Asianet News MalayalamAsianet News Malayalam

കുരുക്ക് റോബര്‍ട്ട് വദ്രയിലേക്കോ? സി സി തമ്പി വദ്രയുടെ ബിനാമിയെന്നതിന് കൂടുതല്‍ തെളിവെന്ന് ഇഡി

റോബര്‍ട്ട് വദ്രയുടെ അനുയായിയിൽ നിന്ന് ഫരിദാബാദില്‍ തമ്പി ഭൂമി വാങ്ങി. വദ്രയുടെയും പ്രിയങ്കാ ഗാന്ധിയുടെയും ഭൂമിയുമായി ചേർന്ന് കിടക്കുന്ന സ്ഥലമാണ് തമ്പി വാങ്ങിയതെന്നും ഇഡി. 

ed says they have more proof about relation between robert vadra and his benami cc thampi
Author
Delhi, First Published Jan 22, 2020, 11:16 AM IST

ദില്ലി:  സി സി തമ്പി 2005ല്‍ ഫരീദാബാദില്‍ ഭൂമി വാങ്ങിയെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. റോബര്‍ട്ട് വദ്രയുടെ അനുയായിയിൽ നിന്നാണ് തമ്പി ഭൂമി വാങ്ങിയത്. വദ്രയുടെയും പ്രിയങ്കാ ഗാന്ധിയുടെയും ഭൂമിയുമായി ചേർന്ന് കിടക്കുന്ന സ്ഥലമാണ് തമ്പി വാങ്ങിയതെന്നും ഇഡി പറഞ്ഞു.

വദ്രയുടെ അനുയായികൾ വഴി തമ്പി 50 കോടിയുടെ ഇടപാട് നടത്തിയെന്നാണ് ഇഡി വിശദീകരിക്കുന്നത്.  സി സി തമ്പിയിലൂടെ  റോബർട്ട് വദ്രയ്കക്കുള്ള കുരുക്ക് മുറുക്കുകയാണ് എൻഫോഴ്സ്മെന്‍റ് . വദ്രയുമായി ചേ‍ർന്നുള്ള ലണ്ടനിലെയും ഹരിയാനയിലെയും നിക്ഷേപങ്ങളിൽ  തമ്പിയുടെ ചോദ്യം ചെയ്യൽ ഇന്നും തുടരുകയാണ്. ഇതിനിടെയാണ് 2005ൽ  ഫരീദാബാദിലെ അമീപ്പൂർ‍ ഗ്രാമത്തിൽ റോബര്‍ട്ട് വദ്രയുടെയും പ്രിയങ്ക ഗാന്ധിയുടെയും ഭൂമിയുമായി ചേർന്നു കിടക്കുന്ന സ്ഥലങ്ങൾ തമ്പി വാങ്ങിയെന്ന വിവരം  എൻഫോഴ്സ്മെന്റ് പുറത്തുവിട്ടിരിക്കുന്നത്. 

ഇടനിലക്കാരായ മഹേഷ് നാഗർ, ലാൽ പഹാ എന്നിവർ അമീപ്പൂരിൽ ചുരുങ്ങിയ വിലക്ക് ഭൂമി വാങ്ങി കൂട്ടി. ഇത് പിന്നീട് വദ്രക്കും തമ്പിക്കുമായി വില്‍ക്കുകയായിരുന്നു. നേരത്തെ വാങ്ങിയ വിലയ്ക്ക് തന്നെയാണ് ഭൂമി മറിച്ചുവിറ്റത്. 50 കോടി രൂപയുടെ ഇടപാടുകൾ അമീപ്പൂരിൽ മാത്രം നടന്നെന്നാണ് ഇഡിയുടെ വിശദീകരണം. ഹരിയാനയിലും രാജസ്ഥാനിലും ഇത്തരത്തിൽ ഭൂമി വാങ്ങിയതിന്റെ തെളിവുകളും എന്‍ഫോഴ്സ്മെന്‍റ് ശേഖരിച്ചിട്ടുണ്ട്. എന്നാൽ തമ്പിയുടെ മറ്റു സ്ഥലങ്ങളിലെ ഇടപാടുകളെക്കുറിച്ചും  അന്വേഷണം വ്യാപിക്കുമെന്നാണ് സൂചന. തമ്പിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസിൽ വദ്രയെ വിളിച്ചുവരുത്താനാണ് നീക്കം. കള്ളപ്പണക്കേസിൽ വദ്രയുടെ ജാമ്യം റദ്ദാക്കാൻ നേരത്തെ  എൻഫോഴ്‌സ്‌മെന്റ്‌ കോടതിയെ സമീപിച്ചിരുന്നു.

മലയാളിയായ തമ്പി  റോബർട്ട് വദ്രയുടെ ബിനാമിയായിരുന്നെന്ന് എൻഫോഴ്‌സ്മെന്റ് വിഭാഗം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഒഎൻജിസിയുടെ പ്രത്യേക സാമ്പത്തിക മേഖല കരാർ, സാംസങ് കമ്പനിക്ക് നല്കാൻ ആയുധ ഇടപാടുകാരനായ  സഞ്ജയ് ഭണ്ഡാരി ഇടനിലക്കാരനായിരുന്നു. ഈ ഇടപാടിൻറെ ഭാഗമായി വദ്രയ്ക്ക് കെട്ടിടം വാങ്ങി നല്കാനായിരുന്നു ഭണ്ഡാരി ശ്രമിച്ചത്. തമ്പി രൂപീകരിച്ച കടലാസ് കമ്പനിയുടെ പേരിലായിരുന്നു ദുബായിൽ ഇടപാടിന് ശ്രമിച്ചത്. പിന്നീട് ലണ്ടനിൽ 26 കോടിയുടെ കെട്ടിടം ഭണ്ഡാരി വാങ്ങി തമ്പിക്ക് കൈമാറി. തമ്പിയെ ബിനാമിയാക്കി വദ്രയാണ് ഈ കെട്ടിടം ഉപയോഗിച്ചിരുന്നതെന്നും എൻഫോഴ്സമെൻറ് വ്യക്തമാക്കിയിരുന്നു.  തമ്പിയുടെ അറസ്റ്റിൽ ഇതുവരെ റോബർട്ട് വദ്ര പ്രതികരിച്ചിട്ടില്ല.

ഒഎൻജിസിയുമായി ബന്ധപ്പെട്ട 1000 കോടിയിലേറെ രൂപയുടെ അഴിമതി ഇടപാടില്‍ തമ്പിക്ക് പങ്കുണ്ടെന്നാണ് ഇഡി ആരോപിക്കുന്നത്. 2017ലാണ് അദ്ദേഹത്തിനെതിരെ എന്‍ഫോഴ്സ്മെന്‍റ് കേസ് രജിസ്റ്റര്‍ ചെയ്തത്. ദില്ലിയിലേക്ക്  വിളിച്ചു വരുത്തിയായിരുന്നു തിങ്കളാഴ്ച തമ്പിയെ ഇഡി അറസ്റ്റ് ചെയ്തത്. തമ്പിയുടെ കേരളത്തിലെ ഭൂമി ഇടപാടുകളും പരിശോധനയിലുണ്ട്.ദുബായി കേന്ദ്രീകരിച്ചാണ് തമ്പിയുടെ ബിസിനസ്സുകള്‍.  റോബര്‍ട്ട് വദ്രയുമായുള്ള ബന്ധത്തിന്‍റെ പേരിൽ മുമ്പും എന്‍ഫോഴ്സ്മെന്‍റ് തമ്പിയെ ചോദ്യം ചെയ്തിരുന്നു. 

അതീവ രഹസ്യമായി ആയിരുന്നു സി സി തമ്പിയെ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിലെടുത്തത്. വെള്ളിയാഴ്ച്ച ദില്ലിയിൽ വിളിച്ചുവരുത്തിയ തമ്പിയെ കസ്റ്റഡിയിലെടുക്കുന്നതായി ഉദ്യോഗസ്ഥർ അറിയിക്കുകയായിരുന്നു. തുടർന്ന് കോടതിയിൽ ഹാജരാക്കി തമ്പിയെ മൂന്നു ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങി. അറസ്റ് ചെയ്ത മൂന്നാം ദിവസമാണ് വിവരം മാധ്യമങ്ങളെ  അറിയിച്ചത്. 


 

Follow Us:
Download App:
  • android
  • ios