Asianet News MalayalamAsianet News Malayalam

ന്യൂനപക്ഷങ്ങള്‍ക്ക് സാമ്പത്തിക സഹായം പാടില്ലെന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി: ഭരണഘടന ബെഞ്ച് പരിഗണിക്കണമെന്ന് കേന്ദ്രം

കേസ് മൂന്നംഗ ബെഞ്ച് പരിഗണിക്കുമെന്നും ആവശ്യമെങ്കില്‍ വിപുലീകരിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. 

Financial aid to Minorities: Center wants PIL refer larger bench
Author
New Delhi, First Published Jan 21, 2020, 9:45 AM IST

ദില്ലി: രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ നിയമം വഴി നല്‍കുന്ന 4,700 കോടി രൂപയുടെ സാമ്പത്തിക സഹായത്തെ ചോദ്യം ചെയ്ത് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി വിശാല ബെഞ്ച് പരിഗണിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ നിന്നുള്ള അഞ്ച് പേരാണ് ഹര്‍ജി നല്‍കിയത്. 2019-20 ബജറ്റില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായി 4,700 കോടി രൂപ മാറ്റിവെച്ചത് ഹിന്ദു വിഭാഗത്തോട് ചെയ്യുന്ന വിവേചനമാണെന്ന് ഹര്‍ജിയില്‍ പറയുന്നു. ഹരിശങ്കര്‍ ജെയിനാണ് പരാതിക്കാര്‍ക്ക് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായത്. 

സ്കോളര്‍ഷിപ്പ് അടക്കമുള്ള പദ്ധതികളിലൂടെ വഖഫ് ബോര്‍ഡിനും വഖഫ് സ്വത്തുകള്‍ക്കും കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കുന്നു. അതേസമയം, ഹിന്ദു സമുദായത്തിനും ഹിന്ദു സ്ഥാപനങ്ങള്‍ക്കും സാമ്പത്തിക സഹായം നല്‍കുന്നില്ല. ഇത് മതേതരത്വം, തുല്യത എന്നിവയുടെ ലംഘനമാണെന്ന് ഹരിശങ്കര്‍ ജെയിന്‍ കോടതിയില്‍ വാദിച്ചു. ആര്‍ എഫ് നരിമാന്‍, എസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി കേട്ടത്. 

നിയമപരമായി പ്രസക്തയിയുള്ള ചോദ്യമാണ് ഹര്‍ജിക്കാര്‍ ഉന്നയിച്ചതെന്ന് അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി. അഞ്ചംഗ ഭരണഘടന ബെഞ്ച് ഹര്‍ജി പരിഗണിക്കണമെന്നും നാലഴ്ചക്കുള്ളില്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് കോടതിയെ അറിയിക്കുമെന്നും അദ്ദേഹം അറിയിച്ചു. കേസ് മൂന്നംഗ ബെഞ്ച് പരിഗണിക്കുമെന്നും ആവശ്യമെങ്കില്‍ വിപുലീകരിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. 

നോട്ടിഫൈ ചെയ്തിട്ടുള്ള ന്യൂനപക്ഷ വിഭാഗങ്ങളെ സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നാക്കക്കാരാണെന്ന് പ്രഖ്യാപിച്ചിട്ടില്ലെന്നും ഇവര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കുന്നത് ഭരണഘടനാവിരുദ്ധമാണെന്നുമാണ് ഹര്‍ജിക്കാര്‍ വാദിച്ചത്. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായി 14 പദ്ധതികളാണ് പ്രഖ്യാപിച്ചത്. ഇതില്‍ ഏറെയും മുസ്ലിം സമുദായത്തിന് ഗുണം ലഭിക്കുന്നതായിരുന്നു. 

ന്യൂനപക്ഷ വിഭാഗങ്ങളിലെ ചിലര്‍ക്ക് മാത്രമാണ് പദ്ധതികള്‍കൊണ്ട് ഗുണം ലഭിക്കുന്നത്. ഭൂരിഭാഗം പേര്‍ക്കും പദ്ധതി ഗുണം ലഭിക്കുന്നില്ല. ഒരു രാജ്യത്തിന് ജനതയെ ഭൂരിപക്ഷമെന്നും ന്യൂനപക്ഷമെന്നും പറഞ്ഞ് വേര്‍തിരിക്കാനാകില്ല. മതന്യൂനപക്ഷങ്ങളെ പ്രത്യേക വിഭാഗമായി വേര്‍തിരിക്കാനാകില്ലെന്നും ആര്‍ട്ടിക്കിള്‍ 30നെ മറികടന്ന് ന്യൂനപക്ഷങ്ങള്‍ക്കായി പ്രത്യേക നിയമനിര്‍മാണത്തിന് സാധ്യമല്ലെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. 

Follow Us:
Download App:
  • android
  • ios