Asianet News MalayalamAsianet News Malayalam

ദില്ലി തെരഞ്ഞെടുപ്പിനെ ഇന്ത്യ-പാക് ഏറ്റുമുട്ടലാക്കി; ബിജെപി സ്ഥാനാര്‍ത്ഥിക്ക് പ്രചാരണവിലക്ക്

പൗരത്വനിയമ ഭേദഗതിക്കെതിരായി നടക്കുന്ന പ്രതിഷേധങ്ങളെക്കുറിച്ചുള്ള ട്വീറ്റില്‍ 'മിനി പാക്കിസ്ഥാന്‍' എന്ന് കപില്‍ മിശ്ര പ്രയോഗിച്ചിരുന്നു. ഇത് എതിര്‍ക്കേണ്ടതാണെന്നും നീക്കം ചെയ്യണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു

election commission imposes 48-hour campaigning ban to kapil mishra
Author
Delhi, First Published Jan 25, 2020, 6:46 PM IST

ദില്ലി: ദില്ലി നിയമസഭ തെര‍ഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി കപില്‍ മിശ്രയ്ക്ക് 48 മണിക്കൂര്‍ പ്രചാരണവിലക്ക് ഏര്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ശനിയാഴ്ച അഞ്ച് മണി മുതല്‍ 48 മണിക്കൂര്‍ ആണ് വിലക്ക് വന്നിരിക്കുന്നത്. വ്യത്യസ്ത വിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ദ്ദ സൃഷ്ടിക്കുന്ന തരത്തിലുള്ള ട്വീറ്റ് വിവാദമായതിന് പിന്നാലെയാണ് കപില്‍ മിശ്രയ്ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിച്ചിരിക്കുന്നത്.

ആം ആദ്മി നേതാവും കേജ്‍രിവാള്‍ സര്‍ക്കാരില്‍ മന്ത്രിയുമായിരുന്ന കപില്‍ കഴിഞ്ഞ ഓഗസ്റ്റിലാണ് ബിജെപിയില്‍ എത്തിയത്. നേരത്തെ, കപിലിന്‍റെ മതസ്പര്‍ദ്ദ വളര്‍ത്തുന്ന ട്വീറ്റിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്ത് വന്നിരുന്നു. ട്വീറ്റ് നീക്കം ചെയ്യണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടു.

പൗരത്വനിയമ ഭേദഗതിക്കെതിരായി നടക്കുന്ന പ്രതിഷേധങ്ങളെക്കുറിച്ചുള്ള ട്വീറ്റില്‍ 'മിനി പാക്കിസ്ഥാന്‍' എന്ന് കപില്‍ മിശ്ര പ്രയോഗിച്ചിരുന്നു. ഇത് എതിര്‍ക്കേണ്ടതാണെന്നും നീക്കം ചെയ്യണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം നടക്കുന്ന ഷഹീന്‍ ബാഘ് പാക്കിസ്ഥാനിലേക്കുള്ള പ്രവേശന കവാടമാണെന്നായിരുന്നു ട്വീറ്റില്‍ പറഞ്ഞിരുന്നത്. മറ്റൊരു ട്വീറ്റില്‍ ദില്ലിയില്‍ ഫെബ്രുവരി എട്ടിന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് ഇന്ത്യ-പാകിസ്ഥാന്‍ ഏറ്റുമുട്ടലാണെന്നും കപില്‍ മിശ്ര കുറിച്ചിരുന്നു.

തെരഞ്ഞെടുപ്പ് ചട്ടം നിലനില്‍ക്കുന്നതിനാല്‍ സംഭവത്തില്‍ ഇടപെട്ട തെരഞ്ഞെടുപ്പ് കമ്മീഷന്‍ മിശ്രയക്ക് നോട്ടീസ് നല്‍കുകയും വിശദീകരണം നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. നോട്ടീസ് ലഭിച്ചുവെന്നും തന്‍റെ വാക്കുകളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നുമായിരുന്നു ഇതിനോട് മിശ്രയുടെ പ്രതികരണം. മോഡല്‍ ടൗണില്‍ നിന്നാണ് മിശ്ര മത്സരിക്കുന്നത്.

Follow Us:
Download App:
  • android
  • ios