Asianet News MalayalamAsianet News Malayalam

അനുരാഗ് താക്കൂറിനെയും പർവേശ് വർമ്മയെയും താരപ്രചാരകരുടെ പട്ടികയിൽ നിന്ന് നീക്കണം: തെരഞ്ഞെടുപ്പ് കമ്മിഷൻ

മറ്റൊരു അറിയിപ്പ് ലഭിക്കുന്നത് വരെ പ്രചാരണത്തിൽ പങ്കെടുപ്പിക്കരുതെന്നാണ് നിർദ്ദേശം. ദില്ലിയിലെ റിതാല മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി മനോജ് ചൗധരിയുടെ പ്രചാരണ പരിപാടിയിലാണ് കേന്ദ്രമന്ത്രിയുടെ വിവാദ പ്രസംഗം

Drop Anurag Thakur, Parvesh Verma As BJP Star Campaigners, Says Poll Body
Author
Thiruvananthapuram, First Published Jan 29, 2020, 2:23 PM IST

ദില്ലി: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ദില്ലിയിൽ വര്‍ഗീയ പരാമര്‍ശങ്ങളും പ്രസ്താവനകളും നടത്തിയ ബിജെപി നേതാക്കളെ താരപ്രചാരകരുടെ പട്ടികയിൽ നിന്ന് നീക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിട്ടു. കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍, എംപി പര്‍വേശ് വര്‍മ എന്നിവരെ നീക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ ബിജെപിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

മറ്റൊരു അറിയിപ്പ് ലഭിക്കുന്നത് വരെ പ്രചാരണത്തിൽ പങ്കെടുപ്പിക്കരുതെന്നാണ് നിർദ്ദേശം. ദില്ലിയിലെ റിതാല മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി മനോജ് ചൗധരിയുടെ പ്രചാരണ പരിപാടിയിലാണ് കേന്ദ്രമന്ത്രിയുടെ വിവാദ പ്രസംഗം. രാജ്യത്തെ ഒറ്റുകാര്‍ക്ക് നേരെ വെടിവെക്കാനായിരുന്നു കേന്ദ്രമന്ത്രിയുടെ യോഗത്തില്‍ മുദ്രാവാക്യം. രാജ്യത്തെ ഒറ്റുന്നവര്‍ക്കെതിരെ എന്ന് ആഹ്വാനം ചെയ്ത താക്കൂര്‍, പ്രവര്‍ത്തകരെക്കൊണ്ട് 'വെടിവെക്കൂ'' മുദ്രാവാക്യം ഏറ്റുവിളിപ്പിക്കുകയും ചെയ്തു.

പ്രസംഗത്തിന്‍റെ വീഡിയോ ട്വിറ്ററില്‍ വൈറലായി. 'ദേശ് കെ ഗദ്ദറോണ്‍'....എന്ന് താക്കൂര്‍ വിളിക്കുകയും 'ഗോലി മാരോ സാലോണ്‍ കോ' എന്ന് പ്രവര്‍ത്തകരെക്കൊണ്ട് വിളിപ്പിക്കുകയുമായിരുന്നു. മുതിര്‍ന്ന നേതാവ് ഗിരിരാജ് സിംഗിന്‍റെ സാന്നിധ്യത്തിലായിരുന്നു കേന്ദ്രമന്ത്രിയുടെ ആഹ്വാനം. അനുരാഗ് താക്കൂറിന്‍റെ പ്രസംഗത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി.

കേന്ദ്രധനകാര്യ സഹമന്ത്രിയായ അനുരാഗ് താക്കൂറിന് രാജ്യത്തെ സാമ്പത്തികാവസ്ഥയെക്കുറിച്ച് ഒന്നും പറയാനില്ലാത്തതിനാലാണ് ഇത്തരത്തില്‍ പ്രസംഗിക്കുന്നതെന്ന് എഎപി കുറ്റപ്പെടുത്തിയിരുന്നു. തൊഴിലില്ലായ്മ, സാമ്പത്തിക പ്രതിസന്ധി, വിലക്കയറ്റം എന്നിവ നേരിടുന്നതിനിടെ സഹമന്ത്രി ആളുകളെ വെടിവെച്ച് കൊല്ലാന്‍ ആഹ്വാനം ചെയ്യുകയാണെന്നും എഎപി ആരോപിച്ചു. കേന്ദ്രമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസും രംഗത്തെത്തി. 

പൗരത്വ നിയമ ഭേദഗതിക്കെതിരെ ദില്ലിയിലെ ഷഹീന്‍ബാഗില്‍ സമരം ചെയ്യുന്നവര്‍ക്കെതിരെയാണ് ബിജെപി എംപി പര്‍വേഷ് സാഹിബ് സിംഗ് വെര്‍മ വിവാദ പ്രസംഗം നടത്തിയത്. അവര്‍(ഷെഹീന്‍ബാഗില്‍ സമരം ചെയ്യുന്നവര്‍) നിങ്ങളുടെ വീടുകളില്‍ കയറി  പെണ്‍മക്കളെയും സഹോദരികളെയും ബലാത്സംഗം ചെയ്യുമെന്ന് വെര്‍മ പറഞ്ഞു. ദില്ലി നിയമസഭ തെരഞ്ഞെടുപ്പിലെ ബിജെപി റാലിയിലാണ് എംപിയുടെ പരാമര്‍ശം.

"ഇത് സാധാരണ തെരഞ്ഞെടുപ്പല്ല. രാജ്യത്തിന്‍റെ ഐക്യത്തെ തീരുമാനിക്കുന്ന തെരഞ്ഞെടുപ്പാണ്. ബിജെപി ദില്ലിയില്‍ അധികാരത്തിലെത്തിയാല്‍ ഒരുമണിക്കൂറിനുള്ളില്‍ ഒറ്റ പ്രക്ഷോഭകര്‍ പോലും ഷഹീന്‍ബാഗില്‍ ഉണ്ടാകില്ല. ഒരു മാസത്തിനുള്ളില്‍ സര്‍ക്കാര്‍ ഭൂമിയില്‍ ഒറ്റ പള്ളിപോലും നിര്‍മിക്കാന്‍ അനുവദിക്കില്ല. ലക്ഷക്കണക്കിന് ആളുകളാണ് ഷഹീന്‍ബാഗില്‍ കൂടിയിരിക്കുന്നത്. അവര്‍ നിങ്ങളുടെ വീടുകളില്‍ കയറി നിങ്ങളുടെ പെൺമക്കളെയും സഹോദരിമാരെയും ബലാത്സംഗം ചെയ്ത് കൊല്ലും. നാളെ നിങ്ങളെ രക്ഷിക്കാന്‍ മോദിജിയും അമിത് ഷായും വരണമെന്നില്ല," എംപി പറ‌ഞ്ഞു.

വെസ്റ്റ് ദില്ലി എംപിയാണ് വെര്‍മ. വികാസ്പുരി മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് എംപിയുടെ വിവാദ പരാമര്‍ശം. കഴിഞ്ഞ ഒരുമാസത്തിലേറെയായി ദില്ലിയിലെ ഷെഹീന്‍ബാഗില്‍ സിഎഎക്കെതിരെ സ്ത്രീകളുടെ നേതൃത്വത്തില്‍ സമരം തുടരുകയാണ്. പൗരത്വ നിയമ ഭേദ​ഗതിക്കെതിരെ ദില്ലിയിലെ ഷഹീൻ ബാഗിൽ പ്രതിഷേധിക്കുന്നവർക്കെതിരെ ബിജെപി ദേശീയ സെക്രട്ടറി രാഹുൽ സിൻഹയും രംഗത്തെത്തിയിരുന്നു.

Follow Us:
Download App:
  • android
  • ios