ദില്ലി: ഞായറാഴ്ച രാത്രി എല്ലാവരും വീടുകളില്‍ പ്രകാശം തെളിയിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തില്‍ പരിഹാസവുമായി മുന്‍ ഐ എ എസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്റെ ട്വീറ്റ്. പ്രധാനമന്ത്രിയുടേക് എക്‌സലന്റ് പ്ലാനാണെന്ന് കണ്ണന്‍ ഗോപിനാഥന്‍ പരിഹസിച്ചു. രാജ്യത്ത് ഇതുവരെ ടോര്‍ച്ചിനും ബാറ്ററിക്കും മെഴുകുതിരക്കും ക്ഷാമമുണ്ടായിട്ടില്ലെന്നും ഇനി അതുണ്ടാകുമെന്നും കണ്ണന്‍ ഗോപിനാഥന്‍ ട്വീറ്റില്‍ വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് മുമ്പും കണ്ണന്‍ ഗോപിനാഥന്‍ പരിഹസിച്ച് ട്വീറ്റ് ചെയ്തു. 

ഏപ്രില്‍ അഞ്ച് ഞായറാഴ്ച രാത്രി 9 മണിക്ക് 9 മിനിറ്റ് നേരം വീട്ടിലെ ലൈറ്റണച്ച് ടോര്‍ച്ച്, മൊബൈല്‍ ലൈറ്റ് എന്നിവ പ്രകാശിപ്പിക്കണമെന്നായിരുന്നു മോദിയുടെ രാജ്യത്തോടുള്ള ആഹ്വാനം. ലോക്ക് ഡൗണുമായി സഹകരിക്കുന്ന ജനങ്ങള്‍ക്ക് മോദി നന്ദി പറഞ്ഞു.  ഞായറാഴ്ച 9ന് രാജ്യത്തെ 130 കോടി ജനങ്ങള്‍ വീട്ടിലെ ലൈറ്റുകള്‍ അണച്ച് ലൈറ്റുകള്‍ പ്രകാശിപ്പിക്കണമെന്നും ഇതുവഴി ആരും ഒറ്റക്കല്ല എന്ന സന്ദേശം നല്‍കണമെന്നും കൊവിഡ് ഭീതിയുടെ ഇരുട്ടകറ്റണമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.