ്രദര്‍ശിപ്പിച്ചു. അനുരാഗ് ഠാക്കൂര്‍, പര്‍വേഷ് വര്‍മ്മ, അഭയ് വര്‍മ്മ എന്നിവരുടെ പ്രസംഗങ്ങളും പരിശോധിച്ച് ഉചിതമായ നടപടി എടുക്കാനാണ് ദില്ലി പൊലീസിന് കോടതി നിര്‍ദ്ദേശം നൽകിയത്. 

ദില്ലി കലാപ കേസ് പരിഗണിക്കവെ അസാധാരണ നടപടികളാണ് ദില്ലി ഹൈക്കോടതിയിൽ ഉണ്ടായത്. ദില്ലിയിലെ കലാപത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെടുന്ന ഹർജി ഇന്നലെ അർദ്ധരാത്രി ഹൈക്കോടതി പരിഗണിച്ചിരുന്നു. കലാപ മേഖലയിലേക്ക് പോകാൻ പൊലീസിന് ഇന്നലെ കോടതി ഉത്തരവ് നല്കിയിരുന്നു. ഇന്ന് ഹർജി വീണ്ടും പരിഗണിക്കുമ്പോൾ കപിൽ മിശ്രയുടെ വിദ്വേഷപ്രസംഗം കേട്ടോ എന്ന  ചോദ്യത്തിന് ഇല്ല എന്നായിരുന്നു കോടതിയിലുണ്ടായിരുന്നു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻറെ മറുപടി.

തുടർന്ന് ജസ്റ്റിസ് എസ് മുരളീധർ അദ്ധ്യക്ഷനായ ബഞ്ച് തന്നെ പ്രസംഗത്തിന്‍റെ വീഡിയോ ക്ലിപ്പ്  കാണിച്ചു. എന്തുകൊണ്ട് ഇതുവരെ കേസെടുത്തില്ലെന്ന് ചോദിച്ച കോടതി ഹർജിയിൽ പറയുന്ന കപിൽ മിശ്ര, അനുരാഗ് താക്കൂർ, പർവേശ് വർമ്മ, അഭയ് താക്കൂർ എന്നിവരുടേത് ഉൾപ്പെടെ എല്ലാ വിദ്വേഷ പ്രസംഗങ്ങളിലും ഉടൻ തീരുമാനമെടുക്കണം എന്നും നിര്‍ദ്ദേശിക്കുകയായിരുന്നു,

ഇരകളുടെ കുടുംബവുമായി സംസാരിക്കാനും സ്ഥിതി നിരീക്ഷിക്കാനും അഡ്വക്കേറ്റ്  സുബൈദ ബീഗത്തെ കോടതി അമിക്കസ് ക്യൂറിയായി നിയോഗിച്ചു. ഹൈക്കോടതി കേസ് കേൾക്കുന്ന സാഹചര്യത്തിൽ സുപ്രീംകോടതി വിഷയത്തിൽ ഇടപെട്ടില്ല. എന്നാൽ എന്തുകൊണ്ട് കൺമുന്നിൽ നടന്നത് തടയാൻ പൊലീസിനായില്ലെന്ന് ജസ്റ്റിസുമാരായ എസ്കെ കൗളും കെഎം ജോസഫും ഉൾപ്പെട്ട ബഞ്ച് ചോദിച്ചു. ബ്രിട്ടനിലെ പൊലീസിൽ നിന്ന് പഠിക്കാനും കോടതി നിർദ്ദേശിച്ചു.