ഹൈദരബാദ്: കൊവിഡ് 19 വ്യാപനത്തില്‍ അപ്രതീക്ഷിത വര്‍ധനവ് ഉണ്ടാക്കിയത് തബ് ലീഗ് ജമാത്ത് ആണെന്ന വാദത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആന്ധ്ര മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി. ദില്ലിയില്‍ തബ് ലീഗ് ജമാത്തില്‍ സംഭവിച്ചത് ദൌര്‍ഭാഗ്യകരമാണ്. ഇത്തരം സംഭവങ്ങള്‍ എവിടെയും സംഭവിക്കാന്‍ സാധ്യതയുള്ള കാര്യമാണ്.

നമ്മുക്ക് നിരവധി  മത നേതാക്കന്മാരുണ്ട്. ശ്രീ ശ്രീ രവി ശങ്കറിന്‍റെ ആര്‍ട്ട് ഓഫ് ലിവിങ് സമ്മേളനം, ജഗ്ഗി വാസുദേവിന്‍റെ ഇഷാ ഫൌണ്ടേഷന്‍റെ പ്രാര്‍ത്ഥനാ യോഗങ്ങള്‍, മാതാ അമൃതാനന്ദമയി, പോള്‍ ദിനകരന്‍, ജോണ്‍ വീസ്ലി എന്നിങ്ങനെയുള്ളവരെ പിന്തുണയ്ക്കുന്നവരുടെ സമ്മേളനത്തിന് ഇടയിലും ഇത് സംഭവിക്കാന്‍ സാധ്യതയുളള കാര്യമാണ്. തബ്ലിഗ് ജമാത്തിനിടയില്‍ സംഭവിച്ചത് നിര്‍ഭാഗ്യകരമാണ്.

കൊവിഡ് 19 വര്‍ധനവില്‍ ഒരു പ്രത്യേക മതവിഭാഗത്തെയും സമ്മേളനത്തെയും കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്ന്  ജഗന്‍ മോഹന്‍ റെഡ്ഡി ശനിയാഴ്ചത്തെ പറഞ്ഞു. കൊറോണ വൈറസ് ബാധിക്കുന്നതിന് ജാതിമത വ്യത്യാസമില്ല. മരുന്നുമില്ല. പാവപ്പെട്ടവനും പണക്കാരനുമെന്ന വ്യത്യാസമില്ല. രാജ്യ വ്യത്യാസമില്ല. നമ്മുടെ യുദ്ധത്തിലെ എതിരാളി അദൃശ്യനായ വൈറസാണെന്നും ജഗന്‍ മോഹന്‍ റെഡ്ഡി പറഞ്ഞു. ലോകം തന്നെ കൊവിഡ് പ്രതിസന്ധിയിലായിരിക്കേ ഇത്തരത്തിലുള്ള വിവേചനം കാട്ടരുത്. പ്രധാനമന്ത്രിയുടെ ദീപം തെളിയിക്കല്‍ നിര്‍ദേശത്തില്‍ എല്ലാവരും പങ്കെടുക്കണമെന്നും ജഗന്‍ മോഹന്‍ റെഡ്ഡി ആവശ്യപ്പെട്ടു.