മുംബൈ: വജ്ര വ്യാപാരികൾക്കിടയിൽ പ്രശസ്തനായിരുന്ന ധിരൺ ഷാ മുംബൈയിലെ തന്റെ ഓഫീസ് കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്തു. ദക്ഷിണ മുംബൈയിലെ 15 നില കെട്ടിടത്തിന് മുകളിൽ നിന്നാണ് ഇദ്ദേഹം താഴേക്ക് ചാടിയത്.

റിനൈസൻസ് ഗ്ലോബൽ 2010 ൽ ഏറ്റെടുത്ത ലിസ്റ്റഡ് കമ്പനിയായ ആഭരണ നിർമ്മാണ കമ്പനിയായ എൻ കുമാർ ഡയമണ്ടിന്റെ പാർട്‌ണറായിരുന്നു ഇദ്ദേഹം. മൃതദേഹത്തിൽ നിന്ന് നാല് വരി ആത്മഹത്യാ കുറിപ്പ് കണ്ടെത്തി. തന്റെ മരണത്തിന് ആരും കാരണക്കാരല്ലെന്നാണ് ഇദ്ദേഹം ഇതിൽ രേഖപ്പെടുത്തിയത്.

വജ്ര വ്യാപാര രംഗത്ത് സ്വപ്രയത്നം കൊണ്ട് വലിയ ശ്രദ്ധയാകർഷിച്ചയാളാണ് ധിരൺ ഷാ. അധികമൊന്നും സംസാരിക്കാത്ത ഇദ്ദേഹം വിഷാദരോഗിയായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. ആത്മഹത്യാക്കുറിപ്പിൽ കാരണം പ്രതിപാദിച്ചിട്ടില്ലെങ്കിലും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ധിരൺ ഷായുടെ മരണവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്താനാണ് തീരുമാനം.